- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മലയാളിക്ക് കടം കയറിയാൽ അത്മഹത്യ ചെയ്യുക അല്ലെങ്കിൽ ഗൾഫിൽ പോവുക എന്ന രണ്ട് മാർഗങ്ങൾ മാത്രമേയുള്ളൂ; ഞാൻ 43 ാം വയസ്സിലാണ് ഗൾഫിൽ പോകുന്നത്; ഷട്ടറും ആമേനും എന്റെ ജീവിതം മാറ്റിമറിച്ചു'; ഒരു നക്സലൈറ്റായ ഞാൻ എങ്ങനെ സിനിമാക്കാരനായി? ഷൂട്ട് അറ്റ് സൈറ്റിൽ ജീവിതം പറഞ്ഞ് നടൻ ജോയ് മാത്യു
ആദ്യകാല നക്സലൈറ്റ്, എഴുത്തുകാരൻ, നാടകക്കാരൻ, പ്രസാധകൻ, പ്രവാസി മാധ്യമ പ്രവർത്തകൻ, ഒടുവിൽ ചലച്ചിത്ര സംവിധായകനും തിരക്കേറിയ നടനും. 'അമ്മ അറിയാൻ' എന്ന മാസ്റ്റർപീസ് ചിത്രത്തിലൂടെ ജോൺ എബ്രഹാം അവതരിപ്പിച്ച ജോയ് മാത്യു എന്ന നടൻ നടന്നുവന്ന വഴികളും കനലുകൾ നിറഞ്ഞതുതന്നെയായിരുന്നു. അസാധാരണമായ ഒരു അതിജീവനത്തിന്റെ കഥ കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. മറുനാടൻ മലയാളിയുടെ പ്രത്യേക അഭിമുഖ പരിപാടിയായ ഷൂട്ട് അറ്റ് സൈറ്റിൽ പങ്കെടുത്ത് അദ്ദേഹം മനസ്സുതുറക്കുന്നു. മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം വായിക്കാം.
ഷാജൻ സ്കറിയ: താങ്കൾ സിനിമാ നടൻ ആയത് എങ്ങനെയാണ്?
ജോയ്മാത്യു: ഞാൻ ആദ്യം ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമയിലെ നായകൻ ആയാണ് അഭിനയിക്കുന്നത്. അന്നത്തെ മലയാള സിനിമയുടെ ഒരു ട്രൻഡ് വെച്ചിട്ടും, ഞാൻ അഭിനയിച്ച ജോൺ എബ്രഹാമിന്റെ സിനിമയുടെ മൂഡ് വെച്ചിട്ടും, സിനിമാ സംവിധായകരെ പോയി കണ്ട് 'സാറെ എനിക്ക് അഭിനയിക്കാൻ അവസരം തരൂ', എന്ന് പറയാനുള്ള ഒരു മാനസികാവസ്ഥ എനിക്കില്ലായിരുന്നു. ഞാൻ അങ്ങനെയല്ല ശീലിച്ചതും. എന്നാൽ എന്നെ തെരഞ്ഞുവന്ന് 'നിങ്ങൾ ഇതൊന്ന് അഭിനയിക്കൂ' എന്ന് പറയാനും ഞാൻ ആഗ്രഹിച്ചിട്ടില്ല. നമുക്ക് നമ്മെതന്നെ എക്സ്്പ്രസ് ചെയ്യാനുള്ള പല മീഡിയങ്ങളിൽ ഒന്നാണ് സിനിമയും നാടകവുമൊക്കെ. ഞാൻ നാടകത്തിൽ കേന്ദ്രീകരിച്ചു. കുറേ നാടകങ്ങൾ എഴുതി. കുറെ നാടകം സംവിധാനം ചെയ്തു, അഭിനയിച്ചു.
സിനിമകളിൽ നിന്ന് അക്കാലത്ത് എനിക്ക് ഓഫറൊന്നും വന്നില്ല. നിങ്ങൾ ഇപ്പോൾ ചോദിച്ചപ്പോഴാണ് ഇത് ഓർക്കുന്നത്. ആദ്യമായാണ് ഇക്കാര്യം പുറത്ത് പറയുന്നത്. ബുദ്ധദേവ്ദാസ് ഗുപ്ത എന്ന പ്രശസ്ത ബംഗാളി സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ എന്നെ വിളിച്ചു. അമ്മ അറിയാൻ കഴിഞ്ഞ ഉടനെ. വേണു ആയിരുന്നു കാമറാമാൻ. ഞാൻ അതിൽ ഒരു പുലിക്കളിക്കാരനായാണ് അഭിനയിക്കുന്നത്. അങ്ങനെ അവർ ആവശ്യപ്പെട്ടത് പ്രകാരം ഞാൻ പുലിക്കളി പഠിക്കാൻ പോയി. പുലിക്കളി പഠിച്ച് വന്നപ്പോഴേക്കും ആ പുലി ചത്തുപോയി. പുലിയും ഞാനുമായി മൽപ്പിടുത്തമൊക്കെയുണ്ട്. ബുദ്ധദേവ് ദാസ് ഗുപ്തയൊക്കെ യഥാർഥ സിനിമയുടെ ആളുകളാണ്. ഡ്യൂപ്പിനെയൊന്നും അവർ സമ്മതിക്കില്ല. അങ്ങനെ ഞാൻ കാത്തിരുന്നു. ആറുമാസം കഴിഞ്ഞു, ഒരു കൊല്ലം കഴിഞ്ഞു. അത്രയും കാലം അവർ കാത്തിരുന്നു. അതായിരുന്നു അവരുടെ പെർഫക്ഷനോടുള്ള താൽപ്പര്യം. ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും പുലി റെഡിയായി. ക്യാമറാമൻ വേണു റെഡിയായി. ഞാൻ റെഡിയായില്ല. കാരണം ഞാൻ അപ്പോഴത്തേക്കും ഒരു കച്ചവടം തുടങ്ങിയിരുന്നു.
ഒരു പബ്ലിഷിങ്ങ് ഹൗസ്. ബോധി ബുക്സ്. അത് നല്ലൊരു കടത്തിൽ പോയി ചാടി. അതിൽ വളരെ അടുത്ത സുഹൃത്തുക്കളാണ് എനിക്കുവേണ്ടി ജാമ്യം നിന്നത്. കടം പരിഹരിച്ചില്ലെങ്കിൽ ജാമ്യം നിന്നവരുടെ വീട് ജപ്തി ചെയ്തുപോകും. ഞാൻ ആലോചിച്ചു. സിനിമയിൽ പോയി അഭിനയിച്ചിട്ട് ഖ്യാതി നേടി, എന്നെ സ്വയം എക്സ്പ്രസ് ചെയ്യണോ, അതോ ഇവരുടെ ഈ ജപ്തിചെയ്യാൻ പോവുന്ന വീട് രക്ഷിക്കണോ. ഞാൻ രണ്ടാമത്തെ തീരുമാനത്തിൽ എത്തി. സിനിമ ഇനിയും വരും. പക്ഷേ വീട് പോയിപ്പോയാൽ അത് കിട്ടില്ല. അതും വിശ്വാസത്തിന്റെ പേരിൽ എനിക്ക് തന്നതാണ്. എനിക്കങ്ങനെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. ഇപ്പോഴും ഉണ്ട്. അങ്ങനെയാണ് ആ സിനിമ ഇല്ലാതാവുന്നത്.
