തിരുവനന്തപുരം: തൊഴിൽപ്രശ്‌നം രൂക്ഷമായിരിക്കുന്ന ഇന്ത്യാവിഷൻ ചാനലിന് പിന്തുണയുമായി പത്രപ്രവർത്തക യൂണിയൻ. ഡിസംബർ 31നകം ഇന്ത്യാവിഷനിലെ തൊഴിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ മന്ത്രി എം കെ മുനീറിന്റെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. ഇന്ത്യാവിഷന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞദിവസം ലേബർ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ മാനേജ്‌മെന്റും തൊഴിലാളികളുമായി നടന്ന ചർച്ചയിൽ തീരുമാനമായില്ല. ഇതെത്തുടർന്നാണ് നടപടി.

കഴിഞ്ഞ പത്ത് ദിവസമായി ഇന്ത്യാവിഷനിലെ ജീവനക്കാർ സമരത്തിലാണ്. തത്സമയ വാർത്താ സംപ്രേഷണമില്ല. നേരത്തെ റെക്കോർഡ് ചെയ്ത് വച്ച പ്രോഗ്രാമുകൾ ടെലികാസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ശമ്പളപ്രശ്‌നം പരിഹരിക്കാതെ ജോലിയിൽ തിരികെ പ്രവേശിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാർ. മൂന്നു മാസമായി ജീവനക്കാർക്കു ശമ്പളം ലഭിച്ചിട്ട്.

സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഡയറക്ടർ ബോർഡ് യോഗം ചേർന്നശേഷമേ മുടങ്ങിയ ശമ്പളം കൊടുക്കുന്നത് തീരുമാനിക്കാനാകു എന്നായിരുന്നു ഇന്നലെ നടന്ന യോഗത്തിൽ സ്ഥാപനത്തിന്റെ റസിഡന്റ് എഡിറ്റർ ജമാലുദ്ദീൻ ഫാറുഖിയുടെ നിലപാട്. ധിക്കാരപരമായ നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചാനലിൽ വാർത്താ ബുള്ളറ്റിനുകൾ പുനരാരംഭിക്കണമെന്ന മന്ത്രി മുനീറിന്റെ അപേക്ഷ ജീവനക്കാർ തള്ളിക്കളഞ്ഞു. ചാനൽ പ്രവർത്തിപ്പിച്ച് നിക്ഷേപകരെ ആകർഷിച്ചാലേ പ്രതിസന്ധി മറികടക്കാൻ സാധിക്കുവെന്നായിരുന്നു മുനീറിന്റെ നിലപാട്. എന്നാൽ ശമ്പളം നൽകാതെ ജോലിക്ക് കയറാൻ തയാറല്ലെന്ന് ജീവനക്കാർ മറുപടി നൽകി.

തിരുവനന്തപുരത്തെ ഹോട്ടൽ സെവൻ ഹിൽസിലായിരുന്നു കൂടിക്കാഴ്ച. സെപ്റ്റംബർ മാസത്തെ ശമ്പളം നൽകിയിട്ടുള്ളതായി മാനേജ്‌മെന്റ് തന്നെ അറിയിച്ചതായി മുനീർ യോഗത്തിൽ പറഞ്ഞു. എന്നാൽ പിന്നീടുള്ള മാസങ്ങളിലെ ശമ്പളം എന്ന് നൽകുമെന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ അദ്ദേഹം തയ്യാറായില്ല. ശമ്പളക്കാര്യത്തിൽ ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായില്ലെങ്കിൽ പ്രത്യക്ഷ സമരം തുടങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.

ശമ്പളം നൽകാമെന്നു നാലുമാസത്തികം 1500 ഉറപ്പുകൾ കിട്ടി മടുത്തശേഷമാണ് ചാനൽ ജീവനക്കാർ പണിമുടക്കു തുടങ്ങിയത്. ശമ്പളം അക്കൗണ്ടിൽ വന്നാലേ പണിയെടുക്കൂ എന്ന ഉറച്ച നിലപാടിൽ ജേർണലിസ്റ്റുകളും ക്യാമറാമാന്മാരും വിഷ്വൽ എഡിറ്റർമാരും എത്തിയതോടെയാണ് ചാനലിൽ വാർത്താപ്രക്ഷേപണം മുടങ്ങിയത്.

പുതിയ മാനേജ്‌മെന്റ് വന്നാൽ എല്ലാം ശരിയാകുമെന്നാണ് റസിഡന്റ് എഡിറ്റർ ജമാലുദ്ദീൻ ഫാറുഖിയുടെയും മന്ത്രി മുനീറിന്റെയും സ്ഥിരം പല്ലവി. ഇതൊന്നും വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് ജീവനക്കാരുടെ പക്ഷം. ഇന്ത്യാവിഷനിലെ പ്രശ്‌നങ്ങൾ മുമ്പും പരിധി വിട്ടിരുന്നു. എം പി ബഷീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വാർത്തയ്ക്കിടെ സമരം പ്രഖ്യാപിച്ച് അവതാരകൻ ന്യൂസ് ഫ്‌ളോർ വിടുന്നതും മലയാളികൾ തൽസമയം കണ്ടു. അതിന് ശേഷം എം പി ബഷീർ അടക്കമുള്ളവരെ പുറത്താക്കി പുതിയ ന്യൂസ് ടീമിനെ ചുമതല ഏൽപ്പിച്ചു. എന്നിട്ടും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. മുനീറിനെതിരെ ചില നിക്ഷേപകർ കേസും കൊടുത്തിട്ടുണ്ട്. ഇതിനിടെയാണ് ജീവനക്കാരുടെ സമരവും ശക്തമാകുന്നത്. ഇതെല്ലാം കൂടിയായപ്പോൾ പ്രതിസന്ധി രൂക്ഷവുമായി. ഇതാാണ് അനിശ്ചിതകാല സമരത്തിലേക്ക് ജീവനക്കാരെ എത്തിച്ചതും.