തിരുവനന്തപുരം: മംഗളം ചാനൽ ആരംഭിച്ചത് കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ്. ഉന്നയിച്ചത് സംസ്ഥാനത്തെ പ്രമുഖ മന്ത്രിക്കെതിരേ ലൈംഗിക ആരോപണം. മണിക്കൂറുകൾക്കകം മന്ത്രിയുടെ രാജി. ഒരു ചാനൽ തുടങ്ങി ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്കകം ഒരു മന്ത്രിയെക്കൊണ്ട് രാജിവയ്‌പ്പിക്കുകയെന്നത് ഇന്ത്യയിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. മാധ്യമപ്രവർത്തനത്തിന്റെ ശക്തി എന്തെന്നു കാട്ടുന്ന ഈ ഏട് ഒരിക്കലും വിസ്മരിക്കാവുന്നതല്ല.

എന്നാൽ മംഗളം ചാനലിന്റെ റിപ്പോർട്ടിനെതിരേ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകർ തന്നെ. യാതൊരുവിധ മാധ്യമ ധർമ്മവും പുലർത്താത്ത പ്രവർത്തിയാണ് മംഗളം ചാനലിൽനിന്ന് ഉണ്ടായതെന്ന് ടെലിവിഷൻ ചാലുകളിലൂടെ നമുക്കെല്ലാം സുപരിചിതരായ വാർത്താ അവതാരകരും റിപ്പോർട്ടർമാരും പറയുന്നു. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, മീഡിയ വൺ തുടങ്ങി എല്ലാവിധ പ്രമുഖ ചാനലുകളിലെയും പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

കേരളം മുഴുവൻ സ്ത്രീസുരക്ഷ ചർച്ച ചെയ്യുന്ന സമയത്തുകൂടിയാണ് മംഗളം ചാനൽ കേരളം ഭരിക്കുന്ന വയോധികനായ മന്ത്രിയുടെ അറപ്പുളവാക്കുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിടുന്നത്. മാധ്യമ ധർമ്മത്തിന്റെ പേരിൽ മംഗളത്തെ വിമർശിച്ച മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെല്ലാം ഈ വാർത്ത ഏറ്റെടുത്തു. എന്നാൽ ഇന്ന് പുതുതായി തുടങ്ങിയ ചാനലാണ് ഈ പ്രധാന വാർത്ത വാർത്ത പുറത്തുവിട്ടത് എന്നു പറയാനുള്ള മര്യാദപോലും മറ്റു ചാനലുകൾ കാട്ടിയില്ല. പകരം എല്ലാവരും ഇത് ഞങ്ങളുടെ വാർത്ത എന്ന രീതിയിൽ തന്നെ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

സരിത വിഷയത്തിലടക്കം മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായ ആഘോഷങ്ങൾ ഈ സമയത്ത് നമുക്ക് ഓർത്തെടുക്കാവുന്നതാണ്. അതുപോല തന്നെ ജോസ് തെറ്റയിലെതിരേ യുവതി ഉന്നയിച്ച ലൈംഗിക ആരോപണത്തിന്റെ വീഡിയോ പുറത്തായ സംഭവവും. അക്കാലത്തൊന്നും ഉയർന്നുവരാത്ത ധാർമിക ബോധം ഇപ്പോൾ ചില മാധ്യമപ്രവർത്തകർക്ക് ഉണ്ടായിരിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഇക്കാര്യത്തിൽ മറുപടി ഇല്ലെന്ന് മംഗളം ചാനൽ വ്യക്തമാക്കുന്നത്.

പ്രമുഖ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ നടത്തിയ വിമർശനങ്ങൾ ഇങ്ങനെ 

ഇതാണ് ജേർണസിലമെങ്കിൽ ഈ പണി നിർത്താൻ സമയമായി

മാധ്യമരംഗത്തെ വാർത്താ അവതാരകരിൽ പ്രമുഖനാണ് ഹർഷൻ പൂപ്പാറക്കാൻ. മാതൃഭൂമി ന്യൂസിലെ ഈ മുതിർന്ന മാധ്യമപ്രവർത്തകർ ഏറ്റവും കടുത്ത ഭാഷയിലാണ് മംഗളം ചാനലിന്റെ റിപ്പോർട്ടിംഗിനെ വിമർശിച്ചിരിക്കുന്നത്. ഇതാണ് മാധ്യമ പ്രവർത്തനമെങ്കിൽ ഈ പണി നിർത്താൻ സയമയായി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മംഗളത്തിന്റെ റിപ്പോർട്ടോടെ ഈ തോന്നൽ ഉറച്ചതായും അദ്ദേഹം പറയുന്നു. ഇപ്പോ ശശീന്ദ്രന്റെ മുന്നിലിരിക്കുന്ന ചിലരാണത്രേ 'പരമ മാന്യന്മാർ' എന്നും ഹർഷൻ വീണ്ടും പോസ്റ്റ് ഇട്ടിട്ടുണ്ട്.

