തിരുവനന്തപുരം: എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു. ജോസഫൈനെ സംരക്ഷിച്ചാൽ പ്രതിപക്ഷം നേട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുത്തതാണ് ഇതിന് കാരണം. കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഷൈൻ ചെയ്യാൻ അവസരം കൊടുക്കുന്നതിന് താൽപ്പര്യമില്ലെന്നതും തീരുമാനത്തെ സ്വാധീനിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ കേന്ദ്ര കമ്മറ്റി അംഗത്തിന് നിർദ്ദേശം സിപിഎം നൽകി. ഇതനുസരിച്ച് ജോസഫൈൻ രാജി നൽകുകയായിരുന്നു.

പ്രതിഷേധങ്ങൾ മുഖവിലയ്‌ക്കെടുത്താണ് പാർട്ടി തീരുമാനം. രാജിയോടെ വിവാദം കെട്ടടങ്ങുമെന്നാണ് സിപിഎം വിലയിരുത്തൽ. വനിതാ കമ്മീഷൻ അധ്യക്ഷയായി ജോസഫൈൻ തുടരുന്നിടത്തോളം അവരെ വഴിയിൽ തടയുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇന്ന് എകെജി സെന്ററിന് മുമ്പിൽ പോലും കോൺഗ്രസ് പ്രതിഷേധം നടത്തി. കേരളത്തിലുടനീളം പ്രതിഷേധവും ശക്തമായി. ഈ സാഹചര്യമാണ് സിപിഎം സെക്രട്ടറിയേറ്റ് പരിശോധിച്ചത്. ജോസഫൈനെതിരെ സെക്രട്ടറിയേറ്റിലും അതിശക്തമായ വികാരം ഉയർന്നു.

ഇതിനിടെ കൊല്ലത്തെ യുവതിയോട് മോശമായി സംസാരിക്കുന്ന ജോസഫൈന്റെ ശബ്ദരേഖയും പുറത്തു വന്നു. ഇതും സിപിഎം പരിഗണിച്ചു. മുമ്പും പല വിവാദവും ഉണ്ടായി. ഇതെല്ലാം പരിഗണിച്ചാണ് ജോസഫൈനോട് സിപിഎം രാജി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ജോസഫൈനെ എല്ലാ അർത്ഥത്തിലും തള്ളി പറഞ്ഞു. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആക്ടിങ് സെക്രട്ടറി എ വിജയരാഘവും രാജി അനിവാര്യമാണെന്ന നിലപാട് എടുത്തു. ഇതാണ് ജോസഫൈന് രാജിയിലേക്ക് തീരുമാനം എടുക്കേണ്ടി വന്നത്.

ജോസഫൈന്റെ വാക്കുകളെ സമർത്ഥമായി ഉപയോഗിച്ച് കോൺഗ്രസ് പ്രതിഷേധത്തിലൂടെ നേട്ടമുണ്ടാക്കുമെന്ന് സിപിഎം വിലയിരുത്തി. ഇടതുപക്ഷ അനുഭാവികൾ പോലും ജോസഫൈനെ തള്ളി പറഞ്ഞു. ജോസഫൈൻ മാപ്പു പറഞ്ഞിട്ടും പ്രതിഷേധം കുറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗമാണ് ജോസഫൈൻ. ഉടൻ വനിതാ കമ്മീഷനെ ഇടതു സർക്കാർ പുനഃസംഘടിപ്പിക്കയും ചെയ്യും. ഇതിലും താമസിയാതെ തീരുമാനം എടുക്കും.

ഇപി ജയരാജൻ അടക്കമുള്ള കണ്ണൂർ നേതാക്കളും സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനം ഉയർത്തി. പദവിയുടെ മഹത്വം മറന്ന് പ്രതികരിച്ചുവെന്ന് ഇപിയും കുറ്റപ്പെടുത്തി. ഇതെല്ലാം പരിഗണിച്ചാണ് ജോസഫൈന് രാജിവയ്‌ക്കേണ്ട സാഹചര്യത്തിൽ ചർച്ച എത്തിയത്. വളരെ വിശദമായി തന്നെ ഇക്കാര്യം പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. വലിയ തെറ്റാണ് ജോസഫൈൻ ഉണ്ടാക്കിയതെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

ചാനൽ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാകമ്മിഷൻ അധ്യക്ഷ അനുഭവിച്ചോ എന്ന തരത്തിൽ മോശമായി സംസാരിച്ചെന്ന് പരാതി ഉയർന്നിരുന്നു. മനോരമ ചാനലിന്റെ തത്സമയ ഫോൺ ഇൻ പരിപാടിയിൽ, ഗാർഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു. പൊലീസിൽ പരാതിപ്പെട്ടോയെന്ന് അവർ പരാതിക്കാരിയോട് തിരിച്ചുചോദിച്ചു. ഇല്ലെന്നുപറഞ്ഞ യുവതിയോട് ഇല്ലെങ്കിൽ അനുഭവിച്ചോയെന്നാണ് ജോസഫൈൻ പറഞ്ഞത്. ഈ പ്രതികരണത്തിനെതിരേ സിപിഎം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തി.

സംഭവം വിവാദമായപ്പോൾ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചെങ്കിലും പരാതിക്കാരോടുള്ള ജോസഫൈന്റെ അനുഭാവപൂർണമാല്ലാത്ത പെരുമാറ്റത്തിനെതിരേ നിരവധി വിമർശനങ്ങൾ ഉയർന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രമുഖരുൾപ്പടെയുള്ളവർ ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സിപിഎം സഹയാത്രികരായുള്ളവർ അടക്കം ജോസഫൈനെതിരെ രംഗത്തുവന്നിരുന്നു. വിഷയം ചർച്ചചെയ്യാൻ ഇന്ന് ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശമാണ് ജോസഫൈനെതിരെയുണ്ടായത്.