തൃശൂർ : പരാധീനത പറഞ്ഞ് പരാശ്രയത്തിന് നിക്കാതെ സ്വന്തം കാലിൽ നിന്ന് നൃത്തം പഠിച്ച് ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിലെതാരമായ ഒരു കുട്ടിയുണ്ട്. ഇടുക്കി ശാന്തിഗ്രാം ഗവ. എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജോസ്നാ ജോർജിന്റെ ജീവിതം ഒരു സിനിമക്കും അപ്പുറമാണ്. കുഞ്ഞുനാൾ മുതൽ നർത്തകിയാവാനായിരുന്നു ജോസ്‌നയുടെ ആഗ്രഹം.

അച്ഛൻ ജയൻ സെബാസ്റ്റ്യനും അമ്മ ജെസിയും മകളുടെ മനസറിഞ്ഞ് അവളെ നൃത്തം പഠിപ്പിച്ചു. പക്ഷേ, ചെലവുകൾ കൂടിയതോടെ അതിന് ആവതില്ലാതായി. മൂന്നു സെന്റിലെ വീട് പുലർത്താൻ കൂലിപ്പണിയെടുക്കുന്ന അവർ എന്തുചെയ്യാൻ മാതാപിതാക്കളുടെ പ്രാരബ്ധമറിയാമെങ്കിലും നൃത്തോപാസന കൈവിടാൻ ജോസ്ന ഒരുക്കമായിരുന്നില്ല.

ഒടുവിൽ ലാൽ ജോസ് സിനിമയായ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലെ നായിക ജയശ്രീയെപ്പോലെ വീടിനടുത്തുള്ള റിസോർട്ടുകളിൽ നൃത്തമാടിയാണ് താരം തന്റെ നൃത്തത്തിന് വേണ്ടിയുള്ള ചെലവ് കണ്ടെത്തുന്നത്. സൗജന്യമായി നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ ഗുരുക്കന്മാരോട് അവൾ തലയുയർത്തി പറഞ്ഞു: 'മാഷേ, ഫീസ് ഞാൻ തരും'. പരാധീനത പറഞ്ഞ് പരാശ്രയത്തിന് അവൾ തയാറല്ലായിരുന്നു.. പ്രതിദിനം 250 രൂപ പ്രതിഫലം വാങ്ങിയും അതിഥികൾ മനസറിഞ്ഞു തരുന്നതും സ്വരുക്കൂട്ടിവച്ച് അവൾ നൃത്തം പഠിച്ചു. കലോത്സവത്തിൽ പങ്കെടുക്കാൻ വേഷവിധാനങ്ങൾ വാങ്ങി. ഇന്നലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഭരതനാട്യവേദിയിലും അവൾ നിറഞ്ഞാടി.