കമ്പിപുസ്തകം തോൽക്കും

മംഗളത്തെ മാത്രമല്ല, മംഗളത്തിന്റെ റിപ്പോർട്ട് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത എല്ലാവരെയും അടച്ചാക്ഷേപിച്ചിരിക്കുകയാണ് ഏഷ്യാനെറ്റിലെ പ്രമുഖ വാർത്താ അവതാരക അപർണ കുറുപ്പ്. ജേർണലിസം ഷോ ബിസിനസ്സ് മാത്രമാകുന്നവർക്ക് നെഗറ്റീവ് പബ്ലിസിറ്റി ആണെലും വലിയ പബ്ലിസിറ്റി തന്നെ, എന്ത് സംശയം ? പിന്നെ എന്തിനു എത്തിക്‌സ് ?
എന്തോന്ന് പത്രധർമ്മം ? കമ്പി പുസ്തകം തോൽക്കുന്ന ഹെഡിങ്ങുമായി ലിങ്ക് ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്ന കേരളത്തിലെ വലിയ വിഭാഗം ഓൺലൈൻ മീഡിയയും , സിഡി , സരിത കഥകൾ കളറടിച്ചും കൊട്ടിഘോഷിച്ചും ആഘോഷിച്ച ന്യൂസ് ചാനലുകളുടെയും ഭാഗമാകാൻ മിനിമം ഇങ്ങനെ തുടങ്ങിയല്ലേ പറ്റൂ എന്നാണ് അപർണ തന്റെ ഫേസ്‌ബുക് പേജിൽ കുറിച്ചത്.

 

ജേർണലിസമല്ല, ക്രൈം

കേരളത്തിന് ഏറെ പരിചതനായ മാധ്യമപ്രവർത്തകൻ സനീഷ് ഇളടയത്തിന്റെ പ്രതികരണം ഇത് ജേർണലിസമല്ല ക്രൈം ആണെന്നായിരുന്നു. തോന്ന്യാസമാണത്, ക്രൈം ആണ്. ജേണലിസമല്ല- എന്നാണ് ന്യൂസ് 18 കേരളം ചാനലിലെ മാധ്യമപ്രവർത്തകൻ കുറിച്ചത്. ഈ പോസ്റ്റിനടിയിൽ വിമർശന കമന്റിട്ടവരെ ബ്ലോക് ഓഫീസിലേക്കു വിടുമെന്നും സനീഷ് മറ്റൊരു പോസ്റ്റിൽ മുന്നറിയിപ്പു നല്കുന്നു. അധികാര ദുർവ്വിനിയോഗം നടത്തി, ഒരു സ്ത്രീയെ ലൈംഗികതയിലേക്ക് പ്രേരിപ്പിച്ചു എന്നാണ് വാർത്തയെങ്കിൽ ആ വാർത്ത ഇങ്ങനെയല്ല കൊടുക്കേണ്ടതെന്ന് സനീഷ് അഭിപ്രായപ്പെടുന്നു.

 

മാധ്യമപ്രവർത്തനമല്ല, അമേധ്യപ്രവർത്തനം

ചാനൽ രംഗത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകനായ പ്രമോദ് രാമനും മംഗളത്തിന്റെ റിപ്പോർട്ടിംഗിനെ നിശിതമായി വിമർശിക്കുന്നു. ഇത് മാധ്യമപ്രവർത്തനമല്ല, അമേധ്യപ്രവർത്തനമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം ഇത് കുശുമ്പു മാത്രമാണെന്നുവരെ പ്രമോദിന്റെ പോസ്റ്റിനു താഴെ പലരും അഭിപ്രായപ്പെടുന്നുണ്ട്. വാർത്ത മനോരമ ചാനലിലായിരുന്നു കിട്ടിയിരുന്നതെങ്കിൽ പൊളിച്ചേനെയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഐഎസ്ആർഒ ചാരക്കേസിൽ മറിയം റഷീദയുടെ അടിവസ്ത്രത്തെപ്പറ്റി മനോരമ പണ്ട് എഴുതിയെടുത്തോളം ഇവിടെ മറ്റൊരു പ്രസിദ്ധീകരണത്തിനും കഴിഞ്ഞിട്ടില്ലെന്നും കമന്റുകളിൽ പറയുന്നു.