പക്ഷേ അതുകൊണ്ട് എനിക്ക് നിരാശയൊന്നും ഉണ്ടായിട്ടില്ല. ഞാൻ എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോയി. ഞാൻ അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു സിനിമക്ക് തിരക്കഥ എഴുതിക്കൊടുത്തു. സാമൂഹിക പാഠം എന്ന് പറഞ്ഞ് ദിലീപ് ഒക്കെ അഭിനയിച്ച ഒരു പടം. എന്റെ ഫ്രണ്ടിനുവേണ്ടി. എന്റെ കോഴിക്കോട്ടെ ഒരു സുഹൃത്തുണ്ട്. സ്വർണ്ണക്കച്ചവടമൊക്കെയാണ്. അവർ വേറൊരു സിനിമക്കുവേണ്ടി പലർക്കും അഡ്വാൻസ് കൊടുത്തെങ്കിലും, ആ സിനിമ നടന്നില്ല. ഈ അഡ്വാൻസ് തിരിച്ചുപടിക്കാൻ എന്താണ് മാർഗം എന്ന് എന്നോട് ചോദിച്ചു. വേറെ ഒരു സിനിമയെടുക്കാൻ ഞാൻ പറഞ്ഞു. പുതിയ ഒരു കഥയുണ്ടാക്കാൻ പറഞ്ഞു. അപ്പോൾ അവനാണ് എന്നാൽ നീ എഴുത് എന്ന ആശയം മുന്നോട്ട് വെച്ചത്. അങ്ങനെ എഴുയിക്കൊടുത്ത കഥയാണ് ഇത്.
പക്ഷേ അതിൽനിന്ന് എനിക്ക് മനസ്സിലായി അത്തരം സിനിമകൾ അല്ല എന്റെ മേഖല. പിന്നെ ഞാൻ ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അത് ഭയങ്കര കേന്ദ്രീകരിക്കലായിപ്പോയി. അതോടെ ബിസിനസ് മൊത്തം പൊളിഞ്ഞു. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ പുസ്തകം ഡ്യൂപ്പിക്കേറ്റ് അടിക്കലും ഒക്കെയായി ആകെ പ്രശ്നങ്ങൾ ആയി. ഗത്യന്തരമില്ലാത ഞാൻ ഗൾഫിൽപോയി.
ചോദ്യം: ഈ കടമാണ് ഗൾഫിൽ പോകാൻ ഇടയാക്കിയ കാരണം?
അതെ. മലയാളിക്ക് കടം വന്നാൽ രണ്ട് ഓപ്ഷനുകളേ ഉള്ളൂ. ഒന്നുകിൽ ആത്മഹത്യ. അല്ലെങ്കിൽ ഗൾഫ്. അപ്പോൾ ഞാൻ ഗൾഫിൽ പോകാൻ തീരുമാനിച്ചു. 43ാം വയസ്സിലാണ് പോവുന്നതെന്ന് ഓർക്കണം. ഇവിടെ വേരൂന്നി നിൽക്കുന്ന ഒരാളാണ് ഞാൻ. ആ വേരു പറിച്ചിട്ടാണ് പോകുന്നത്. അതും ഒരു പരിചയവും ഇല്ലാത്ത സ്ഥലത്തേക്ക്. ചെന്നിറങ്ങുമ്പോൾ നൂറു രൂപപോലും കൈയിലില്ല. അതൊക്കെ പിന്നെ അങ്ങനെ ശരിയായി. സുഹൃത്തുക്കൾ അവിടെയുണ്ടായിരുന്നു. എന്റെ അനിയൻ ഉണ്ടായിരുന്നു. അവർ ഒക്കെ കുറേ സഹായിച്ചു. പിന്നെ ഞാൻ അവിടെ എന്റെ ഫാമിലിയുമായി പത്തുകൊല്ലം അവിടെ താമസിച്ചു.
അപ്പോഴും എന്റെ മനസ്സിൽ എന്നെ എക്പ്രസ് ചെയ്യാൻ പറ്റുന്നില്ല എന്നതായിരുന്നു. മാധ്യമ പ്രവർത്തനം എന്നു പറഞ്ഞാൽ, നിങ്ങളുടെ സെൽഫ് അല്ലല്ലോ പുറത്തുവരുന്നത്. അത് എഡിറ്റോറിയൽ പോളിസിക്ക് അനുസരിച്ചയാണ്. നാം വെറും ഇടനിലക്കാരൻ ആണ്. നാടകം എഴുതി കളിക്കാനും ഗൾഫിൽ സാധ്യതയില്ല. അപ്പോൾ ഞാൻ കുറേ കവിതകൾ എഴുതി. അതിപ്പോൾ പബ്ലിഷ് ചെയ്തു. സെക്കൻഡ് എഡിഷനായി. നാടുകടത്തപ്പെട്ടവന്റെ കവിതകൾ എന്നാണ് പേരിട്ടിരിക്കുന്നത്.
അങ്ങനെ ഇരിക്കുമ്പോൾ സിനിമയെടുക്കാനുള്ള ഒരു സങ്കൽപ്പം വീണ്ടും ഉണ്ടായി. സംവിധായകൻ രഞ്ജിത്ത് എന്റെ അടുത്ത പരിചയക്കാരനാണ്. കോളജിൽ പഠിക്കുമ്പോഴെ അറിയാം. നല്ല സുഹൃത്താണ്. അവനാണ് സത്യത്തിൽ എന്നെ പ്രോൽസാഹിപ്പിച്ചത്. ഷട്ടർ എന്ന സിനിമ രഞ്ജിത്ത് ഇല്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ല.
ചോദ്യം: അസിസ്റ്റൻഡ് ഡയറക്ടർ ഒന്നുമായിട്ടില്ല. നേരെ അങ്ങ് ഡയറക്ടർ ആവാൻ തീരുമാനിച്ചു.
അതെ. നിങ്ങൾക്ക് ഏത് കാര്യത്തിലും അങ്ങനെ ചെയ്യാവുന്നതാണ്. നമുക്ക് എല്ലാം പഠിച്ചിട്ട് ഒരു കാര്യവും ചെയ്യാൻ കഴിയില്ല. നമുക്കൊരു വിഷൻ വേണം. അത് എക്സിക്യൂട്ട് ചെയ്യാനുള്ള വിദഗ്ധരായ ആളുകൾ ഉണ്ടായാൽ മതി. ഒരു ബസ് ഉടമ തന്നെ എല്ലാ ജോലിയും ചെയ്യണമെന്നില്ലല്ലോ. അതിനൊക്കെ അതിന്റെ ആളുകൾ ഉണ്ടാവും.
