കൊച്ചി: രണ്ടാം വർഷത്തിലേക്ക് കടന്ന രണ്ടാം പിണറായി സർക്കാറിന് മുന്നിലെ ഇനിയുള്ള പ്രധാന വെല്ലുവിളി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. സിൽവർലൈനിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിക്ക് ഫലം നിർണായകം. കുത്തക മണ്ഡലം നിലനിർത്തിയുള്ള തിരിച്ചുവരവ് പ്രതിപക്ഷത്തിനും അത്യാവശ്യം. അഞ്ചു കൊല്ലം കൊണ്ട് സിൽവർ ലൈൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. പൊരിഞ്ഞ പോരാട്ടം തൃക്കാക്കരയിൽ നടക്കുമ്പോൾ ഇടത് സഹയാത്രികൾ പോലും പരസ്യമായി കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നു. ഇത് ഇടതുപക്ഷത്തിന് കടുത്ത വെല്ലുവിളിയാണ്.

നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ പോസ്റ്റാണ് ഉപ്പോൾ പ്രധാന ചർച്ചാ വഷയം. ജോയ് മാത്യുവിന് പ്രത്യേകിച്ച് രാഷ്ട്രീയ പക്ഷമൊന്നുമില്ലെങ്കിലും അദ്ദേഹം ഉയർത്തി പിടിക്കുന്നത് പുരോഗമന നിലപാടുകളാണ്. ഇടതുപക്ഷവുമായി ചേർന്നു നിന്ന ചരിത്രവും ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റ് രാഷ്ട്രീയ ചർച്ചകളിൽ പ്രധാന്യം അർഹിക്കുന്നതാകുന്നത്.

തൃക്കാക്കരയിൽ യുഡിഎഫിന്റെ പിന്തുണച്ച് നടൻ ജോയ് മാത്യു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുമായി ഉമ തോമസിനെ താരതമ്യം ചെയ്താണ് ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രമ വിശ്വസിച്ച പാർട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യയാണെന്നും ഉമ പടക്കളത്തിൽ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണെന്നും ജോയ് മാത്യു പറഞ്ഞു. രമയ്ക്ക് കരുത്തേകാൻ ഉമകൂടി വേണം എന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തതെന്നും ജോയ് മാത്യു കുറിച്ചു. കൂടുതൽ ഇടതുപക്ഷക്കാർ ഇത്തരം പോസ്റ്റുകളുമായി എത്തുന്നത് തടയാനും ഇനി സിപിഎം ജാഗ്രത പുലർത്തും. തൃക്കാക്കരയിൽ ടിപി ഫാക്ടർ ചർച്ചയാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.

സംസ്ഥാന രാഷ്ട്രീയം തൃക്കാക്കരയിൽ കറങ്ങുമ്പോഴാണ് രണ്ടാം പിണറായി സർക്കാറിന്റെ വാർഷികം. സീറ്റെണ്ണത്തിലെ സെഞ്ച്വറി തികക്കലിനപ്പുറത്താണ് പിണറായി സർക്കാറിന് തൃക്കാക്കര തെരഞ്ഞെടുപ്പ്. ചരിത്രത്തുടർച്ച നേടിയ സർക്കാറിന്റെ ആദ്യ വെല്ലുവിളി. കോൺഗ്രസ് കുത്തകമണ്ഡലം പിടിച്ചാൽ സിൽവർലൈനുമായി അതിവേഗം സർക്കാറിന് കുതികുതിക്കാം. മുഖ്യമന്ത്രി നേരിട്ട് നയിച്ച് മന്ത്രിമാരെ അണിനിരത്തിയുള്ള പ്രചാരണം അത്ഭുതം സൃഷിക്കാനാണ്. ഇതിനിടെയാണ് ജോയ് മാത്യുവിനെ പോലുള്ളവരുടെ പോസ്റ്റുകൾ ചർച്ചകളിൽ എത്തുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രക്തസാക്ഷികളുടെ ഭാര്യമാർ

----------------------

ഒരാൾ വിശ്വസിച്ച പാർട്ടിയുടെ
വെട്ടുകളേറ്റ് വീണ
യോദ്ധാവിന്റെ ഭാര്യ
മറ്റൊരാൾ
പടക്കളത്തിൽ
സ്വയം എരിഞ്ഞടങ്ങിയ
പോരാളിയുടെ ഭാര്യ
ആദ്യം പറഞ്ഞയാൾ
യുഡിഎഫിനൊപ്പം
മൽസരിച്ചു ജയിച്ചു
തലയുയർത്തിപിടിച്ച്
നിയമസഭയിൽ എത്തിയ
ഒരേയൊരു സ്ത്രീ -രമ
ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ
രമയ്ക്ക് കരുത്തേകാൻ
ഉമകൂടി വേണം എന്ന്
ഏത് മലയാളിയാണ്
ആഗ്രഹിക്കാത്തത് !

ഇത്തരം പ്രതികരണങ്ങൾ പ്രതിപക്ഷത്തിനും ആശ്വാസമാണ്. പിണറായി വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രതിപക്ഷത്തെ നേതൃമാറ്റം. ഫലത്തിൽ പ്രതിപക്ഷത്തിന്റെയും നായകൻ വിഡീസതീശന്റെയും വിലയിരുത്തൽ കൂടിയാകും ഉപതെരഞ്ഞെടുപ്പ്. സമീപകാല തെരഞ്ഞെടുപ്പിലെ തോൽവികൾ മറന്ന് ജയം ശീലമാക്കി യുഡിഎഫിന് തിരിച്ചെത്താൻ ജയം അനിവാര്യമാണ്.

ജൂൺ മൂന്നിനു ശേഷം കേരള രാഷ്ട്രീയത്തിൽ ചിലതൊക്കെ സംഭവിക്കും. പി.ടി.തോമസിന്റെ നിര്യാണം മൂലം ഒഴിവുവന്ന തൃക്കാക്കര നിയമസഭാ സീറ്റിൽ പി.ടിയുടെ ഭാര്യ ഉമാ തോമസ്, എൽഡിഎഫ് സ്ഥാനാർത്ഥി ഹൃദ്രോഗ വിദഗ്ധൻ ജോ ജോസഫ്, ബിജെപി സ്ഥാനാർത്ഥി എ.എൻ.രാധാകൃഷണൻ എന്നിവരിൽ ആരു ജയിക്കുമെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാവില്ല. ആരു ജയിച്ചാലും കേരളത്തിന്റെ ഭരണത്തിൽ മാറ്റം ഉണ്ടാകില്ല. എൽഡിഎഫ് ജയിച്ചാൽ അട്ടിമറിയിലൂടെ 100 തികച്ചു എന്നു പറയാം. കോൺഗ്രസിന് അത് തളർച്ചയുമാകും.