 

അശ്ലീലച്ചിരിയോടെ നടത്തുന്ന ക്രിമിനൽ ആക്റ്റിവിറ്റി

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കോപ്പി എഡിറ്ററായ മനില സി. മോഹനും മംഗളത്തെ വിമർശിക്കുന്നതിൽ പിശുക്കു കാണിച്ചിട്ടില്ല. അശ്ലീല ചിരിയോടു നടത്തുന്ന ക്രിമിനൽ ആക്ടിവിറ്റിയാണ് മംഗളം ചാനൽ നടത്തിയിരിക്കുന്നതെന്ന് വനിതാ ജേർണലിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. മന്ത്രിക്കെതിരെയല്ല, ജേണലിസം എന്ന പേരിൽ ക്രിമിനൽ സംപ്രേഷണം നടത്തുന്ന മംഗളം ചാനലിനെതിരെയാണ് നടപടിയെടുക്കേണ്ടത്. വാർത്താവതരണമല്ല ഇത്. അശ്ലീലച്ചിരിയോടെ നടത്തുന്ന ക്രിമിനൽ ആക്റ്റിവിറ്റിയാണ്. മന്ത്രിയല്ല, ചാനലും അവതാരകരും ചേർന്നാണ്
കേരളത്തിലെ മനുഷ്യരെ അപമാനിച്ചുകൊണ്ടിരിക്കുന്നതെന്നും മനില പറയുന്നു.

   

ജുഗുപ്‌സാവഹമായ മാധ്യമപ്രവർത്തനം

അതേസമയം സി.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തിയോ എന്നതിൽ മാത്രമാണു കാര്യമെന്നു മനോരമ ന്യൂസിലെ രാജീവ് മേനോൻ പറയുന്നു. അതോടൊപ്പം മംഗളം നടത്തിയത് ജുഗുപ്‌സാവഹമായ മാധ്യമപ്രവർത്തനമാണെന്നും രാജീവ് അഭിപ്രായപ്പെടുന്നു. മന്ത്രി എന്ന സ്ഥാനം ദുരുപയോഗപ്പെടുത്തിയോ എന്നതാണു കാര്യം. അല്ലെങ്കിൽ അയാളുടെ സ്വകാര്യതയിൽ നമുക്കെന്തു കാര്യം? One thing is sure. Disgusting journalism indeed. - ഇതായിരുന്നു രാജീവ് മേനോന്റെ പ്രതികരണം.

 

ഈശ്വരാ ഭഗവാനെ! പത്രപ്രവർത്തനത്തിനു നല്ലതുമാത്രം വരുത്തണേ: കെ.ജെ. ജേക്കബ്(ഡെക്കാൻ ക്രോണിക്കിൾ)

ജോർജുകുട്ടി C/o ജോർജ്കുട്ടി എന്നൊരു പഴയ സിനിമയുണ്ട്. ആഴ്ചപ്പതിപ്പിൽ തുടരൻ വായിച്ച് അതാണ് ലോകമെന്നു കരുതുന്ന ഒരു പെൺകുട്ടിയുടെ കരളലിയിപ്പിക്കുന്ന കതനകത പറയുന്ന സിനിമ.
അത്തരം ആൺ/പെൺകുട്ടികൾക്കുവേണ്ടി ഇപ്പോൾ ചാനലും തുടങ്ങിയെന്നു കേൾക്കുന്നു.
ഇനി അവരുടെ കതനകതകൾ പറയുന്ന സിൽമകൾ വരട്ടെ.
ഈശ്വരാ ഭഗവാനെ! പത്രപ്രവർത്തനത്തിനു നല്ലതുമാത്രം വരുത്തണേ

സ്ത്രീ പരാതി പറഞ്ഞില്ലെങ്കിൽ ഇക്കേസിൽ മന്ത്രി രാജിവയ്ക്കരുത് എന്നാണ് എന്റെ അഭിപ്രായം.

