തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തിൽ മറ്റു വിദ്യാർത്ഥി സംഘടനകൾക്കൊപ്പം ഒരുമിച്ച് നിന്ന് സമരം ചെയ്യുകയും ഒറ്റയ്ക്ക് കാര്യംനേടിയെന്ന് വ്യക്തമാക്കി പിൻവാങ്ങുകയും ചെയ്ത എസ്എഫ്‌ഐയെ കണക്കിന് പരിഹസിച്ച് നടൻ ജോയ് മാത്യു. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ട്ി ഒരുമിച്ച് നിന്ന് സമരം ചെയ്ത വിദ്യാർത്ഥി സംഘടനകളെ മാറ്റി നിർത്തി ഒറ്റയ്ക്ക് ചർച്ചചെയ്ത് സമരം പിൻലിച്ച തീരുമാനത്തെ എന്താണ് വിളിക്കുകയെന്ന് ചോദ്യമാണ് ജോയ് മാത്യു ഉയർത്തുന്നത്.

കസേര കിട്ടിയാൽ ആരും വിടില്ല, കസേര കിട്ടാൻ പല ന്യായങ്ങളും കണ്ടുപിടിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി ഫെയ്‌സ് ബുക്കിലാണ് പ്രതികരണം. എസ്എഫ്‌ഐ കണ്ടുപഠിക്കുന്നത് അവരുടെ മുൻകാല നേതാക്കളുടെ ഇക്കാലത്തെ ചെയ്തികളാണെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവവുമായി ബന്ധപ്പെടുത്തി നടൻ വിലയിരുത്തുന്നു.

സിപിഐ(എം) എംഎൽഎമാർ നിയമസഭയിൽ സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും തല്ലിപ്പൊളിച്ചതിനെയും പരാമർശിച്ചാണ് പരിഹാസം. കസേരകിട്ടിയാൽ ആരും വിടില്ല കസേര കിട്ടുവാനോ പല ന്യായങ്ങളും കണ്ടുപിടിക്കുകയും ചെയ്യും.' ജോയ് മാത്യു കുറിക്കുന്നു. ഭാവിയിൽ എംഎൽഎയോ മന്ത്രിയോ ആവണമെങ്കിൽ ഇപ്പോഴേ എസ്എഫ്‌ഐയെ കണ്ട് പഠിക്കണമെന്നും ലോ അക്കാഡമി വിഷയത്തിൽ അവസരവാദപരമായി എസ്എഫ്‌ഐ പെരുമാറിയതിനെ കളിയാക്കി അദ്ദേഹം പറയുന്നു. കസേരകളും സമരങ്ങളും എന്ന ശീർഷകത്തിലാണ് കുറിപ്പ്

ജോയ് മാത്യുവിന്റെ പോസ്റ്റ്:

കസേരകളും സമരങ്ങളും

കസേരകൾ പ്രിൻസിപ്പലിന്റേതായാലും സ്പീക്കറുടേതായാലും കസേരകൾ കസേരകൾതന്നെ
അതിൽ ഇരിക്കുന്ന ആളുടെ അധികാരത്തെ ആശ്രയിച്ചാണു കസേരയുടെ വലിപ്പ ചെറുപ്പങ്ങൾ
നിർണ്ണയിക്കപ്പെടുന്നത്. 

അങ്ങിനെയെങ്കിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേരയാണു കേരളാ നിയമസഭാ സ്പീക്കറുടെ കസേരയേക്കാൾ കേമം എന്നു പറയേണ്ടി വരും. അല്ലെങ്കിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതിനു മൂന്ന് എസ് എഫ് ഐ പ്രവർത്തകരെ സംഘടനയിൽ നിന്നും സസ്‌പെന്റ് ചെയ്ത നടപടിയെ കൈയും കെട്ടി നോക്കിനിൽക്കുന്ന എസ് എഫ് ഐ
നാട്ടുകാർ മുഴുവൻ കാൺകെ നിയമസഭാ സ്പീക്കറുടെ കസേരയും കബ്യൂട്ടറും തല്ലിപ്പൊളിച്ച
നേതാക്കളാണു ഞങ്ങളുടെ മാത്രുക എന്ന് പറയാത്തതെന്ത്?

മുതിർന്നവർ കാണിക്കുന്നതല്ലേ കുട്ടികൾ പഠിക്കുക!

ഈ വിദ്യാർത്ഥി സമരത്തിലും പ്രതിഫലിച്ചതും ഇതുതന്നെയാണു. ഭാവിയിൽ എം എൽ എ അല്ലെങ്കിൽ മന്ത്രി ആവണമെങ്കിൽ ഇപ്പഴേ എസ് എഫ് ഐ യെ ക്കണ്ടുപഠിക്കണം. വിദ്യാർത്ഥികൾ മുന്നോട്ട് വച്ച ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ഒരുമിച്ചുനിന്ന് സമരം ചെയ്ത വിവിധ വിദ്യാർത്ഥി സംഘടകളെ മാറ്റിനിർത്തി ഒറ്റക്ക് ചർച്ചചെയ്ത് സമരം പിൻവലിച്ച തീരുമാനത്തെ
എന്താണു വിളിക്കുക?

കസേരകിട്ടിയാൽ ആരും വിടില്ല. കസേര കിട്ടുവാനോ പല ന്യായങ്ങളും കണ്ടുപിടിക്കുകയും ചെയ്യും