തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന ശ്രീറാം വെങ്കിട്ടരാമനെന്ന എന്ന സബ് കളക്ടർക്ക് പിന്തുണയർപ്പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

ശരിക്കും ഭരണചക്രം തിരിക്കുന്നത് കവലപ്രസംഗം നടത്തി മേലനങ്ങാതെ ജീവിക്കുന്ന രാഷ്ട്രീയക്കാരോ ഉദ്ഘാടനങ്ങളുമായി നടക്കുന്ന മന്ത്രിമാരോ അല്ല, രാപ്പകൽ ഉറക്കമൊഴിഞ്ഞിരുന്ന് പഠിച്ച് ജോലി നേടുന്ന ഉദ്യോഗസ്ഥർ തന്നെയാണെന്നാണ് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

എഴുത്തും വായനയും അറിയാത്ത രാഷ്ട്രീയപ്രവർത്തകർ എന്ന ജോയ് മാത്യൂവിന്റെ പ്രയോഗവും ശ്രദ്ധേയമാണ്. മഹിജയുടെ കുടുംബത്തെ അധിക്ഷേപിച്ച മന്ത്രി എം.എം മണിക്കെതിരെ ജോയ് മാത്യു അടുത്തിടെ രംഗത്തെത്തിയിരുന്നു. നിലവിൽ മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കുന്ന ശ്രീറാമിനെതിരെയും മന്ത്രി രംഗത്തെത്തി. ഈ സാഹചര്യത്തിൽ എം.എം മണിയെ ഉദ്ദേശിച്ചുതന്നെയാണ് ജോയ് മാത്യുവിന്റെ ഈ പ്രയോഗമെന്നും വിലയിരുത്തപ്പെടുന്നു.

അഴിമതിക്കാരെന്നോ സ്വജനപക്ഷപാതികളെന്നോ പേരുകേൾപ്പിക്കാത്ത മിടുക്കരായ ഉദ്യോഗസ്ഥരെ നിശബ്ദരാക്കുകയോ തെറിപ്പിക്കുകയോ ചെയ്യുന്നത് രാഷ്ട്രീയ ഗുണ്ടായിസമാണെന്നും ജോയ് മാത്യു പറയുന്നു.

സൂപ്പർ നായകന്മാരുടെ ഇടിവെട്ട് ഡയലോഗുകൾക്ക് കയ്യടിക്കുന്ന മലയാളിക്ക് ജീവിതത്തിലെ യഥാർഥ പോരാളികളെക്കാണുമ്പോൾ കൈപൊന്താത്തത് എന്താണെന്നും ജോയ് മാത്യു ചോദിക്കുന്നു. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്ന ചെറുപ്പക്കാരന് നമ്മൾ നൽകുന്ന പിന്തുണ പുതു തലമുറക്ക് വെളിച്ചമാവേണ്ടതുണ്ടെന്നും സോളിഡാരിറ്റി ടും ശ്രീറാം എന്ന ഹാഷ്ടാഗിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ ആഹ്വാനം ചെയ്യുന്നു.

ജോയ് മാത്യുവിന്റെ പോസ്റ്റ് പൂർണമായും ഇവിടെ വായിക്കാം.


ശരിക്കും ഭരണചക്രം തിരിക്കുന്നതാരാണ് ? കവലപ്രസംഗം നടത്തി കയ്യടിവാങ്ങുന്ന മന്ത്രിമാരാണോ, ജീവിതത്തിൽ ഒരു ജോലിക്കും പോയിട്ടില്ലാത്ത, പണിയെടുക്കുന്നതിന്റെ സുഖദുഃഖങ്ങൾ എന്തെന്നറിയാത്ത, എന്തിനു, എഴുത്തും വായനയും അറിയാത്ത രാഷ്ട്രീയപ്രവർത്തകരോ അതോ നാടുനീളെ ഉദ്ഘാടനങ്ങളും കല്ലീടലുകളുമായി പാഞ്ഞു നടക്കുന്ന ജനപ്രധിനിധികളാണോ? അല്ല !വിവരവും വിദ്യാഭ്യാസവും ഭരണനൈപുണ്യവുമുള്ള ഉദ്യോഗസ്ഥരാണ് യഥാവിധി കാര്യങ്ങൾ നടപ്പിലാക്കുന്നത്. ഉറക്കമിളച്ചിരുന്ന് പഠിച്ചു പാസ്സായി ജോലിയെടുക്കാൻ തയാറായി വരുന്ന ഉദ്യാഗസ്ഥരെ അവരുടെ ജോലിയിൽ നിന്നും തടയുകയോ ഭീഷണിമുഴക്കി പിന്തിരിപ്പിക്കുകയോ ചെയ്യുന്നതിന്റെ പേരാണു ജനവിരുദ്ധത-അഴിമതിക്കാരനെന്നോ സ്വജനപക്ഷപാതിയെന്നോ പേരുകേൾപ്പിക്കാത്ത മിടുക്കന്മാരായ ഉദ്യോഗസ്ഥരെ നിശ്ശബ്ദരാക്കുകയൊ സ്ഥാനത്തുനിന്നും തെറിപ്പിക്കുകയോ ചെയ്യുന്നതിനെ രാഷ്ട്രീയ ഗുണ്ടായിസം എന്നാണു പറയുക-