 

മംഗളം കുമാരന്മാരും ശിവസേനാ മോറൽ പൊലീസുകളും തമ്മിൽ എന്തു വ്യത്യാസം: പ്രവീൺ എസ്.ആർ.പി (ദ് ഹിന്ദു)

മംഗളം കുമാരന്മാരും ശവസേന മോറൽ പൊലീസുകളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഇവന്മാരൊക്കെ ചാനലിൽ ഇരുന്ന് ബഹളം വെക്കുന്നത് കേട്ടാൽ തോന്നും കേരളത്തിൽ ഇന്നേ വരെ ആരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാന്ന്. മലയാളികൾ എല്ലാം മാനത്ത് നിന്ന് പൊട്ടി വീണതാണൊ?
പരാതി ഉണ്ടോ, ഫോഴ്‌സ് ഉണ്ടോ, വേറെ എന്തെങ്കിലും ഫേവറുകൾക്ക് വേണ്ടി ആണോ എന്നൊന്നും തെളിയിക്കാതെ ഈ ഫോൺ സംഭാഷണം വെച്ച് മാത്രം മന്ത്രിയോട് രാജി വെക്കാൻ എൽ.ഡി.എഫ്. പറയരുത്.
പബ്ലിക് ഇന്ററെസ്റ് ഇല്ലാത്ത ഒരു കാര്യത്തിന് വേണ്ടി അനധികൃതമായി ഫോൺ ടാപ്പ് ചെയ്തതിനും മാനനഷ്ടത്തിനും മംഗളം മഞ്ഞ ചാനലിന് എതിരെ കേസ് എടുക്കുകയാണ് വേണ്ടത്. ഇത് മാധ്യമ പ്രവർത്തനം അല്ല മംഗളം കുമാരാ, ഇതിനു പേര് വേറെയാണ്.

ഫയർ മാഗസിനും ക്രൈം മാഗസിനും കൂടി ഓരോ ചാനൽ തുടങ്ങാവുന്നതാണ്, മംഗളം അതിന്റെ പത്രത്തിലെ മഞ്ഞ സ്‌ക്രീനിലും നിലനിർത്തിയ സ്ഥിതിക്ക്. ഫോഴ്‌സ് എന്ന എലമെന്റ് ഇല്ലാത്തിടത്തോളം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ഇത്തരം സംഭാഷണങ്ങളുടെ ക്ലിപ്പുകൾ കൊണ്ട് ഒരാളെ ടാർഗെറ്റ് ചെയ്യുന്നത് തെണ്ടിത്തരം തന്നെയാണ് . മോറൽ പൊലീസുകളുടെ സ്വന്തം നാട്ടിൽ ഇമ്മാതിരി വാർത്തക്ക് നല്ല ചിലവുണ്ടാവും. ഇതിനെ ജേർണലിസം എന്ന് മാത്രം വിളിക്കരുത്.

   

ചീഞ്ഞ മാധ്യമ പ്രവർത്തനം ഇതാദ്യമായല്ല: ധന്യ ഇന്ദു (മനോരമ ന്യൂസ്)

ആരോപണം നിഷേധിച്ചെങ്കിൽ പിന്നെ രാജിയെന്തിന്? ധാർമികതയുടെ പേരിലാണെങ്കിൽ ഭാര്യയെ കൊണ്ട് വാർത്താ സമ്മേളനം നടത്തിക്കരുത് പ്ളീസ്. 3 വർഷങ്ങൾക്കു മുമ്പ് തലയുയർത്താതെ നിന്ന് ഭർത്താവിനെ ന്യായീകരിച്ച ഒരു ജന പ്രതിനിധിയുടെ ഭാര്യയെ കണ്ടതിന്റെ വേദന വീണ്ടും കാണാൻ വയ്യ . മന്ത്രിയാണേലും ആരാണേലും സ്വകാര്യത സ്വകാര്യത തന്നെയാണ്. ആ സ്ത്രീ പരാതിപ്പെടാത്തിടത്തോളം കാലം ശശീന്ദ്രൻ എംഎ‍ൽഎ രാജി വയ്ക്കേണ്ടിയിരുന്നില്ല. പിന്നെ ചീഞ്ഞ മാധ്യമ പ്രവർത്തനം ഇതാദ്യമായല്ലല്ലോ. നമ്പി നാരായണനെയൊക്കെ മറക്കാൻ സമയമായിട്ടില്ല.

