തിരുവനന്തപുരം: ബാർകോഴയിൽ മന്ത്രി ബാബുവിന്റെ വിഷയം ചർച്ച ചെയ്തപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ കോൺഗ്രസ് നേതാവ് അഡ്വ. ടി സിദ്ധിഖും അവതാരകൻ വിനു വി ജോണും തമ്മിൽ ഏറ്റുമുട്ടിയത് സോഷ്യൽ മീഡിയയിലും വലിയ തോതിൽ ചർച്ചയായിരുന്നു. സിദ്ദിഖിനോട് ഇറങ്ങിപ്പോകാൻ ഒടുവിൽ അവതാരകനായ വിനു വി ജോൺ പറയുകയുണ്ടായി. തുടർന്ന് സിദ്ദിഖ് ഇറങ്ങിപ്പോകുകയും ചെയ്തു. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലും രണ്ട് പേരുടെ പക്ഷം പിടിച്ച് കടുത്ത വാഗ്വാദം നടക്കുകയുണ്ടായി. ഇതിനിടെ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്തെത്തി.

ചർച്ചക്കിടെ ഇറങ്ങിപ്പോകാൻ പറഞ്ഞ അവതാരകന്റെ ന്യായത്തെ കുറിച്ച് ചർച്ചകൾ ആകാമെങ്കിലും ഇതൊരു ബോറടിയാണെന്ന് വിമർശിച്ചാണ് ജോയ് മാത്യു രംഗത്തു വന്നത്. ഫേസ്‌ബുക്കിലൂടെയാണ് ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കിയത്. ചാനലുകളിൽ കയറി വാചകമടിക്കുന്ന രാഷ്ട്രീയക്കാരുടെ നടപടി ചാനലുകൾ തന്നെ അവസാനിപ്പിക്കണമെന്ന് ജോയ് മാത്യു ആവശ്യപ്പെട്ടു. അവതരിപ്പിക്കുന്ന വിഷയങ്ങളിൽ വ്യക്തതയോ വിവരമോ ഇല്ലാത്ത ചാനൽ തിണ്ണ നിരങ്ങികളാണ് രാഷ്ട്രീയക്കാരെന്ന് വിമർശനവും അദ്ദേഹം ഉയർത്തുന്നു.

ഇതേക്കുറിച്ച് ജോയ് മാത്യു വ്യക്തമാക്കിയ കാര്യങ്ങൾ ഇങ്ങനെ:

സത്യത്തിൽ ഈ ബോറടി ഞങ്ങൾ സഹിക്കുകയാണ്

ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞ ചാനൽ അവതാരകൻ വിനുവിന്റെ ഭാഗത്താണോ, ചർച്ചയിൽ തന്റെ നിലപാട് വ്യക്തമാക്കിയ സിദ്ദിഖിന്റെ ഭാഗത്താണോ ന്യായം എന്നത് ചർച്ച ചെയ്യേണ്ട വിഷയം തന്നെ, എന്നാൽ ജനങ്ങള്ക്ക് യാതൊരു പ്രയോജനവുമില്ലാത്ത വിഷയങ്ങളും ചര്ച്ച ചെയ്യുന്ന വിഷയത്തെപറ്റി യാതൊരു ഗ്രാഹ്യവുമില്ലാത്തവരൂമായ രാഷ്ട്രീയക്കാരുടെ ചാനൽ വാചകമടികളാണു ചാനലുകാർ ആദ്യം അവസാനിപ്പിക്കേണ്ടത്. അവതരിപ്പിക്കുന്ന വിഷയങ്ങളിൽ വിവരമോ വ്യക്തതയോ ഇല്ലാത്തവരാണു ചാനൽ തിണ്ണകളിൽ അധികവും നിരങ്ങുന്നതെന്നു കാണാം.

ടെലിവിഷൻ ചർച്ചകൾ ആരംഭിച്ചതിനു ശേഷം മാത്രം ജനിച്ചവരാണ് ഇന്ന് കാണുന്ന മിക്കവാറും നേതാക്കന്മാരൊക്കെ തന്നെ. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് ഉയര്ന്നു വന്നവർ വിരളം. പരസ്പര പ്രീണനത്തിന്റെ വേദികളാണു ഒട്ടുമിക്ക രാഷ്ട്രീയ സംവാദങ്ങളും,.വൈകുന്നേരമാകുബോൾ അല്ലക്കിവെളുപ്പിച്ച ചിരിയുമായി ചാനൽ ചവിട്ടുപടിയിൽ കാത്തുനില്ക്കുന്ന രാഷ്ട്രീയക്കാരെക്കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട് എന്നതിൽ നമുക്കഭിമാനിക്കാം.

ടി സിദ്ധീഖിനെ ചാനൽ ചർച്ചയ്ക്കിടെ ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ നിന്നും ഇറക്കിവിട്ടു...! വീഡിയോ കാണാംCourtesy : Asianet news

Posted by Malayalam Varthakal on Thursday, November 12, 2015