മണിപ്പൂർ: ബിജെപിയെയും നരേന്ദ്ര മോദിയേയും സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ച മണിപ്പൂരി മാധ്യമ പ്രവർത്തകന് ഒരു വർഷത്തെ തടവ് ശിക്ഷ. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. 124 എ വകുപ്പിനൊപ്പം ഐപിസി 294, 500 സെക്ഷനുകളും ചുമത്തിയിട്ടുണ്ട്. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് മോദിയുടെ കളിപ്പാവയാണെന്ന് വിമർശിച്ച് ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത കിഷോർചന്ദ്ര വാങ്‌ഖേമിനെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്.

മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലാത്ത രജപുത് രാജ്ഞി റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികം ആഘോഷിച്ച ആർഎസ്എസിനെയും കിഷോർ തന്റെ വീഡിയോയിൽ വിമർശിച്ചിരുന്നു. അറസ്റ്റിനെ അപലപിച്ച് കൊണ്ട് പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ രംഗത്തെത്തി. പത്ര സ്വാതന്ത്ര്യത്തിന്റെ ലോക റാങ്കിങ്ങിൽ 138 -ാം സ്ഥാനം മാത്രമുള്ള ഇന്ത്യയുടെ ദേശീയ സുരക്ഷാ നിയമം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികൾ നിലനിൽക്കെയാണ് കിഷോറിന്റെ അറസ്റ്റ്. ഫേസ്‌ബുക്ക് വിഡിയോയിലാണ് ഇംഫാലിലെ എഐഎസ് റ്റിവി നെറ്റ്‌വർക്കിലെ സബ് എഡിറ്ററും അവതാരകനുമായിരുന്ന കിഷോർചന്ദ്ര വാങ്‌ഖേമി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനം നടത്തിയത്.

നവംബർ 26 ന്ആദ്യം അറസ്റ്റ് ചെയ്തത്. ഖ്വാമി ഏക്താ ബിശ്വാസിന്റെ ഭാഗമായി റാണി ഝാൻസിയുടെ ജന്മവാർഷികം ആഘോഷിക്കുന്ന സർക്കാർ അജണ്ടയെ ചോദ്യം ചെയ്തതിനാണ് അറസ്റ്റ്. എന്നാൽ അന്നേ ദിവസം തന്നെ ജാമ്യം കിട്ടി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽ തോൻസിങ് വാങ്‌തോയ്ക്ക് ജാമ്യം അനുവദിച്ചു. 124 അ ചുമത്താനുള്ള കാര്യം ഒന്നും വീഡിയോയിൽ ഇല്ലെന്നു തോൻസിങ് വിധിച്ചു. എന്നാൽ അന്നുതന്നെ ദേശീയ സുരക്ഷാ നിയമം ചാർത്തി വാങ്‌തോയെ വീണ്ടും അറസ്റ്റ് ചെയ്തു. അറസ്റ്റ് വാറണ്ട് നൽകാതെയായിരുന്നു അറസ്റ്റ്.

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ മണിപ്പൂരിന്റെ ചരിത്രവും ദേശീയതയും മറച്ചുപിടിച്ചുകൊണ്ട് കേന്ദ്രത്തിൽ നിന്നുമുള്ള ഉത്തരവുകളെ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് വാങ്‌തോ വിഡിയോയിൽ പറഞ്ഞത്. നവംബർ 19ന് വാങ്‌ഖെംചാ വാങ്‌തോയ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ.

''മണിപ്പൂർ സർക്കാർ ഝാൻസി റാണിയുടെ ജന്മവാർഷികം ആഘോഷിക്കുന്ന കാര്യം അറിഞ്ഞതിന്റെ സങ്കടത്തിലും ഞെട്ടലിലും ആണ് ഞാൻ. ഇന്ത്യയുടെ ഏകീകരണത്തിൽ ഝാൻസി റാണിയുടെ പങ്ക് ചൂണ്ടിക്കാട്ടിയുള്ള ബിജെപിയുടെ വാദം തന്നെയാണ് മണിപ്പൂർ മുഖ്യമന്ത്രിയും ഏറ്റെടുത്തിരിക്കുന്നത്. പക്ഷേ ഞാനൊരു ചോദ്യം ചോദിക്കുകയാണ്, മണിപ്പൂർ മുഖ്യമന്ത്രി, ഝാൻസി റാണി മണിപ്പൂരിന്റെ ഉയർച്ചയ്ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? അക്കാലത്ത് മണിപ്പൂർ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ മുഖ്യമന്ത്രീ, ഝാൻസി റാണിക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല.