ഞാൻ ഗൾഫിൽ ഉള്ള സമയത്ത് രഞ്ജിത്ത് അവിടെ തന്റെ കേരള കഫേ എന്ന സിനിമയുമായി ഫിലിം ഫെസ്റ്റിവലിന് വന്നു. എന്നെയും കാണാനായി വിളിച്ചു. പടം കണ്ടപ്പോൾ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. മലയാള സിനിമയിൽ വലിയൊരു മാറ്റം വരുന്നുവെന്ന് മനസ്സിലായി. അങ്ങനെ ഞാൻ രഞ്ജിത്തുമായി ഒരു ഇന്റവ്യൂവൊക്കെ ചെയ്ത്, അത് ചിത്രഭൂമിയിൽ പബ്ലിഷ് ചെയ്തു. അപ്പോൾ ഞാൻ രഞ്ജിത്തിനോട് ചോദിച്ചു, ഞാൻ ഒരു പടം ചെയ്താലോ എന്ന്. നീ എന്നേ ചെയ്യേണ്ടതല്ലേ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. അങ്ങനെ രഞ്ജിത്തിന്റെ ഒരു കോൺഫിഡൻസിൽ ആണ് ഞാൻ തിരക്കഥ എഴുതി അവന് അയച്ചുകൊടുക്കുന്നത്. സ്ക്രിപ്റ്റ് എന്ന് പറഞ്ഞുകൂടാ, ഷട്ടറിന്റെ ഒരു ഐഡിയ.
ചോദ്യം: ആ ആശയം മനസ്സിൽ നേരത്തെ ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു. പത്തുപതിനഞ്ചുകൊല്ലമായി ഞാൻ മനസ്സിൽ കൊണ്ടു നടന്ന ഒരു ആശയം ആയിരുന്നു അത്. ഞാൻ നാടകം ആക്കാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ നാടകത്തിന്റെ കാലം അപ്പോഴേക്കും അസ്തമിച്ചിരുന്നു.
അങ്ങനെ രഞ്ജിത്ത് പറഞ്ഞത് അനുസരിച്ച് ഞാൻ ഫേസ്ബുക്ക് മെസഞ്ചറിൽ ഷട്ടറിന്റെ സ്ക്രിപിറ്റിന്റെ സിനോപ്സിസ് അയച്ചുകൊടുത്തു. ഗംഭീരം എന്നായിരുന്നു, രഞ്ജിത്തിന്റെ മറുപടി. ഇത് നീ ചെയ്യുന്നില്ലെങ്കിൽ ഞാൻ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ എനിക്ക് ഉറപ്പായി. ഞാൻ ചെയ്യുകയാണ് നല്ലതെന്ന്. അങ്ങനെ ഞാൻ നാട്ടിൽ വരുന്നു.
ചോദ്യം: അപ്പോഴാണോ ഗൾഫ് വിടാൻ തീരുമാനിച്ചത്. അവിടെ ചാനലിൽ ആയിരുന്നില്ലേ ജോലി നോക്കിയിരുന്നത്?
ഞാൻ അവിടെ അമൃതാ ടീവിയുടെ മിഡിൽ ഈസ്റ്റ് ബ്യറോ ചീഫ് ആയിരുന്നു. ആറുകൊല്ലം ആ പദവിയിൽ ഉണ്ടായിരുന്നു. കോഴിക്കോട് ഉണ്ടായിരുന്നപ്പോൾ സൂര്യയിലായിരുന്നു മാധ്യമ പ്രവർത്തനത്തിന്റെ തടുക്കം. പിന്നെ രണ്ട് മാഗസിന്റെ എഡിറ്റർ ആയി. സിനിമ പിടിക്കുന്ന സമയമായപ്പോഴേക്കും ഞാനും അമൃത ടീവി ചാനലുമായി ചില ഉടക്കുവന്നു. സ്വാഭാവികമായും ബ്യൂറോയും ഡെസ്ക്കും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാവും. ഞാൻ ഒരു സിംഗിൾ മാൻ ബ്യൂറോ ആയിരുന്നു അവിടെ. ആറ് ജിസിസി രാജ്യങ്ങളും എന്റെ പരിധിയിലാണ് വന്നിരുന്നത്. നല്ല സാലറി. കാർ, അലവൻസ് ഒക്കെയുണ്ടായിരുന്നു. ആ അർഥത്തിലൊക്കെ ഞാൻ വളരെ സന്തുഷ്ടനാണ്. അവസാനം പാരവെച്ചത് ഒഴിച്ചാൽ എനിക്ക് എല്ലാ സൗകര്യങ്ങളും നൽകിയിരുന്നു.
ഏത് കോർപ്പറേറ്റ് കമ്പനിയിലും നിങ്ങൾ ആവശ്യമില്ല എന്ന് കണ്ടാൽ അവർ കറിവേപ്പില പോലെ കളയും. അവിടെ ഒരു സെന്റിമെൻസും ഇല്ല. എംഡി തൊട്ടടുത്ത് ഇരുന്നിട്ട് നിങ്ങളോട് രാജിവെക്കാൻ ആവശ്യപ്പെട്ട് മെയിൽ അയക്കും. എന്തോ ഒരു പൊളിറ്റിക്കൽ സംഭവം ഉണ്ട് അതിൽ. ഞാൻ അതിലേക്ക് കടക്കുന്നില്ല. എന്നോട് രാജിവെക്കാൻ പറയുന്നു. ഞാൻ പറയുന്നു രാജിവെക്കില്ല. കാരണം ഗൾഫിൽ രാജിവെച്ച് പുറത്തുപോയാൽ നമുക്ക് നഷ്ടപരിഹാരം കിട്ടില്ല. പക്ഷേ അവർ ടെർമിനേറ്റ് ചെയ്താൽ കോമ്പൻസേഷൻ ചോദിക്കാം. ഞാൻ അപ്പോൾ 'പ്ലീസ് ടെർമിനേറ്റ് മീ' എന്ന് പറഞ്ഞ് അങ്ങോട്ട് മെയിൽ അയക്കും. അപ്പോൾ ഇങ്ങോട്ട് മെയിൽ വരും. നീ രാജിവെക്ക്. ഞാൻ തിരിച്ചയക്കും. നിങ്ങൾ ടെർമിനേറ്റ് ചെയ്യ്. അങ്ങനെ അവസാനം എന്നെ ടെർമിനേറ്റ് ചെയ്തു. അത് ലേബർ കോടതിയിൽ എത്തി.
