- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്നു പോകുന്ന വഴി കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; പരാതി നൽകിയപ്പോൾ വനിതാ എസ്ഐ മോശമായി പെരുമാറി; അടൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ പിതൃസഹോദരിയെ അപായപ്പെടുത്താൻ ശ്രമം; സിപിഎം നേതാക്കൾക്ക് എതിരായ കേസുമായി മുന്നോട്ട് പോകുന്നതിന്റെ പ്രതികാരമോ?
തിരുവനന്തപുരം: അടൂരിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഡിവൈഎഫ്ഐ മേഖലാ ആക്ടിങ് സെക്രട്ടറി എംജെ ജോയലിന്റെ പിതൃസഹോദരി കണ്ണങ്കോട് കീഴടത്ത് വീട്ടിൽ കുഞ്ഞമ്മയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. അടൂർ ഡിവൈഎസ്‌പിക്ക് നൽകിയ പരാതി നടപടിയെടുക്കാതെ മുക്കിയെന്ന് ആക്ഷേപം. ഏതെങ്കിലും രീതിയിൽ താൻ കൊല്ലപ്പെട്ടാൽ അതിന് കാരണക്കാർ അടൂർ സ്റ്റേഷനിലെ പൊലീസുകാരും ഉന്നത സിപിഎം നേതാക്കളും തട്ടിപ്പിന് അറസ്റ്റിലായവരും അടക്കമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞമ്മയുടെ പരാതി.
ജോയലിന്റെ ദുരൂഹ മരണത്തിൽ നീതി തേടി പട പൊരുതുകയാണ് ജോയലിന്റെ പിതാവ് ജോയിക്കുട്ടിയും സഹോദരിയായ കുഞ്ഞമ്മയും. പൊലീസ് ഉദ്യോഗസ്ഥർക്കും സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലയിലെ ഉന്നത നേതാക്കൾക്കും ഇവർക്കൊപ്പം നിന്ന് ജോലി തട്ടിപ്പ് കേസ് നടത്തുകയും ചെയ്ത ജയസൂര്യ പ്രകാശ് എന്നിവർക്കുമെതിരേ ജോയലിന്റെ കുടുംബം നിയമ പോരാട്ടത്തിലാണ്. ഇതിനിടെയാണ് കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്ക് 12 മണിയോടെ അടൂർ പാർഥ സാരഥി ക്ഷേത്രത്തിന് സമീപം വച്ച് അന്യ സംസ്ഥാന രജിസ്ട്രേഷനിലുള്ള ചുവന്ന കാറിടിച്ച് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് കുഞ്ഞമ്മ പറഞ്ഞു.
അപ്പോൾ തന്നെ അടൂർ ഡിവൈഎസ്‌പി ഓഫീസിലെത്തി പരാതി നൽകി. അന്വേഷണത്തിനായി പൊലീസ് സ്റ്റേഷനിലെ എസ്ഐ നിത്യയ്ക്ക് കൈമാറി. പിറ്റേന്ന് തന്നെ എസ്ഐ കുഞ്ഞമ്മയെ വിളിച്ചു. ഈ സമയം ജോയലിന്റെ മരണവുമായി ബന്ധപ്പെട്ട പരാതി നൽകുന്നതിന് കുഞ്ഞമ്മ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോവുകയാണെന്ന് പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥ കുഞ്ഞമ്മയെ വിളിച്ചില്ല. പല തവണ അന്വേഷിച്ച് സ്റ്റേഷനിൽ ചെന്നെങ്കിലും എസ്ഐയെ കാണാൻ കഴിഞ്ഞില്ല.
16 ന് ഫോണിലുടെ എസ്ഐയെ ബന്ധപ്പെട്ടു. കേസിന് സാക്ഷികൾ വല്ലതുമുണ്ടോ എന്നായിരുന്നു എസ്ഐയുടെ ചോദ്യം. അപ്രതീക്ഷിതമായ ആക്രമണമായതിനാൽ താൻ നേരെ സ്റ്റേഷനിൽ വന്ന് പരാതി നൽകുകയായിരുന്നുവെന്ന് കുഞ്ഞമ്മ മറുപടി നൽകി. നിങ്ങളോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് എസ്ഐ ഫോൺ കട്ട് ചെയ്തുവെന്ന് കുഞ്ഞമ്മ പറയുന്നു.
ജോയലിന്റെ മരണകാരണം പൊലീസ് കസ്റ്റഡിയിൽ ഉണ്ടായ ക്രൂരമർദനം ആണെന്ന് കാണിച്ച് കുഞ്ഞമ്മയും പിതാവ് ജോയിക്കുട്ടിയും നിയമപോരാട്ടത്തിലാണ്. ഹൈക്കോടതിയിലും അടൂർ കോടതിയിലും ഇതു സംബന്ധിച്ച് കേസും നൽകിയിട്ടുണ്ട്. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് പരാതി നൽകിയിട്ടുള്ളത്.
ഇതു കാരണം തങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയർന്നിട്ടുണ്ട്. പല തവണ അപായപ്പെടുത്താൻ ശ്രമം നടന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. കാർ ഓടിച്ചിരുന്നത് റിജോ എന്നയാളാണ്. ഇയാൾക്ക് പൊലീസുകാരുമായും അടൂരിലെ സിപിഎമ്മുമാരുമായും അടുത്ത ബന്ധമുണ്ട്. താൻ ഏതെങ്കിലും സാഹചര്യത്തിൽ കൊല്ലപ്പെട്ടാൽ അതിന് ഉത്തരവാദികൾ ഈ പറഞ്ഞവരായിരിക്കുമെന്നും കുഞ്ഞമ്മ അടൂർ ഡിവൈഎസ്‌പിക്ക് രണ്ടാമത് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
കെടിഡിസിയിലും മറ്റും ജോലി തട്ടിപ്പും വിസാതട്ടിപ്പും നടത്തിയ കടമ്പനാട് സ്വദേശിനി ജയസൂര്യ പ്രകാശിന്റെ ഡ്രൈവർ ആയിരുന്നു മരണപ്പെട്ട ജോയൽ. ജയസൂര്യയ്ക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, അടൂർ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നിവരുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ജോലി തട്ടിപ്പ് നടത്തി അറസ്റ്റിലായ ജയസൂര്യയെ രക്ഷിക്കാൻ ഇവർ മൂവരും ഇടപെട്ടിരുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു.
ഈ വിവരങ്ങൾ എല്ലാം അറിയാവുന്നയാളായിരുന്നു ജോയൽ. അതിനായി പൊലീസിനെ ഉപയോഗിച്ച് ജോയലിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
മറുനാടന് മലയാളി ബ്യൂറോ