കൊച്ചി: മെട്രോ ഉദ്ഘാടന വേദിയിൽനിന്ന് മെട്രോ മാൻ ഇ ശ്രീധരനെ തഴഞ്ഞതിനെതിരെ നടൻ ജോയ് മാത്യു. താജ് മഹൽ കണ്ട് നാം അമ്പരക്കുന്നത് അതു നിർമ്മിച്ച ശിൽപ്പികളെ ഓർത്താണെന്നും അല്ലാതെ അതു പണികഴിപ്പിച്ച ഷാജഹാനെ ഓർത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

''ഹൗറയിലെ പാലവും കുത്തബ് മിനാരവും പണിതുയർത്തിയത് തൊഴിലാളികളാണു, അല്ലാതെ ഭരണാധികാരികളായിരുന്നില്ല- ഏത് രാജാവാണു പണിയെടുത്തതെന്ന് ആർക്കുമറിയില്ല. പഞ്ചാബിലെ സുവർണ്ണക്ഷേത്രം പ്രഭ ചൊരിയുന്നത് അത് നിർമ്മിച്ച ശിൽപ്പികളുടെ കരവിരുതിനാലാണ്.

ഗോമടേശ്വർൻന്റെ ഉയരം പോലെയാണത്. അങ്ങിനെ ചരിത്രത്തിലെമ്പാടും ശിൽപമായും ക്ഷേത്രമായും ഗോപുരമായും പാലമായും നമ്മെ വിസ്മയിപ്പിക്കുന്നത് അതിനുപിന്നിൽ പണിയെടുത്ത കൈകളാണു അല്ലാതെ പെട്ടൊന്നുരുത്സവ ദിനമുണ്ടാക്കി അതിലേക്ക് ഇടിച്ചുകയറി വന്നു ഞെളിഞ്ഞു നിന്ന് ഇതാ ഞാനിതുണ്ടാക്കി ജനങ്ങളായ നിങ്ങൾക്ക് തരുന്നു എന്ന് വീമ്പടിക്കുന്ന ഭരണാധികാരികളല്ലെന്നും ജോയ് മാത്യു പറഞ്ഞു.

അവർ ചരിത്രത്തിൽ അവശേഷിപ്പിക്കുക കാക്കകൾക്ക് കാഷ്ടിക്കാനുള്ള ഒരൂദ്ഘാടന ശിലാഫലകം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. അതുകൊണ്ട് ഞങ്ങൾ മലയാളികൾ എക്കാലവും കൊച്ചി മെട്രോയെ ഓർക്കുക അതിന്റെ ശിൽപി ശ്രീധരനിലൂടെയായിരിക്കും, അദ്ദേഹത്തോപ്പം പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കും. അങ്ങിനെയാവണം, അപ്പാഴേ നമ്മൾ തൊഴിലിനെ ബഹുമാനിക്കുന്നവരാകൂവെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.