ഇവിടെ നക്സലൈറ്റ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവിടെയും ആവണമെല്ലോ. നമ്മൾ ആ ഫൈറ്റിങ്ങ് സ്പിരിറ്റ് ഗൾഫാണെങ്കിലും എവിടെയാണെങ്കിലും ചെയ്തോണ്ടിരിക്കും. എല്ലാവരും എന്നെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. അമൃതയുടെ ഇവിടുത്തെ എംഡി ഭയങ്കരനാണ് എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു അതിനേക്കാൾ ഭയങ്കരനാണ് ഞാൻ. അങ്ങനെ ലേബർ കോടതിയിൽ കേസ് വന്നു. പക്ഷേ നമ്മുടെ ഇവിടുത്തെ ലേബർ കോടതിപോലെ അല്ല അവിടെ. അവിടുത്തെ അറബികൾക്കിടയിൽ തൊഴിലാളികളോട് മമത കൂടുതലാണ്. ഒരു ചെറുപ്പക്കാരനായ ലേബർ ഓഫീസറാണ്. അയാൾ എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കി. പിന്നെ ഒരു മീറ്റിങ്ങ് വെച്ചു. എംഡിയുമായി. അദ്ദേഹം രണ്ട് അറബി ദ്വിഭാഷികളുമായൊക്കെയാണ് വന്നത്. ഞാൻ എന്റെ ഒരു ഫ്രണ്ടുമായാണ് പോയത്. രണ്ടരക്കാണ് യോഗം വെച്ചത്. ഞാൻ വിചാരിച്ചു, ്ഏതായാലും പത്തു പതിനഞ്ച് മിനിട്ട് അയാൾ കാത്തിരിക്കട്ടെ. ഞങ്ങൾ ഒരു സിഗരറ്റ് ഒക്കെ വലിച്ച് സാവധാനമാണ് വന്നത്.
മീറ്റിങ്ങിൽ ഞാൻ ഉന്നയിച്ച കാര്യങ്ങൾ തള്ളിക്കളയാൻ അവർക്ക് കഴിഞ്ഞില്ല. ലീവ് പോലും ഇല്ലാതെ എല്ലാ ദിവസവും ഞാൻ പണിയെടുത്തിരുന്നു. നാട്ടിൽ പോയാലും വാർത്ത കൊടുത്തിരുന്നു. ഇതൊക്കെ എന്റെ ഡ്യൂട്ടിയായി കണക്കാക്കണമെന്ന വാദം അംഗീകരിക്കപ്പെട്ടു. വെള്ളിയാഴ്ച അവധി മാത്രമാണ് കുറച്ചത്. അങ്ങനെയാണ് എനിക്ക് കോമ്പൻസേഷൻ നൽകാൻ ഉത്തരവ് ആയത്.
ചോദ്യം: സിനിമ എടുക്കാൻ തീരുമാനിക്കുകയും ജോലിയിൽ നിന്ന് ടെർമിനേറ്റ് ചെയ്യപ്പെടുന്നത് ഏതാണ്ട് ഒരേ സമയത്തണോ?
്അല്ല. ഷട്ടറിന്റെ സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങുന്ന സമയം ഞാൻ അമൃതയിൽ വർക്ക് ചെയ്യുന്നുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഒരു ഇവന്റ് കമ്പനിയിലും ഞാൻ പാർട്നർ ആയിരുന്നു. ഒരു കൊല്ലത്തോളം. കാരണം എന്റെ വിസ മാറണം. വിസ മാറിയാലെ ഏന്റെ ഭാര്യക്കും മക്കൾക്കും ഇവിടെ നിൽക്കാൻ കഴിയൂ. ഈ കമ്പനി എന്നോട് ചെയ്ത ക്രൂരത അതാണ്. നിങ്ങളെ ടെർമിനേറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് അവിടെ നിൽക്കാൻ കഴിയില്ല. വിസ കാൻസൽ ആവും. മക്കളുടെയും ഭാര്യയുടെയും വിസയും കാൻസൽ ആവും. ഞാൻ അവരോട് പറഞ്ഞു. നിങ്ങൾ ഒരു കൊല്ലമെങ്കിലും മക്കളുടെയും ഭാര്യയുടെയും വിസ നിലനിർത്താനുള്ള കാര്യങ്ങൾ ചെയ്യണം. പക്ഷേ അവർ സമ്മതിച്ചില്ല. അങ്ങനെ ഞാൻ മറ്റൊരു ഫ്രണ്ടുമായി ചേർന്ന് ഉടൻ മറ്റൊരു കമ്പനി സ്റ്റാർട്ട് ചെയ്ത്, ആ കമ്പനിയിലേക്ക് എന്റെ വിസമാറ്റി. ഫാമിലിയെ മൊത്തം എക്സിറ്റ് അടിച്ച നാട്ടിലേക്ക് കൊണ്ടുപോയി വീണ്ടും കൊണ്ടുവന്നു. കുറേ ബുദ്ധിമുട്ടി.
അങ്ങനെ ഞാൻ ഈ സ്ക്രിപ്പ്റ്റിൽ വർക്കുചെയ്യുന്നു. ഭാര്യ ചോദിക്കുന്നു ഇനിയെന്താണ് പരിപാടി. സർവൈവ് ചെയ്യാനായി ഞങ്ങളുടെ ഇവന്റ് കമ്പനി ഉണ്ടായിരുന്നു. ഒരു ഓൺലൈൻ മീഡിയപ്പറ്റി ആലോചിച്ചു. പക്ഷേ അത് നടന്നില്ല. പക്ഷേ ഗൾഫിലുള്ള എന്റെ മറ്റൊരു സുഹൃത്തായ സുരേഷ് പറഞ്ഞു നിങ്ങൾ ഒരു സിനിമ എടുക്ക് എന്ന്. അയാൾക്ക് എന്റെ ബാക്ക്ഗ്രൗണ്ട്് ഒന്നും അറിയില്ലായിരുന്നു. പക്ഷേ അയാൾ അങ്ങനെ പറഞ്ഞു.
ആ പ്രചോദനം മനസ്സിൽ വെച്ച് ഞാൻ ഒരു ഷോർട്ട് ഫിലിമാണ് ആദ്യം തീരുമാനിച്ചത്. എനിക്ക് എന്നെതന്നെ ടെസ്റ്റ് ചെയ്യാൻ വേണ്ടിയായിരുന്നു അത്. ഈ ഷട്ടർ എന്ന സിനിമ, ഒരു ഷോർട്ട് ഫിലിമായി കൺസീവ് ചെയ്യാൻ. അതിന്റെ സ്ക്രിപ്റ്റ് എഴുതി. അപ്പോൾ ഈ സുഹൃത്ത് ചോദിച്ചു ഷോർട്ട് ഫിലിമിന് പത്തുപതിനഞ്ച് ലക്ഷം രൂപ ആവും. എന്നാൽ പിന്നെ ഫീച്ചർ ഫിലിം എടുത്തുകൂടെ എന്ന്. ബാക്കി നമുക്ക് അപ്പോൾ നോക്കാമെന്നും. അങ്ങനെ തുടങ്ങിയതാണ് ഷട്ടർ.