സോളാർ ഇടപാടിന്റെ അശ്ളീലതയും വയോധികമന്ത്രിയുടെ ഫോൺ സംഭാഷണങ്ങളും കേട്ട് കോൾമയിർ കൊള്ളുന്ന മലയാളി മനസ്സിലാക്കണം കുറ്റകരമായ നമ്മുടെ ഈ നിശ്ശബ്ദത വരും തലമുറക്ക് ശവക്കുഴി തീർക്കലായിരിക്കുമെന്ന് . ഹെക്ടർ കണക്കിനു സർക്കാർ ഭൂമി കയ്യേറ്റം ചെയ്ത രാഷ്ട്രീയ മാഫിയാ സംഘത്തെ ഭയക്കാതെ തന്റെ ജോലിയുമായി മുന്നോട്ടുപോകുന്ന സത്യസന്ധനായ ഒരുദ്യോഗസ്ഥനെ പിന്തുണക്കുകയാണ് ഭാവിയെക്കുറിച്ച് ഉൽകൺഠപ്പെടുന്ന ഒരോ കേരളീയനും ചെയ്യേണ്ടത്.

എന്തുകൊണ്ടാണ് കാര്യപ്രാപ്തിയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരെ മാറിമാറിവരുന്ന ഭരണകൂടങ്ങൾ (ഏത് മുന്നണിയായാലും) നിശ്ശബ്ദരാക്കുകയോ അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയോ ചെയ്യുന്നത്? ഋഷിരാജ് സിങ്, രാജു നാരായണസ്വാമി, സെൻ കുമാർ, ജേക്കബ് തോമസ് ......അങ്ങിനെ എത്രപേർ- ഉദാഹരണങ്ങൾ നിരവധിയാണ്.

രാഷ്ട്രീയ മാഫിയക്ക് അടുക്കളപ്പണി ചെയ്യുന്ന അസംഖ്യം ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾ ഉള്ളിടത്ത് എണ്ണത്തിൽ കുറവെങ്കിലും ധീരതയിൽ മുൻപന്മാരായ ഉദ്യോഗസ്ഥർ വരുന്നുണ്ട് എന്നതാണു നമുക്കുള്ള ഏക ആശ്വാസം-
സൂപ്പർ നായകന്മാരുടെ ഇടിവെട്ട് ഡയലോഗുകൾക്ക് കയ്യടിക്കുന്ന മലയാളിക്ക് ജീവിതത്തിലെ യഥാർഥ പോരാളികളെക്കാണുമ്പോൾ കൈപൊന്താത്തത് എന്താണ് ?

ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്ന ചെറുപ്പക്കാരന് നമ്മൾ നൽകുന്ന പിന്തുണ ഇനിയെങ്കിലും ഈ നാട് നന്നായിക്കാണണം എന്നാഗ്രഹിക്കുന്ന-ഉറക്കമിളച്ചിരുന്ന് രവെങ്കിപഠിച്ച് മുന്നേറുന്ന പുതു തലമുറക്ക് വെളിച്ചമാവേണ്ടതുണ്ട്- നമ്മുടെ പിന്തുണ മിടുക്കന്മാരായ ശ്രീറാമിനെപ്പോലുള്ളവർക്കാവണം

#solidaritytosreram
#savekeralam