പാരിസ് : മാധ്യമപ്രവർത്തകരുടെ ജീവൻ ഒരോ ദിവസം ചെല്ലും തോറും അപകടത്തിലാകുന്നുവെന്ന് വ്യക്തമാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2018ൽ തന്നെ ലോകമെമ്പാടുമായി 80 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ കണക്കുകൾ ഏവരേയും ഞെട്ടിക്കുന്നതാണ്. 2017നെ അപേക്ഷിച്ച് നോക്കിയാൽ മാധ്യമപ്രവർത്തകരുടെ മരണത്തിൽ എട്ട് ശതമാനം വർധനയാണെന്നാണ് റിപ്പോർട്ട്.

ന്യൂയോർക്കിലെ കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് എന്ന സന്നദ്ധ സംഘടനയുടെ കണക്കുപ്രകാരം 53 പേർ ജോലി ചെയ്യവേ കൊല്ലപ്പെട്ടവരാണ്. അതിൽ തന്നെ 34 പേരെ അവർ ചെയ്ത വാർത്തകളുടെ പേരിൽ തിരഞ്ഞുപിടിച്ചു വധിക്കുകയായിരുന്നു. യുദ്ധത്തിലും സംഘർഷങ്ങളിലും പെട്ടു കൊല്ലപ്പെടുന്ന പത്രപ്രവർത്തകരുടെ എണ്ണത്തെക്കാൾ കൂടുതലാണ് വാർത്തകളുടെ പേരിൽ കൊല്ലപ്പെടുന്നവർ. ഇന്ത്യയിൽ, കശ്മീരിൽ ഭീകരർ വധിച്ച എഡിറ്റർ ഷുജാത് ബുഖാരി അടക്കം 6 മാധ്യമപ്രവർത്തകരാണ് ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത്.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ തുടർച്ചയായി ഏറ്റവുമധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് അഫ്ഗാനിസ്ഥാനിലാണ്. പതിനഞ്ച് പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സിറിയയിൽ 11 മെക്‌സിക്കോയിൽ 9, യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ആറ് എന്നിങ്ങനെയാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട കണക്ക്.