നീലേശ്വരം: എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കത്വ സംഭവം വലിയ മുറിവാണ് രാജ്യത്തെ നന്മയുള്ള മനസ്സുകളിൽ ഏൽപിച്ചിരിക്കുന്നത്. ദാരുണമായി കൊലചെയ്യപ്പെട്ട ആ കുഞ്ഞ് നിർഭയ സംഭവം പോലെ തന്നെ ഏതൊരു ഇന്ത്യക്കാരന്റേയും മനസ്സിൽ ഇടംപിടിച്ചിരിക്കുകയാണ്. ആ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപോലെ കാണുകയാണ് ഏവരും. ആ അർത്ഥം ഉൾക്കൊണ്ട് മലയാളി മാധ്യമപ്രവർത്തകൻ കുഞ്ഞിന് ആസിഫയെന്ന പേര് നൽകി.

മാതൃഭൂമിയിൽ കണ്ണൂരിൽ സബ് എഡിറ്ററായ രജിത് റാം ആണ് അടുത്തിടെ പിറന്ന മകൾക്ക ആസിഫ എസ് രാജ് എന്ന് പേരിട്ടത്. ഇക്കാര്യം ഫേസ്‌ബുക്കിലൂടെ രജിത് തന്നെയാണ് അറിയിച്ചത്. തന്നെ ഏറെ നൊമ്പരപ്പെടുത്തിയതായിരുന്നു ആസിഫ എന്ന എട്ട് വയസ്സുകാരിയുടെ അതിദാരുണമായ അന്ത്യമെന്ന് മാധ്യമപ്രവർത്തകൻ രജിത്ത് റാം മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ട് പെൺമക്കളുടെ പിതാവെന്ന നിലയിൽ ഏതെങ്കിലും രീതിയിൽ അതിനോട് പ്രതികരിക്കണമെന്ന് തോന്നി. മതമോ ജാതിയോ രാഷ്ട്രീയമോ ഒന്നും നോക്കാതെ മനുഷ്യത്വ പരമായി ഒരു നിലപാടെടുത്തു.

അങ്ങിനെയാണ് കഴിഞ്ഞ ഫെബ്രുവരി നാലിന് പിറന്ന എന്റെ രണ്ടാമത്തെ മകൾക്ക് ഞാൻ ആസിഫ എന്ന് പേരിട്ടത്. ഏഴ് വയസ്സുള്ള ഒരു പെൺ മകൾ എനിക്കുണ്ട്. ദുരന്തത്തിനിരയായ ആസിഫയെ ഞാൻ കാണുന്നത് അവളെപ്പോലെ തന്നെ. അതിന് വേദനിക്കുന്ന ഒരു മനുഷ്യനെന്ന നിലയിൽ എന്റെ രണ്ടാമത്തെ മകൾക്ക് ആസിഫ എൻ. രാജ് എന്ന് പേരിട്ട് പ്രതികരിക്കുകയാണ് താൻ ചെയ്തത്.

ഒരു ചെറിയ പ്രതികരണം മാത്രമാണ് എന്നിൽ നിന്നുണ്ടായത്. ഞാനും ഭാര്യയും ഒന്നിച്ചെടുത്ത തീരുമാനമാണിത്. രണ്ടാമത്തെ മകൾക്ക് പേരിടാനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് ആസിഫക്ക് നേരെയുണ്ടായ ക്രൂരഹത്യ നടന്നത്. അത് എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. അത് എന്നെ ്അസ്വസ്ഥനാക്കുകയും ചെയ്തു. അതുകൊണ്ട് ആ പേര് തങ്ങൾ മകൾക്ക് ഇടുകയായിരുന്നു.-രജിത്ത് റാം പറഞ്ഞു.

'പേരിട്ടു; അതെ, അതു തന്നെ. ആസിഫ എസ്.രാജ്. എന്റെ മോളാണവൾ' എന്നാണ് രജിത് റാം ഫേസ്‌ബുക്കിൽ കുറിച്ചത്. മകളുടെ ഫോട്ടോയും പോസ്റ്റിനൊപ്പം നൽകി. ഇതോടെ വൻ പ്രതികരണമാണ് പോസ്റ്റിന് ഫേസ്‌ബുക്കിൽ ലഭിച്ചത്. ആയിരങ്ങൾ ഇത് ലൈക്ക് ചെയ്യുകയും ഷെയർചെയ്യുകയും ചെയ്തു.

ഫെബ്രുവരി 4 നാണ് രജിത്തിന്റെ രണ്ടാമത്തെ മകൾ പിറന്നത്. മകൾക്ക് പേരന്വേഷിച്ചു നടക്കുന്നതിനിടെയായിരുന്നു എട്ടു വയസ്സുകാരി പെൺകുട്ടിക്കു നേരെയുള്ള ക്രൂരമായ അക്രമം കശ്മീരിലെ കത്വയിൽ അരങ്ങേറിയത് .അതാണ് മകൾക്ക് അത്തരമൊരു പേരിടാൻ കാരണമെന്ന് രജിത് റാം പറയുന്നു. മനുഷ്യത്വമുള്ള ആർക്കും തോന്നാവുന്ന കാര്യങ്ങളിൽ ഒന്നാണ് താൻ ചെയ്തതെന്നും മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല ഇങ്ങനൊരു തീരുമാനമെടുത്തതെന്നും മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ സബ്എഡിറ്ററായ രജിത് റാം പറയുന്നു.