അപ്പോൾ അദ്ദേഹം കാശുതരാമെന്ന് പറഞ്ഞെങ്കിലും ഒരുഘട്ടം കഴിഞ്ഞപ്പോൾ അദ്ദേഹം വിചാരിച്ച പണം വന്നില്ല. പക്ഷേ ഷൂട്ടിങ്ങ് തുടങ്ങുകയും ചെയ്തു. പിന്നെ നമ്മുടെ സുഹൃത്തുക്കളുടെയും ഭാര്യയുടെയും ഭാര്യാ സഹോദരന്റെയുമൊക്കെ കൈയിൽ നിന്ന് പണം വാങ്ങി, അന്നത്തെ ചെലവിൽ ഒരു കോടി 76 ലക്ഷം രൂപക്ക് പടം തീർത്തു. ഒരു ലോ ബജറ്റ് സിനിമയാണത്്. ഒരു ദരിദ്ര സിനിമ എന്ന് വേണമെങ്കിൽ പറയാം.
ചോദ്യം: കാശുണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നില്ലേ?
അതേ. പക്ഷേ ആ സിനിമ എന്റെ ജീവിതം മാറ്റി. അത് എഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു. നിരവധി പുരസ്ക്കാരങ്ങൾ കിട്ടി. ചലച്ചിത്രലോകത്ത് വേറൊരു കൾച്ചർ കൊണ്ടുവന്നു. ആ സമയത്താണ് അഭിനയത്തിലേക്ക് വരുന്നത്.
ഈ സിനിമയുടെ പണി നടക്കുമ്പോൾ ഞാൻ ഗൾഫ് വിട്ടിട്ടില്ല. എന്റെ വിസ അവിടെയാണ്. ഭാര്യക്ക് അവിടെ ജോലിയുണ്ട്. ആ ശമ്പളത്തിലാണ് എന്റെ ജീവിതം. എന്നെക്കാൾ ശമ്പളമുണ്ടായിരുന്നു ഭാര്യക്ക്. പക്ഷേ അതിന്റെ അഹങ്കാരം ഒന്നുമില്ല ( ചിരിക്കുന്നു) അവൾ ഇന്ത്യാവിഷന്റെ എച്ച് ആറിലാണ് ജോലി ചെയ്തിരുന്നത്. ഗൾഫിൽ നല്ല ജോലി സാധ്യതയുണ്ടെന്ന് ചിലർ പറഞ്ഞതിനെ തുടർന്നാണ് അവളും വരുന്നത്. ഞാൻ ഗൾഫിലുമാണെല്ലോ. അവിടെ ഒരു നല്ല എക്സ്പോർട്ടിങ്ങ് കമ്പനിയിൽ അവൾക്ക് ജോലി കിട്ടി. അങ്ങനെ നല്ലരീതിയിൽ പോവുമ്പോഴാണ് ഈ സംഭവങ്ങൾ ഒക്കെയുണ്ടാവുന്നത്.
ചോദ്യം: ഷൂട്ടിങ്ങിൽ പ്രതിസന്ധി കുറേ ഉണ്ടായോ?
അതെ. കുറേ പ്രതിസന്ധിയുണ്ടായി. പണം ഇല്ലാത്തതുകൊണ്ട്, നാലുഷെഡ്യൂൾ ആയിട്ടാണ് പടം തീർത്തത്. നിർമ്മാതാക്കളെ സമീപിച്ചപ്പോൾ ഒക്കെ അവർ കുറേ ഡിമാൻസ് വെക്കും. മാത്രമല്ല എനിക്ക് പരിചയവുമില്ല ഇവരെയൊന്നും. പടം മൊത്തം ഞങ്ങൾ തീർത്തോളാം, ആളെ മാറ്റിയാൽ മതി എന്നൊക്കെ ചിലർ പറയും. അപ്പോഴേക്കും സൂര്യ ടീവി നമ്മുടെ പടം വാങ്ങി.
ചോദ്യം: സിനിമയിലെ കാസ്റ്റിങ്ങ് ഒക്കെ എങ്ങനെയാണ് തീരുമാനിച്ചത്?
നമ്മുടെ മനസ്സിൽ ഒരു ഐഡിയ വരുമല്ലോ ആരാണ് വേണ്ടതെന്ന്. ലാൽ അന്ന് നല്ല തിരക്കുള്ള നടനാണ്. സാൾട്ട് എൻ പെപ്പറൊക്കെ സക്സസ് ആയി നിൽക്കുമ്പോഴാണ് ഞാൻ, ചെല്ലുന്നത്. അവരുമായുള്ള അപ്പോയിന്മെന്റ് കിട്ടുന്നതുതന്നെ പ്രയാസം ആയിരുന്നു. ആരെയുമായി പരിചയമില്ല. പരിചയമുള്ള രഞ്ജിത്തിന്റെയൊന്നും സഹായം ഞാൻ തേടിയതുമില്ല. അവസാനഘട്ടത്തിലാണ് ഞാൻ വ്യക്തിബന്ധങ്ങൾ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാറുള്ളത്. പിന്നെ കുറച്ച് എന്റെ അഹങ്കാരവും ഉണ്ട്. ( ചിരിക്കുന്നു)
അങ്ങനെ ഞാൻ ലാലിനെ കാണാൻ പോകുന്നു. അദ്ദേഹം ആദ്യം കരുതിയത് ഗൾഫിൽ നിന്ന് വന്ന ഒരു പണക്കാരൻ എന്നാണ്. എനിക്കന്ന് ഫ്രഞ്ച് താടിയയൊക്കെയുണ്ട്. ഗൾഫിന്റെ ഒരു പളപളപ്പൊക്കെയുണ്ട്. പക്ഷേ ലാലിന് ഈ സബ്ജക്റ്റ് ഭയങ്കര ഇഷ്ടമായിരുന്നു. ഇടക്കിടയ്ക്ക് രാത്രി ഫോൺ ചെയ്യും. അത് ഇങ്ങനെ ആക്കിക്കൂടെ എന്നൊക്കെ പറഞ്ഞ്. ഞാൻ അത് അങ്ങനെ ആക്കാം എന്നൊക്കെപ്പറയും. പക്ഷേ ഞാൻ തീരുമാനിച്ചപോലെയാണ് കാര്യങ്ങൾ നീങ്ങുക.
ശ്രീനിവാസനും അതുപോലെ നല്ല തിരക്കുള്ള സമയമാണ്. ശ്രീനിവാസന് എന്നെ നന്നായി അറിയാം. ഞാൻ നാടകവേദിയിൽ അഭിനയിക്കുന്നത് ഒക്കെ അറിയാം. ലാലും ശ്രീനിവാസനും രണ്ട് വിജയിച്ച സംവിധായകർ കൂടിയാണ്. പക്ഷേ അവരും എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തു. എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ഞാൻ എല്ലാം പഠിച്ച് തെളിഞ്ഞ് സംവിധായകന്റെ മേലങ്കി അണിഞ്ഞ് വന്നത് ഒന്നുമല്ല. അങ്ങനെ ഒരു മേലങ്കിയൊന്നുമില്ല. അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇതൊക്കെ പത്രക്കാർ ഉണ്ടാക്കുന്നതാണ്.
