- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സമീപകാലത്തെ അതിക്രമങ്ങളിൽ ഞാൻ അസ്വസ്ഥയായിരുന്നു'; സംസാരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെയെന്നും വനിതാ കമ്മീഷൻ അധ്യക്ഷ; സിപിഎമ്മിലും അതൃപ്തി പുകഞ്ഞതോടെ ഖേദപ്രകടനം; മുഖ്യമന്ത്രി ഇടപെടുമെന്ന് വ്യക്തമായതോടെ കസേര നിലനിർത്താൻ ജോസഫൈൻ
തിരുവനന്തപുരം: ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയതിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. പെൺകുട്ടിയോട് സംസാരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് എന്നാണ് ജോസഫൈന്റെ വിശദീകരണം.'എന്താണ് പൊലീസിൽ പരാതി നൽകാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാൻ പെൺകുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെൺകുട്ടികൾ സധൈര്യം പരാതിപ്പെടാൻ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്. എന്നാൽ പിന്നീട് ചിന്തിച്ചപ്പോൾ ഞാൻ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു.ആ സഹോദരിക്ക് എന്റെ വാക്കുകൾ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ എന്റെ പരാമർശത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.'-ജോസഫൈൻ പ്രസ്താവനയിൽ പറഞ്ഞു.
പരിപാടിയിൽ പരാതിയുന്നയിച്ച യുവതിയോട് പൊലീസ് സ്റ്റേഷനിൽ സമീപിച്ചിരുന്നോ എന്നായിരുന്നു ജോസഫൈന്റെ ചോദ്യം. ഇല്ലെന്ന് മറുടപടി നൽകിയ സ്ത്രീയോട് എന്നാൽ അനുഭവിച്ചോ എന്നായിരുന്നു ജോസഫൈന്റെ മറുപടി. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെ താൻ അത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടില്ലെന്ന് ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.എന്നാൽ ഭരണമുന്നണിയിലെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് ഉൾപ്പെടെ ജോസഫൈനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും, സിപിഎമ്മിൽ തന്നെ വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഖേദം പ്രകടിപ്പിച്ച് ജോസഫൈൻ രംഗത്തുവന്നിരിക്കുന്നത്.
പരാമർശം വിവാദമായതിന് ശേഷം മാധ്യമങ്ങളോട് നടത്തിയ ആദ്യ പ്രതികരണത്തിൽ പരാതിക്കാരിയോട് മോശമായി പ്രതികരിച്ചിട്ടില്ലെന്നായിരുന്നു ജോസഫൈൻ വിശദീകരിച്ചത്. വിവിധ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ നിന്നുള്ള പ്രതിഷേധം കനക്കുന്നതിനിടയിലായിരുന്നു ആദ്യ പ്രതികരണം. എന്നാൽ പരാമർശത്തിൽ സിപിഐഎമ്മിനും അതൃപ്തിയുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നയം മാറ്റി. തന്റെ വാക്കുകൾ പരാതിക്കാരിക്ക് മുറിവേൽപ്പിച്ചുവെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേർന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായേക്കുമെന്ന റിപ്പോർട്ടുകളാണെന്നും സൂചനയുണ്ട്.
ജോസഫൈന്റെ പ്രസ്താവന:
ഞാൻ മനോരമ ഇന്നലെ ഒരു ടെലിഫോൺ അഭിമുഖത്തിൽ പങ്കെടുക്കുകയുണ്ടായി. സമീപകാലത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും അത്രിക്രമങ്ങളിലും ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഞാൻ അസ്വസ്ഥയായിരുന്നു. ഇന്നലെ മനോരമ ചാനലിൽ നിന്ന് എന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പ്രതികരണം നടത്താമോ എന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തിരക്കുള്ള ദിവസം ആയിരുന്നതിനാലും എനിക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാലും ഞാൻ ചർച്ചയ്ക്ക് വരുന്നില്ല എന്ന പറഞ്ഞിരുന്നതാണ്. എന്നാൽ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയം ആണെന്നതും വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം ഈ ഘട്ടത്തിൽ അനിവാര്യമാണെന്നും പറഞ്ഞതോടെ ഞാൻ ചാനലിലെ പരിപാടിക്ക് ചെല്ലാം എന്ന് അറിയിക്കുകയായിരുന്നു. എന്നാൽ അവിടെ ചെന്ന ശേഷം ആണ് അതൊരു ടെലിഫോൺ വഴി പരാതികേൾക്കുന്ന തരത്തിലാണ് അതിന്റെ ക്രമീകരണം എന്ന് മനസ്സിലായത്.
നിരവധി പരാതിക്കാർ ആ പരിപാടിയിലേക്ക് ഫോൺ ചെയ്യുകയുണ്ടായി. ടെലിഫോൺ അഭിമുഖത്തിനിടയിൽ എറണാകുളം സ്വദേശിനിയായ സഹോദരി എന്നെ ഫോണിൽ വിളിച്ച് അവരുടെ ഒരു കുടുംബപ്രശ്‌നം പറയുകയുണ്ടായി. അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാൽ എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ആ ഘട്ടത്തിൽ അവരോട് അല്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പൊലീസിൽ പരാതി നൽകാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാൻ പെൺകുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെൺകുട്ടികൾ സധൈര്യം പരാതിപ്പെടാൻ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്. എന്നാൽ പിന്നീട് ചിന്തിച്ചപ്പോൾ ഞാൻ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകൾ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ എന്റെ പരാമർശത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.
ആദ്യ വിശദീകരണത്തിൽ തട്ടിക്കയറി
വിഷയത്തിൽ ആദ്യം നടത്തിയ വിശദീകരണത്തിൽ താൻ നടത്തിയ പരാമർശത്തെ ന്യായീകരിക്കുകയാണ് എംസി ജോസഫൈൻ ചെയ്തത്. മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു.
'ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരായാണ് മുന്നോട്ട് പോവുന്നത്. കാരണം അത്രയും സ്ത്രീകളാണ് ഓരോ ദിവസും വിളിക്കുന്നത്. അപ്പോൾ ചില സ്ത്രീകളോട് അങ്ങോട്ട് കാര്യങ്ങൾ പറഞ്ഞാൽ അത് കേൾക്കാൻ തയ്യാറാവില്ല. ഒരു സ്ത്രീ അസഹ്യമായ അനുഭവം ഉണ്ടായാൽ അവിടെയൊക്കെ പെട്ടന്ന് ഓടിയെത്താൻ വനിതാ കമ്മീഷന് കഴിയില്ല. അതിനാൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പറയും. സാധാരണക്കാരാണെങ്കിലും യഥാവിധി അല്ല കാര്യങ്ങൾ മനസ്സിലാക്കുന്നതും പ്രതികരിക്കുന്നതും. അപ്പോൾ ഉറച്ച ഭാഷയിൽ സംസാരിക്കേണ്ടി വരും. ബോൾഡായൊക്കെ സംസാരിക്കേണ്ട സാഹചര്യം വരും.' എന്നായിരുന്നു ആദ്യ പ്രതികരണം.
ചാനൽ ചർച്ചയിൽ അപര്യാതയോടെ പെരുമാറ്റം
എറണാകുളം സ്വദേശി ലെബിനെയോടാണ് ജോസഫൈൻ ചാനൽ ചർച്ചക്കിടെ അപമര്യാദയായി പെരുമാറിയത്. തനിക്ക് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താൻ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കിൽ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കിൽ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാൾ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.' എന്നും എംസി ജോസഫൈൻ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്