തിരുവനന്തപുരം: ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ നിന്ന് ഇറങ്ങിവരുന്ന കാണ്ടാമൃഗങ്ങൾക്ക് കാവലായി കാക്കിജഡങ്ങൾ നിൽക്കുമ്പോൾ ഇനി ആകെ പ്രതീക്ഷയുള്ളത് യുവാക്കളുടെ സംഘടനകൾ മാത്രമെന്നും ഡിവൈഎഫ്‌ഐ പോലുള്ള അർത്ഥവും ആൾബലമുള്ള സംഘടനയിലാണ് ഇനി പ്രതീക്ഷയുള്ളതെന്നും വ്യക്തമാക്കി ജോയ് മാത്യു. കൊച്ചിയിൽ ശിവസേനക്കാരുടെ സദാചാര ഗുണ്ടാ വിളയാട്ടത്തിനെതിരെ നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ പ്രതികരണം.

ശിവസേനയുടെ ചൂരൽപ്രയോഗത്തെയും അതിനെ നോക്കിനിന്ന പൊലീസിനെയും രൂക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ പ്രതികരണം. കാക്കിജഡങ്ങൾ എന്നാണ് പൊലീസുകാരെ വിശേഷിപ്പിക്കുന്നത്. എന്നാൽ പുരോഗമനപരമായി ചിന്തിക്കുന്ന ചെറുപ്പക്കാർക്ക് പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു കാണ്ടാമൃഗങ്ങൾ ഇരമ്പിയ അതേ മണ്ണിൽ ഡി.വൈ.എഫ് ഐ, കെ.എസ്.യു തുടങ്ങിയ യുവ സംഘടനകൾ നടത്തിയ പ്രതിഷേധ കൂട്ടായ്മകൾ. നമുക്ക് വേണ്ടത് വഴിപാടുപോലെ നടത്തപ്പെടുന്ന വാർഷിക സമ്മേളനങ്ങൾ മാത്രമല്ല ഇടയ്ക്കിടെ നടത്തേണ്ട ആൺ-പെൺ സൗഹൃദ കൂട്ടായ്മകളാണ്.

അരാജകത്വത്തിലേക്ക് വഴുതിപ്പോവാത്ത സംഗീതാഘോഷങ്ങളാണ് എന്ന് യുവാക്കളുടെ സംഘടനകൾ തീരുമാനിക്കേണ്ട സമയമായി. ഒരു ഭാഗത്ത് കാണ്ടാമൃഗങ്ങൾ ദുരാചാരത്തിന്റെ ചൂരലുയർത്തുമ്പോൾ മറുഭാഗത്ത് ലൈംഗിക പീഡകരുടെ മദാ(താ)ന്ധകാരത പത്തിവിടർത്തുമ്പോൾ ഇനി കുട്ടികൾക്ക് പ്രതീക്ഷിക്കുവാനുള്ളത് ആപത് ഘട്ടത്തിൽ ഒരു ഫോൺ വിളിയിൽ രക്ഷയ്‌ക്കെത്താവുന്ന യുവാക്കളുടെ സംഘടനകൾ മാത്രമാണ്. - ജോയ് മാത്യു പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

കാണ്ടാമൃഗങ്ങൾ പല രൂപത്തിലാണൂ ചരിത്രത്തിൽ കുളബുകുത്തുക. ഇതാ ഒടുവിൽ കൊച്ചി മറൈൻ ഡ്രൈവിലും ശിവസേന എന്ന പേരിൽ കാവിക്കൊടിയും കയ്യിൽ ചൂരലുമായി ദുരാചാരത്തിന്റെ അവതാരങ്ങളായി അവരെത്തി. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ നിന്നും ഇറങ്ങിവന്ന കാണ്ടാമൃഗങ്ങൾക്ക് കാവലായി എല്ലായ്‌പോഴുന്നെപോലെ കാക്കി ജഡങ്ങളും -

എന്നാൽ പുരോഗമനപരമായി ചിന്തിക്കുന്ന ചെറുപ്പക്കാർക്ക് പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു കണ്ടാമൃഗങ്ങൾ ഇരമ്പിയ അതേ മണ്ണിൽ ഡി വൈ എഫ് ഐ, കെ എസ് യു തുടങ്ങിയ യുവ സംഘടനകൾ നടത്തിയ പ്രതിഷേധക്കൂട്ടായ്മകൾ- നമുക്ക് വേണ്ടത് വഴിപാടുപോലെ നടത്തപ്പെടുന്ന വാർഷിക സമ്മേളങ്ങൾ മാത്രമല്ല- ഇടക്കിടെ നടത്തേണ്ട ആൺ-പെൺ സൗഹൃദ കൂട്ടായ്മകളാണ്. അരാജകത്വത്തിലേക്ക് വഴുതിപ്പോവാത്ത സംഗീതാഘോഷങ്ങളാണ് എന്ന് യുവാക്കളുടെ സംഘടനകൾ തീരുമാനിക്കേണ്ട സമയമായി.

ഒരു ഭാഗത്ത് കാണ്ടാമൃഗങ്ങൾ ദുരാചാരത്തിന്റെ ചൂരലുയർത്തുംമ്പോൾ മറുഭാഗത്ത് ലൈംഗിക പീഡകരുടെ മദാ(താ)ന്ധകാരത പത്തിവിടർത്തുമ്പോൾ ഇനി കുട്ടികൾക്ക് പ്രതീക്ഷിക്കുവാനുള്ളത് ആപത് ഘട്ടത്തിൽ ഒരു ഫോൺ വിളിയിൽ രക്ഷക്കെത്താവുന്ന യുവാക്കളുടെ സംഘടനകൾ മാത്രമാണ്.

അവർക്ക് മാത്രമെ കാണ്ടാമൃഗങ്ങളിൽ നിന്നും നമ്മുടെ നാടിനെ, നമ്മുടെ നാളത്തെ തലമുറയെ രക്ഷിക്കാനാവൂ. ഡി വൈ എഫ് ഐ പോലുള്ള അർഥവും ആൾബലവുമുള്ള സംഘടനയിലാണു ഇക്കാര്യത്തിൽ എനിക്ക് പ്രതീക്ഷ.