ശ്രീനിയേട്ടനോടൊക്കെ ഞാൻ എത്രയോ പ്രാവശ്യം സ്ക്രിപ്റ്റിൽ സംശയം ചോദിച്ചിട്ടുണ്ട്. ലാലും അതുപോലെ തന്നെ. എഡിറ്റിങ്ങിൽ എന്റെ കൂടെ ഇരിക്കയും ചെയ്തിട്ടുണ്ട് ലാൽ. പടം തീരുമ്പോഴേക്കും ഇവർക്ക് എന്നോട് നല്ല സ്നേഹമായി.
ചോദ്യം: സാധാരണ സിനിമ തീരുമ്പോഴേക്കും ശത്രുക്കളാവുകയാണേല്ലോ ചെയ്യുക?
അങ്ങനെ ഒന്നും ഉണ്ടായില്ല. ഞാൻ ലാലിനൊക്കെ പണം കൊടുത്തത് എത്രയോ കഴിഞ്ഞിട്ടാണ്. അഡ്വാൻസ് മാത്രമാണ് കൊടുത്തിരുന്നത്. ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞ് പോകുമ്പോൾ, നടീനടന്മാർക്കും ഒരു തുക കൂടി കൊടുക്കണം. അത് മാമൂൽ ആണത്രേ. എനിക്ക് അറിയില്ല ഇതൊന്നും. അപ്പോൾ രണ്ട്ലക്ഷം രൂപ ലാലിന് കൊടുക്കാൻ മാറ്റിവെച്ചിരുന്നു. അപ്പോൾ വേറൊരു ആർട്ടിസ്റ്റിന് ഇരുപത്തിഅയ്യായിരം രൂപ കിട്ടിയേ പറ്റു. ചെക്ക് പോര. അപ്പോൾ ഞാൻ ലാലിന് പൈസ കൊടുത്തിട്ട്, ഒരു ഇരുപത്തിഅയ്യായിരം രൂപ കടം തരുമോയെന്ന് ചോദിച്ചു. എന്നാൽ ഇത് മുഴുവൻ വെച്ചോയെന്ന് പറഞ്ഞ് ലാൽ പണം തിരിച്ചുതന്നു. അപ്പോഴേക്കും ഞങ്ങൾ തമ്മിൽ നല്ല ബന്ധം ആയിരുന്നു. പക്ഷേ ഞാൻ ഇരുപത്തിഅയ്യായിരമേ വാങ്ങിയുള്ളൂ.
പടം കഴിഞ്ഞ് പോകുമ്പോൾ ശ്രീനിയേട്ടനൊക്കെ കൊടുത്തത് എണ്ണി നോക്കുക പോലും ചെയ്യാതെ പൊതിഞ്ഞ് കൊണ്ടുപോവുകയായിരുന്നു. ഡബ്ബിങ്ങ് കഴിഞ്ഞ എത്രയോ കഴിഞ്ഞാണ് സെറ്റിൽ ചെയ്യുന്നത്. അപ്പോഴേക്കും പടം സൂര്യ ടീവി മേടിച്ചിരുന്നു. അതോടെ പ്രൊഡക്ഷൻ കോസ്റ്റ് മുതലായി. അന്യഭാഷകളിൽ വിറ്റതിലുടെ ലാഭവും കിട്ടി.
ചോദ്യം: ആമേൻ സിനിമ വന്നതും അപ്പോൾ തന്നെയല്ലേ?
അതേ. ഷട്ടർ റിലീസ് ചെയ്യുന്നതിന് മുമ്പ് ആമേനിൽ അഭിനയിച്ചു ഞാൻ. രണ്ടു ചിത്രങ്ങളും ഒരേ വർഷമാണ് റിലീസ് ചെയ്യുന്നത്.
ചോദ്യം: ഒരു നടൻ എന്ന നിലയിൽ അമ്മ അറിയാനുശേഷം വർഷങ്ങളുടെ ഗ്യാപ്പ് വന്നല്ലോ. പിന്നെ എങ്ങനെയാണ് അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്?
ഷട്ടർ ഷൂട്ടിങ്ങ് നടക്കുമ്പോൾ, ഞാൻ നീട്ടലും കുറക്കലുമുള്ള കോഴിക്കോടൻ ഭാഷ പഠിപ്പിക്കയാണ്. കുറച്ച് ബുദ്ധിമുട്ടാണ് ആ സ്ളാങ്ങ് കിട്ടാൻ. കുറച്ചു കഴിഞ്ഞപ്പോൾ ലാൽ എന്നോട് ചോദിച്ചു നിങ്ങൾക്കുതന്നെ ഈ വേഷം ചെയ്താൽ പോരെയെന്ന്. ലാലിന് ആദ്യം ഈ സെറ്റപ്പ് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ഷട്ടറിട്ട മുറി. സംസാരിക്കാൻ പറ്റിയ ആർട്ടിസ്റ്റുകൾ ഇല്ല. സൊറ പറയാൻ സുഹൃത്തുക്കൾ ഇല്ല. അതും പയ്യോളി പോലുള്ള ഒരു കാട്ടുമുക്കിൽ. ആദ്യത്തെ ദിവസമൊക്കെ കുറച്ച് നീരസത്തോടെയാണ് ലാൽ ഇരുന്നത്. അപ്പോഴാണ് ലാൽ പറയുന്നത്. നിങ്ങൾ നല്ല നടനാണെല്ലോ. നിങ്ങൾക്കുതന്നെ ഇത് അഭിനയിച്ചാൽ പോരെ എന്ന്. ഇദ്ദേഹത്തിന് അറിയില്ല, ഞാൻ അമ്മ അറിയാനിൽ അഭിനയിച്ചതും എന്റെ നാടക ചരിത്രവും ഒന്നും. ഞാൻ പറഞ്ഞു. എനിക്ക് നിങ്ങളുടെ രൂപമില്ല. ഒരു സിംഹം കൂട്ടിൽ കുടുങ്ങിയ ഫീൽ ആണ് എനിക്ക് കിട്ടേണ്ടത് എന്നൊക്കെ പറഞ്ഞ് പിരികേറ്റി.
പക്ഷേ രാജീവ് രവിക്കൊക്കെ അറിയാം ഞാൻ അമ്മ അറിയാനിൽ അഭിനയിച്ച ആൾ ആണെന്ന്. രാജീവ് രവി വന്ന് എന്നെ അന്നയും റസൂലിൽ വിളിച്ചുകൊണ്ടുപോയി അഭിനയിപ്പിച്ചു. എന്റെ സുഹൃത്തായ രംഗനാഥ് രവി എന്ന സൗണ്ട് ഡിസൈനറാണ് ലിജോ ജോസ് ഇങ്ങനെ ഒരു ക്യാരക്ടറിനെ കുറിച്ച് പറയുന്നുണ്ടെന്നും ജോയി ഏട്ടന് അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്നും ചോദിക്കുന്നത്. പിന്നെന്താ അഭിനയമല്ലേ നമ്മുടെ തൊഴിൽ എന്ന് ഞാനും പറഞ്ഞു. അപ്പോൾ ഷട്ടറിന്റെ പോസ്റ്റ് ഷൂട്ടിങ്ങ് വർക്കുകൾ പുരോഗമിക്കയാണ്. അപ്പോഴാണ് ലിജോയെ കാണുന്നതും എന്നെ കാസ്റ്റ് ചെയ്യുന്നതും. ആമേൻ എന്റെ ജീവിതം മാറ്റിമറിച്ചു.
