- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ മാധ്യമപ്രവർത്തകനെ കത്തിച്ചുകൊന്നു; കൊലപാതകം വ്യാജ ക്ലിനിക്കുകളെ കുറിച്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെ; പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
പാറ്റ്ന: ബിഹാറിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മാധ്യമപ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബിഹാറിലെ മധുബനി ജില്ലയിലാണ് സംഭവം. പ്രാദേശിക വാർത്ത പോർട്ടൽ നടത്തുന്ന ബുദ്ധിനാഥ് ഝാ(22) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധം ഇരമ്പുകയാണ്.
മേഖലയിൽ പ്രവർത്തിക്കുന്ന വ്യാജ ക്ലിനിക്കുകളെ കുറിച്ച് ബുദ്ധിനാഥ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് രണ്ടു ദിവസങ്ങൾക്കു ശേഷമാണ് ഇയാളെ കാണാതായത്. ബുദ്ധിനാഥിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വ്യാജ ക്ലിനിക്കുകൾ അടച്ചുപൂട്ടുകയും ചിലതിന് വൻ പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഇത്തരം റിപ്പോർട്ടുകൾ ചെയ്യരുത് എന്നാവശ്യപ്പെട്ട് ലക്ഷങ്ങൾ കൈക്കൂലി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ആളുകൾ ബുദ്ധിനാഥിനെ സമീപിച്ചിരുന്നു. എന്നാൽ ഇവയൊന്നും ബുദ്ധിനാഥിനെ പിന്തിരിപ്പിച്ചില്ല. തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ബേനിപാട്ടിയിലെ വീട്ടിൽ നിന്നും ബുദ്ധിനാഥിനെ കാണാതായത്. പൊലീസ് സ്റ്റേഷന്റെ 400 മീറ്റർ അകലെയാണ് അദ്ദേഹം താമസിച്ചിരുന്നത്.
ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. മൊബൈൽഫോണും ഓഫായ നിലയിലായിരുന്നു. തുടർന്ന് വെള്ളിയാഴ്ചയാണ് ബുദ്ധിനാഥിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം റോഡരികിൽ തള്ളിയ നിലയിലായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച സംസ്കരിച്ചു.
സംഭവത്തിൽ പ്രദേശത്ത് വൻ ജനരോഷം ഉയർന്നിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് 400 മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ നിന്ന് എങ്ങനെയാണ് മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയതെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
മറുനാടന് ഡെസ്ക്