കോഴിക്കോട്: പെമ്പിളൈ ഒരുമയ്‌ക്കെതിരായ മന്ത്രി എം.എം. മണിയുടെ അശ്ലീലപരാമർശത്തിനെതിരേ പ്രതിഷേധം വ്യാപകമാകുകയാണ്. രാഷ്ട്രീയ നേതാക്കൾക്കുപുറമേ സാംസ്‌കാരികരംഗത്തെ പല പ്രമുഖരും മണിക്കെതിരേ വിമർശനങ്ങളുമായി രംഗത്തുവരുന്നു. സാമൂഹികപ്രസക്ത വിഷയങ്ങൾ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന നടനും സംവിധായകനുമായ ജോയ് മാത്യുവും മണിയെ വിമർശിച്ചിരിക്കുന്നു.

കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ ഈ ഭാഷയിൽ തയൊണോ മണി സംസാരിക്കുതെന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം. മണിയുടേത് ഗ്രാമ്യഭാഷയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. അടിസ്ഥാന വർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന തൊഴിലാളി നേതാവാണു ജനങ്ങൾ മണിയാശാൻ എന്നു വിളിക്കുന്ന എം. എം. മണി. മൈതാന പ്രസംഗത്തിനു കയ്യടികിട്ടാൻ ചിലപ്പോൾ ഭാഷയെ മണിയുടെ രീതിയിൽ ഉപയോഗിക്കേണ്ടി വന്നേക്കാം. അതൊക്കെ ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുബോൾ. എന്നാൽ നികുതിദായകരുടെ ചെലവിൽ ജീവിക്കുമ്പോൾ വാക്കുകൾക്കും വാചങ്ങൾക്കും മണികെട്ടേണ്ടതുണ്ട്.

ഒരു സംശയം ബാക്കിയുണ്ട്. കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ ഇതേ ഗ്രാമ്യഭാഷയിലാണോ മണി ആശാൻ സംസാരിക്കുക? അല്ലെങ്കിൽ കോടതിയിൽ? അതുമല്ലെങ്കിൽ സ്വന്തം കുടുംബാംഗങ്ങളോടും ഇതേ ഭാഷയാണോ മണി സംസാരിക്കുകയെന്ന് ജോയ്മാത്യു ചോദിക്കുന്നു.

ഗ്രാമ്യ ഭാഷയെപ്പറ്റി പറയുബോൾ മുൻ മുഖ്യമന്ത്രി ഇ കെ നായനാരെയാണു ഓർമ്മവരുന്നത്. തനി വടക്കൻ മലബാറുകാരന്റെ ഗ്രാമ്യഭാഷയായ 'ഓൻ' 'ഓളു''യ്' 'എടോ' എന്നെല്ലാം നയനാർ പറയുംബോൾ ഒരാളും അത് കുറ്റമായി കണ്ടിട്ടില്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടുന്നു. എതിരാളികൾ പോലും ആ വാക്കുകൾ ആസ്വദിച്ചു. കാരണം ആ വാക്കുകളിൽ ഒരു നാട്ടിൻപുറത്തുകാരന്റെ കരുതലും സ്‌നേഹവും തുളുബിനിന്നിരുന്നു. അല്ലാതെ വമ്പത്തരമോ ഗുണ്ടായിസമോ ഉണ്ടായിരുന്നില്ല.

ഗ്രാമ്യ ഭാഷ സ്‌നേഹത്തിന്റേതാണു വിജയേട്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ജോയ്മാത്യു ഓർപ്പെടുത്തുന്നു. അതു മറക്കരുത്. മണിയുടെ ഭാഷ ഗ്രാമ്യ ഭാഷയാണെന്ന് പറയുംമ്പോൾ നല്ല വൃത്തിയും വെടിപ്പുമുള്ള ഭാഷ ഉപയോഗിക്കുന്ന ഗ്രാമീണരെ മുഴുവൻ ആക്ഷേപിക്കലാവും. ഗ്രാമീണർ മുഴുവൻ മണികളല്ല എന്നും ഓർക്കുക. വിദ്യാഭ്യാസമല്ല മറിച്ച് സംസ്‌കാരമായിരിക്കണം ഭാഷാപ്രയോഗത്തിന്റെ അളവുകോൽ എന്നാണു അടിയന്റെ ഒരിതെന്നും ജോയ് മാത്യുകൂട്ടിച്ചേർക്കുന്നു.