- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ പുരാണം കേൾക്കാൻ സമയില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈൻ; ഭർത്താവിന്റെ വിവാഹ തട്ടിപ്പു പറഞ്ഞ കൊല്ലംകാരിക്കും നേരിടേണ്ടി വന്നത് അപാമനം; വനിതാ കമ്മീഷൻ അധ്യക്ഷയെ കുരുക്കിലാക്കി മറ്റൊരു ശബ്ദരേഖയും; ജോസഫൈൻ വിശ്വാസം തകർത്തെന്ന് വിഡി സതീശനും
കോഴിക്കോട്: വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ഊരാക്കുടുക്കിൽ. അനുഭവിച്ചോളാനുള്ള ഉപദേശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു പരാതിക്കാരിയോട് കയർത്ത് സംസാരിക്കുന്ന ശബ്ദരേഖ കൂടി പുറത്ത്. വിവാഹ തട്ടിപ്പുകാരനായ ഭർത്താവിൽനിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിത കമ്മീഷൻ അധ്യക്ഷയെ വിളിച്ച കൊല്ലം സ്വദേശിനിയാണ് ശബ്ദരേഖയുമായി രംഗത്ത് വന്നത്.
തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭർത്താവിനെതിരേ ആയിരുന്നു യുവതിയുടെ പരാതി. എന്നാൽ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേൾക്കാൻ സമയില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈൻ പറഞ്ഞു.രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച് ഇയാൾ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറഞ്ഞു. തുടർന്നാണ് നിങ്ങളെയാണ് അടിക്കേണ്ടതെന്നും പുരാണം കേൾക്കാൻ സമയമില്ലെന്നും വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈൻ ചോദിച്ചത്.
മനോരമ ചാനലിൽ പരാതി പറയാൻ വിളിച്ച മറ്റൊരു സ്ത്രീയോട് എന്നാ പിന്നെ അനുഭവിച്ചോയെന്നു പറയുകയും കയർത്ത് സംസാരിക്കുകയും ചെയ്തത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊല്ലത്തെ യുവതിയും പരാതിയുമായി രംഗത്തു വന്നത്. ഈ യുവതിയുടെ ഭർത്താവ് 2012ൽ തന്നെ മറ്റൊരു വിവാഹം ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെയാണ് താൻ തട്ടിപ്പിന് ഇരയായെന്ന് ഇവർ മനസ്സിലാക്കിയത്. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്. എന്നാൽ മറുപടി കടുത്തതായിരുന്നു.
അനുഭവിച്ചോളാനുള്ള മനോരമ ചാനലിലെ ഉപദേശം ഏറെ പ്രതിഷേധമായി മാറിയിരുന്നു. യുവജനസംഘടനകളും പ്രതിപക്ഷ വനിതാ സംഘടനകളും ജോസഫൈനെതിരെ പ്രതിഷേധവുമായി റോഡിലിറങ്ങി. എകെജി സെന്ററിന് മുന്നിൽ പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞു. മഹിളാ കോൺഗ്രസ് പ്രവർത്തകർ എകെജി സെന്ററിനടുത്തേക്ക് പ്രതിഷേധവുമായി എത്തി. വനിതാകമ്മീഷൻ ഓഫീസിനു മുന്നിൽ മഹിളാമോർച്ച പ്രതിഷേധിച്ചു. ഇതിനിടെയാണ് കൊല്ലത്തെ യുവതിയുടെ പുതിയ വെളിപ്പെടുത്തലും എത്തുന്നത്. ഇനി വനിതാ കമ്മീഷനെ മാറ്റണമെന്ന ആവശ്യത്തിൽ സർക്കാർ എന്തു തീരുമാനം എടുക്കുമെന്നതാണ് നിർണ്ണായകം.
അതിനിടെ പെൺകുട്ടികൾക്ക് അപകടം വന്നാൽ ചേർത്തു നിർത്താൻ കാബിനറ്റ് പദവിയുള്ള ഒരു സംവിധാനം ഉണ്ടെന്ന വിശ്വാസം വനിതാ കമ്മിഷൻ അധ്യക്ഷ തകർത്തെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. എന്തു കൊണ്ടാണു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ ഇത്തരത്തിൽ പ്രതികരിച്ചതെന്നു മനസിലാകുന്നില്ല. വിചിത്രമായി തോന്നുന്നു. ഒരുപാടു പെൺകുട്ടികൾക്കു കരുത്താകേണ്ട രാഷ്ട്രീയ പ്രവർത്തകയും പൊതുപ്രവർത്തകയുമായ ജോസഫൈനിൽ നിന്നു ഇത്തരത്തിൽ ഒരു പ്രസ്താവന ഉണ്ടായത് ദൗർഭാഗ്യകരമാണെന്നും സതീശൻ പറഞ്ഞു.
അവരോട് ദേഷ്യമല്ല, സഹതാപമാണ് തോന്നുന്നതെന്നും സതീശൻ പറഞ്ഞു. കൊല്ലം നിലമേലിൽ വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുനാടന് മലയാളി ബ്യൂറോ