ചോദ്യം: ലിജോ വന്ന് നേരിട്ട് ചോദിച്ചോ?
അതേ. ലിജോയുടെ നായകനും സിറ്റി ഓഫ് ഗോഡുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം വളരെ നല്ല ടെക്ക്നീഷ്യനാണെന്ന് എനിക്കറിയാം. അങ്ങനെ അദ്ദേഹം ആമേനിന്റെ സ്ക്രിപ്പ്റ്റ് ഇംഗ്ലീഷിൽ അയച്ചു തന്നു. ഞാൻ വായിച്ചിട്ട് പറഞ്ഞു. ഇതൊരു ലാറ്റിനമേരിക്കൻ നോവൽ പോലെ ഉണ്ടെന്ന്. ഇതിന്റെ മലയാളം കിട്ടുമോ എന്നും ചോദിച്ചു.
ചോദ്യം: അതെന്താണ് ഇംഗ്ലീഷിൽ എഴുതാനുള്ള കാരണം?
അത് എനിക്കറിയില്ല. സ്ക്രിപ്പറ്റല്ല, അതിന്റെ സിനോപ്സിസ് വരുന്ന മുഴുവൻ സ്റ്റോറിയാണ് അങ്ങനെ അയച്ചുതന്നത്. ഞങ്ങൾ ഒക്കെ അങ്ങനെ ചെയ്യാറുണ്ട്. ഷട്ടർ ഞാൻ ആദ്യം എഴുതിയത് ഇംഗ്ലീഷിൽ ആയിരുന്നു. മേനി പറയുകയല്ല. പ്രൊഡ്യുസറെ കൺവിൻസ് ചെയ്യിക്കാൻ വേണ്ടി കൂടിയാണത്.
പിന്നെ പുള്ളി ഫോൺ ചെയ്ത് ചോദിച്ചു. അതിൽ ചേട്ടന് ഇഷ്ടപ്പെട്ട വേഷം ഏതാണെന്ന്. ചെയ്യണം എന്ന് തോന്നുന്നത്, സോളമൻ എന്ന വേഷമാണ്, അതിന് എന്റെ പ്രായം അനുവദിക്കില്ലല്ലോ എന്ന് പറഞ്ഞു. പിന്നെ ഒറ്റപ്ലാക്കാൻ എന്ന കഥാപാത്രം ഉണ്ട്. അത് എനിക്ക് കിട്ടിയാൽ കൊള്ളാമെന്ന് പറഞ്ഞു. അതുതന്നെയാണ് ചേട്ടന് ഞങ്ങൾ വെച്ച വേഷമെന്ന് ലിജോയും പറഞ്ഞു. പ്രതിഫലം പോലും പറഞ്ഞിട്ടില്ല. പ്രതിഫലം അല്ല വിഷയവും. അങ്ങനെ ഞാൻ, അഭിനയിക്കാൻ പോയി. പക്ഷേ എന്റെ ഉള്ളിൽ അറിയാമായിരുന്നു ഇത് ക്ലിക്കാവുമെന്ന്.
ലിജോ എന്നോട് പറഞ്ഞു. ഇത് നമുക്ക് വേറൊരു സ്റ്റൈലിൽ പിടിക്കാം. അങ്ങനെ ഞങ്ങൾ ചർച്ചചെയ്താണ് ഒരു സ്റ്റെലിഷ്ഡ് ആക്റ്റിങ്ങ് കൊണ്ടുവരുന്നത്. നാടകീയമാണ് ആ സിനിമ. സാധാരണ നടക്കുന്നതുപോലെയല്ല, കൈവെക്കുന്നത് പോലെയല്ല, ചൂണ്ടുന്നതുപോലെയല്ല... ആ ക്ലാരനറ്റ് പൊട്ടിക്കുന്നതുപോലും തീയേറ്ററിക്കലാണ്. അതിഭാവുകത്വം ഉണ്ട് ഭയങ്കരമായിട്ട്. എന്റെ കണ്ണ് ഭയങ്കര ഇഷ്ടമാണ് ലിജോയ്ക്ക്. ഈ കണ്ണിലെ ഉഡായിപ്പാണ് എനിക്ക് വേണ്ടത് എന്നു പറഞ്ഞു. അങ്ങനെ നീല ഗ്ലാസൊക്കെ വച്ചാണ് അഭിനയിച്ചത്. അപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. ഈ പടം ക്ലിക്ക് ആവുകയാണെങ്കിൽ എന്റെ ലൈൻ മാറുമെന്ന്.
എന്റെ ഭാര്യക്ക് തീരെ ഇഷ്ടമില്ലായിരുന്നു ഞാൻ ഇതിൽ അഭിനയിക്കുന്നത്. കാരണം അവളുടെ കൈയിൽനിന്ന് വാങ്ങിയതും അവളുടെ കെയർഓഫിൽ വാങ്ങിയതും ചേർന്ന് പണം പെട്ടിയിൽ ഇരിക്കവേയാണ് ഞാൻ അഭിനയിച്ച് നടക്കുന്നത്്. ലൊക്കേഷനിൽ വന്നപ്പോൾ ഞാൻ ഇന്ദ്രജിത്ത് അടക്കമുള്ളവരെ പരിചയപ്പെടുത്തി. അപ്പോൾ ഭാര്യ ചോദിച്ചു. നിങ്ങൾ ഇനി ഇതുമായി നടക്കാൻ പോവുകയാണോ. ഞാൻ പറഞ്ഞു. അല്ല ഇത് വ്യത്യാസമുള്ള സിനിമയാണ്. പക്ഷേ പടം റിലീസായപ്പോൾ അഭിപ്രായം മാറി. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് തീയേറ്ററിൽ പടം കാണാൻ പോയത്. ക്ലാരനറ്റ് പൊട്ടിക്കുന്ന സമയത്തൊക്കെ ആളുകൾ തെറിപറയുന്നുണ്ട്. എടാ തെണ്ടീന്നൊക്കെ വിളിക്കുന്നുണ്ട്. ഭാര്യ പറഞ്ഞു. കേട്ടില്ലേന്ന്. പക്ഷേ പിന്നീട് ഈ പ്രൊഡക്ഷൻ മാനേജർമാർ പടത്തിൽ അഭിനയിക്കാൻ വിളിക്കുമല്ലേ. അതോടെയാണ് അവളുടെ മുഖം തെളിഞ്ഞത്.