കേന്ദ്രത്തിന്റെ നിർദ്ദേശം ലഭിച്ചത്‌കൊണ്ട് മാത്രമാണ് നിങ്ങൾ ഝാൻസി റാണിയുടെ ജന്മ വാർഷികം ആചരിക്കുന്നത് എന്നറിയാം, എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്, മണിപ്പൂർ ദേശീയതയെപ്പറ്റി നിങ്ങൾക്ക് എന്തെങ്കിലും ബോധമുണ്ടോ? ഇല്ലെങ്കിൽ മണ്ടത്തരം പറയരുത്. റാണി ഝാൻസിക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല. തീർച്ചയായും അവർക്ക് ഇന്ത്യയുമായി എന്തെങ്കിലും ബന്ധം കാണും പക്ഷേ മണിപ്പൂരുമായി അവർക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ, അതൊന്നും മണിപ്പൂരിന് വേണ്ടി ആയിരുന്നില്ല.

മണിപ്പൂരിന്റെ മുഖ്യമന്ത്രി ആയ നിങ്ങൾ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണം, നിങ്ങളാണെങ്കിൽ നരേന്ദ്ര മോദിയുടെ കയ്യിലെ പാവയായിട്ടാണ് കഴിയുന്നത്. നിങ്ങൾ മോദിയുടെ കയ്യിലെ വെറും പാവയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്കളോട് ഈ ദിവസം ആചരിക്കാൻ പറഞ്ഞു അതുകൊണ്ടാണ് താങ്കൾ ആചരിക്കുന്നത് സമ്മതിക്കുന്നു. പക്ഷേ മണിപ്പൂരിലെ സ്വാതന്ത്ര്യപോരാളികളെ വഞ്ചിക്കരുത്, അവരെ അപഹസിക്കരുത്. മണിപ്പൂരിലെ ജനങ്ങളെ പരിഹസിക്കരുത്. കുറഞ്ഞത് മണിപ്പൂരിലെ ജനങ്ങളെ എങ്കിലും അപമാനിക്കാതിരിക്കുക.

നിങ്ങളൊരു പാവയാണ്. ഹിന്ദുത്വത്തിന്റെ കയ്യിലെ കളിപ്പാവ. മണിപ്പൂരിന്റെയോ മണിപ്പൂരിലെ ജനങ്ങളുടെയോ അർത്ഥം എന്താണ് എന്ന് മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ നിങ്ങളത് ചെയ്യുമായിരുന്നില്ല. ഒരു മണിപ്പൂരി എന്ന നിലയിൽ അഭിമാനത്തോടെ ഞാൻ പറയട്ടെ റാണി ഝാൻസിയെ മണിപ്പൂരിന് വേണ്ടിയുള്ള സ്വാതന്ത്ര്യ പോരാളിയായി അവതരിപ്പിക്കുകയാണെങ്കിൽ നിങ്ങൾക്ക് മണിപ്പൂരിനെ പറ്റി ഒരറിവും ഇല്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത്. റാണി ഝാൻസിക്ക് മണിപ്പൂരുമായി ഒരു ബന്ധവും ഇല്ല, മണിപ്പൂരിന്റെ ചരിത്രവുമായി ഒരു ബന്ധവും ഇല്ല.

മണിപ്പൂരിൽ ബിജെപി നയങ്ങളുടെ കടുത്ത വിമർശകനാണ് വാങ്‌തോയ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ദ്വാപര യുഗം മുതലേ ഇന്ത്യയുടെ ഭാഗമാണ് എന്നും ഗുജറാത്തിലെ പോർബന്ദറിൽ നടന്ന മാധവ്പൂർ മേളയിൽ പങ്കെടുക്കവേ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞിരുന്നു. ബിരേൻ സിംഗിന്റെ ഈ പ്രസ്താവനയെ വാങ്‌തോയ് ചോദ്യം ചെയ്തിരുന്നു. മണിപ്പൂർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി സമരത്തെ ബിജെപി സർക്കാർ നേരിട്ട രീതിയെ ചോദ്യം ചെയ്തിന് വാങ്‌തോയെ ഓഗസ്റ്റ് 9നും അറസ്റ്റ് ചെയ്തിരുന്നു.