അതേസയമം മംഗളത്തിന്റെ റിപ്പോർട്ടിംഗിനെ അഭിനന്ദിച്ചുകൊണ്ടും ഒരുപിടി മാധ്യമപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

മംഗളം മഞ്ഞളമാണെങ്കിൽ മഞ്ഞാഭിമാനിയും മഞ്ഞളിയും ഇവിടെയുണ്ടായിട്ടുണ്ട്: ജാവേദ് പ്രകാശ്

മംഗളം ചാനലിന് അഭിവാദ്യങ്ങൾ. വോയറിസം ചർച്ചയാക്കിയതിന്.
ഇന്നത്തെ ആത്മരോഷം കണ്ടാൽ തിരുവഞ്ചൂർ രാധാകൃഷ്ൺ ഇനി ഒരു നടിയുടെ വീട്ടിൽ പോയി കരിക്കു കുടിച്ചാൽ അശ്ലീലത്തോടെ ആരും വാകാർട്ടൂൺ വരയ്ക്കുകയും തിരഞ്ഞെടുപ്പു പ്രചരണത്തിന് വരെ ആയുധമാക്കുകയും ചെയ്യില്ല. അബ്ദുല്ലക്കുട്ടിയെ സ്ത്രീയുടെ കൂടെ പിടികൂടി എന്ന് ഒരു കോടിയേരി ബാലകൃഷ്ണനും അശ്ലീലച്ചിരിയോടെ നിയമസഭയിൽ ലൈവ് റിപ്പോർട്ടിങ്ങ് നടത്തില്ല. രാജ്‌മോഹൻ ഉണ്ണിത്താനെ സ്ത്രീയ്ക്കൊപ്പം കാണുമ്പോൾ ഒരു ഡിഫിക്കാരനും ചോര തിളക്കില്ല. ഉമ്മൻ ചാണ്ടിയുടെ തീവണ്ടിയാത്രയെ പൊടിപ്പലോടെ എഴുതില്ല.
കേരളത്തിലെ സകലചാനലകളുടെയും പാതിരാത്രിയിലെ ക്രൈം കഥകൾ ഇന്നത്തോടെ നിർത്തുമെന്നറിഞ്ഞതിൽ അതിയായ സന്തോഷം.
മംഗളം മഞ്ഞളമാണെങ്കിൽ മഞ്ഞാഭിമാനിയും മഞ്ഞളിയും ഇവിടെയുണ്ടായിട്ടുണ്ട്.
ആര് ഒടുവിൽ ഇപ്പണി ചെയ്തുവെന്ന് മാത്രമേ ഇവിടെ വിഷയമായിട്ടുള്ളു. അതിനപ്പുറം ഡെക്കഷേൻ വേണ്ട.

 

സരിതയുടെ ബ്ലൂ ഫിലിം കിട്ടാൻ ഓടിയവരാണ് ധാർമിക രോഷം കൊള്ളുന്നത്: ബഷീർ വള്ളിക്കുന്ന്

ഇപ്പോൾ മംഗളത്തിന് നേരെ വാളോങ്ങുന്ന ചാനലുകാരിൽ ചിലരെങ്കിലും ഇത്തരം പോൺ ക്ലിപ്പുകൾ മുമ്പ് ലൈവായി കാണിച്ചവരാണ്. ജോസ് തെറ്റയിലിന്റെ കിടപ്പ് മുറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് അന്ന് മാതൃഭൂമി ചാനൽ ലൈവായി കൊടുത്തത്. 'മാതൃഭൂമിയുടെ ബ്ലൂഫിലിം വില്പന! പത്രത്തോടൊപ്പമുള്ള സംസ്‌കാരം' എന്ന ടൈറ്റിലിൽ എന്റെ ബ്ലോഗിൽ അന്നൊരു പോസ്റ്റിട്ടിരുന്നു. ഒരു കാര്യം ഉറപ്പാണ്, ഈ ക്ലിപ്പ് മംഗളത്തിന് കിട്ടിയതുകൊണ്ട് മാതൃഭൂമിക്കാരൊക്കെ ഇപ്പോൾ ഒന്നാന്തരം നൈതികത പ്രസംഗിക്കുന്നു. അവരുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എപ്പോൾ ലൈവ് കാണിച്ചു എന്ന് ചോദിച്ചാൽ മതി.. സരിതയുടെ ബ്ലൂ ഫിലിം കിട്ടാൻ കോയമ്പത്തൂർ വരെ ഓ ബി വാനും കൊണ്ട് ഓടിയവരാണ് ഇപ്പോൾ മംഗളത്തിനെതിരെ ധാർമിക രോഷം കൊള്ളുന്നത്. ഈ കുളിമുറിയിൽ നിങ്ങളെല്ലാവരും നഗ്‌നരാണ് എന്ന് സാധാരണക്കാരായ ഞങ്ങൾ പ്രേക്ഷകർക്ക് പറയേണ്ടി വരുന്നതിൽ ക്ഷമിക്കുക.