ചോദ്യം: ആ സമയത്തുതന്നെ ഒരുപാട് സിനിമകൾ വന്നു അല്ലേ?
ഒരു വർഷം ചെറുതും വലുതുമായി 23 പടങ്ങളിൽ അഭിനയിച്ചു. ആരെയും നിരാശരാക്കിയിട്ടില്ല. കുറച്ച് പടങ്ങൾ മാത്രമാണ് ഒഴിവാക്കിയത്. പിന്നെ ഒരു സോഷ്യൽ ഇഷ്യൂവിൽ ഞാൻ ഇടപെട്ടപ്പോൾ കുറച്ച് പടങ്ങൾ പോയി. അതിൽ എനിക്ക് നിരാശയൊന്നും ഇല്ല. ആ സമയത്ത് ഞാൻ എഴുതിയ കഥയാണ് അങ്കിൾ. കാരണം ഒരു തൊഴിൽ നഷ്ടപ്പെട്ടാൽ മറ്റൊരു തൊഴിലിലേക്ക് നമ്മൾ പെട്ടെന്ന് മാറണം. പിന്നെ വീണ്ടും അഭിനയത്തിൽ സജീവമായി. ഇപ്പോൾ കൊറോണ കഴിഞ്ഞപ്പോൾ, മൂന്നു പടങ്ങൾ ചെയ്തു.
ചോദ്യം: ആമേനിലെ അഭിനയം കഴിഞ്ഞതോടെ എവിടെചെന്നാലും ആളുകൾ തിരിച്ചറിയുന്ന അവസ്ഥ വന്നില്ലേ?
എല്ലാവരും തിരിച്ചറിയുകയൊന്നുമില്ല. എന്നോട് ഒരാൾ ചോദിച്ചു. ശരിക്കും എന്താണ് നിങ്ങളുടെ പണിയെന്ന്. ആദ്യത്തെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് വയനാട്ടിൽ ആദിവാസികൾക്ക് ചില സഹായങ്ങൾ ചെയ്യാൻ പോയതായിരുന്നു. ഈ ജീപ്പ് ഡ്രൈവർക്ക് എന്നെ ഒരു 'വിലയുമില്ല'. ഒക്കെ കഴിഞ്ഞ ഇറങ്ങാൻ നേരം അയാൾ ചോദിച്ചു. എന്താണ് പണി സാറിന്റെ. ഞാൻ പറഞ്ഞു അങ്ങനെ പ്രത്യേകിച്ച് പണിയൊന്നുമില്ല. അല്ല ആൾക്കാരൊക്കെ ഇങ്ങനെ കൈകാണിച്ച് ഹായ് പറയുന്നുണ്ടല്ലോ. അപ്പോൾ വേറെ ഒരാളാണ് പറഞ്ഞത് ഇയാൾ നടനാണെന്ന്. അപ്പോൾ അയാൾ പറയുകയാണ്. ' എന്റെ സാറേ ഞാൻ സിനിമക്ക് പോകാറില്ല. ഒന്നാമത് വണ്ടിയുടെ ലോൺ അടക്കണം. രാവും പകലും വണ്ടിയോടിക്കയാണ്'- അങ്ങനെ ചില രസകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഒരു ആക്്ററർക്ക് കിട്ടുന്ന സ്നേഹം എനിക്ക് കേരളത്തിൽനിന്ന് കിട്ടുന്നുണ്ട്.
ചോദ്യം: ഈ നരേന്ദ്രപ്രസാദിന്റെ ഒരു സ്പേസ് ആണോ ഫിൽ ചെയ്യുന്നത്.
നരേന്ദ്രപ്രസാദ് സാർ ഉണ്ടായിരുന്നെങ്കിലും ഞാൻ ചിലപ്പോൾ നടനായി ഇവിടെ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ സ്പേസ് അപഹരിച്ചിട്ടില്ലൊന്നുമില്ല. പ്രസാദ് സാറിന്റെ അത്രവലിയ നടൻ ആണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പ്രസാദ് സാർ, എൻഎഫ് വർഗീസ്, മുരളി ഇവരൊക്കെ പെട്ടെന്നാണ് ഇല്ലാതായത്. സ്വാഭാവികമായും അത്തരം ക്യാരക്ടേഴ്സ് അഭിനയിക്കുന്നവരുടെ ആവശ്യം വരും. കറക്ട് സമയത്ത് ഞാൻ അവിടെ പൊട്ടിവീണു എന്നു മാത്രമേയുള്ളൂ.
ചോദ്യം: നരേന്ദ്ര പ്രസാദുമായി പല സാമ്യങ്ങൾ ഉണ്ട് താനും. ബാക്ക്ഗ്രൗണ്ടും അറിവും..
അറിവ് അദ്ദേഹത്തിന് എന്നേക്കാൾ, കൂടുതലുണ്ട്. പ്രൊഫസർ ആയിരുന്നു, നിരൂപകനായിരുന്നു, നാടകത്തിൽ ഉണ്ടായിരുന്നു. സിനിമാക്കാർക്ക് അതൊന്നും അറിയില്ലായിരുന്നു. ഞങ്ങൾ പണ്ട് ഒരുമിച്ച് ഒരു സീരിയലിൽ അഭിനയിച്ചിട്ടുമുണ്ട്. അന്ന് നല്ല ദാരിദ്ര്യമുള്ള കാലമാണ്. സീരിയലിൽ അഭിനയിച്ചാൽ വൈകീട്ട് പണം കൃത്യമായി കിട്ടും.
ചോദ്യം: ഇപ്പോൾ മൊത്തം എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ട്?
ഇപ്പോൾ നിവിൻപോളിയുടെ കനകം കാമിനി കലഹം അടക്കം തൊണ്ണൂറ് പടങ്ങൾ ആയി. കോവിഡിനെ തുടർന്ന് ഷൂട്ടിങ്ങ് വീണ്ടും തുടങ്ങിയപ്പോൾ മൂന്ന് പടങ്ങൾ ചെയ്തു. ഖുർബാനി, ദൃശ്യം 2 തുടങ്ങിയവ. ദൃശ്യം 2വിൽ എനിക്ക് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വേഷമാണ്. ഈ പടം ജനം കാണുന്ന സിനിമയാണ്. അതിൽ ഒരു ചെറിയ വേഷം അയാലും ചെയ്യണം.
എന്നത്തേക്ക് റിലീസ് ആവും എന്ന് അറിയില്ല. പക്ഷേ സിനിമയല്ലാതെ ഒരു മാസ് എന്റർടെയിന്മെന്റ് ഇപ്പോഴും വന്നിട്ടില്ല. അതുകൊണ്ട് ഏതെങ്കിലും ഒരു ഫോർമാറ്റിൽ ഇത് ആളുകൾ കാണും. ഒ ടി ടി ആയിട്ടോ, മൊബൈൽ ആയിട്ടോ, ടീവിയിലോ എങ്ങനെയെങ്കിലും.
( തുടരും)
മറുനാടന് ഡെസ്ക്