ന്യൂഡൽഹി: അഭിഭാഷക-മാദ്ധ്യമതർക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പ്രസിഡന്റും ഉൾപ്പെടെ ഇടപെട്ടിട്ടും പരിഹരിക്കാൻ കഴിയാത്ത കേസ് സുപ്രീം കോടതിയും നീട്ടിവച്ചിരിക്കുകയാണ്.

എത്രയും വേഗത്തിൽ തീർപ്പാക്കണമെന്നു കഴിഞ്ഞ മാസം കേസ് പരിഗണിക്കവെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കേരള പത്രപ്രവർത്തക യൂണിയനാണു കോടതിയിൽ ഹർജി സമർപ്പിച്ചത്.

കേരളത്തിലെ കോടതികളിലെ മാദ്ധ്യമ വിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒരു മാസത്തേക്കാണു മാറ്റിയത്. പ്രശ്‌ന പരിഹാരത്തിനായി ഹൈക്കോടതി ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. ചീഫ് ജസ്റ്റീസായിരുന്ന ടി എസ് ഠാക്കൂർ അധ്യക്ഷനായ ബഞ്ചാണ് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചത്. കേസ് നീട്ടിക്കൊണ്ടു പോകുന്നതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രശ്‌നം പരിഹരിക്കാൻ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് മന്ദഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ യൂണിയനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞിരുന്നു. തുടർന്നു കേസ് ജനുവരി ഒമ്പതിലേക്കു മാറ്റുകയായിരുന്നു.

ഇന്നു കേസ് പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു കോടതി. ഹൈക്കോടതിയിലെ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുള്ള തർക്കം സംസ്ഥാനമാകെ പടർന്നതോടെ വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെടുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണു പരമോന്ന നീതിപീഠം കേസിൽ ഇടപെട്ടത്.