തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന ന്യൂസ്18 ചാനലിന്റെ അന്ത്യ ചർച്ചയിലായിരുന്നു ബിജെപി നേതാവ് ജെആർ പത്മകുമാറിന്റെ തള്ളൽ. ശബരിമലയിൽ ബിജെപിയുടെ തെറ്റായ രാഷ്ട്രീയക്കളിയോ എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിലാണ് നേതാവിന്റെ വിവാദ പരാമർശം. ചർച്ചക്കിടയിൽ സതി ആചാരം നിർത്തലാക്കിയതിനെപ്പറ്റി പരാമർശം വന്നു. ഇതിന് പത്മകുമാർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സതി ആചാരം ശരിയാണെന്ന് തോന്നിയതുകൊണ്ടാണ് സിപിഐ.എം നേതാവ് സതീ ദേവിക്ക് അവരുടെ രക്ഷകർത്താക്കൾ സതീദേവി എന്ന് പേര് വെച്ചതെന്ന് ബിജെപി നേതാവ് ജെ.ആർ പത്മകുമാർ. ചർച്ചയിലുണ്ടായിരുന്ന സിപിഐ.എം പ്രതിനിധി സതീദേവിയെ കുറിച്ച് ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

'രാജസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തിൽ ഉണ്ടായിരുന്ന ദുരാചാരത്തെ ഏറ്റെടുത്തുകൊണ്ട് ഇപ്പോൾ പറയണ്ട. അത് ശരിയാണെന്ന് ചിലർക്ക് തോന്നിയതുകൊണ്ടാണ് അവരുടെ രക്ഷകർത്താക്കൾ അവർക്ക് സതീദേവി എന്ന് പേരിട്ടത്'. എന്നായിരുന്നു പത്മകുമാർ പറഞ്ഞത്.
ചർച്ച നയിച്ച അവതാരകനും ചർച്ചയിലുണ്ടായിരുന്ന സന്ദീപാന്ദഗിരിയും സതീദേവിയും പത്മകുമാറിന്റെ മണ്ടത്തരത്തെ ചിരിച്ച് കൊണ്ടാണ് നേരിട്ടത്. സതീദേവി എന്ന പേര് വെച്ചത് സതീ ആചാരത്തിന്റേതാണന്നാണോ താങ്കൾ ധരിച്ചുവെച്ചിരിക്കുന്നതെന്നായിരുന്നു അവതാരകൻ ചോദിച്ചത്.

പണ്ട് നിലവിലുണ്ടായിരുന്ന ദുരാചാരം നിയമം മൂലം നിരോധിച്ച സമയത്ത് അന്നത്തെ സാമൂഹിക ചുറ്റുപാടിൽ സ്ത്രീകൾ തന്നെ ഈ ദുരാചാരം മുറുകെ പിടിച്ച് രംഗത്തുവന്നിരുന്നു. ആചാരങ്ങൾ നിലനിർത്താൻ വേണ്ടി സവർണ ഹിന്ദു മേധാവിത്വം പിന്നീടും ശ്രമം നടത്തിയിട്ടുണ്ട്. അത്തരം ആചാരങ്ങളെ പിന്തുണക്കാനാണ് അന്നത്തെ ബിജെപി നേതൃത്വം ശ്രമിച്ചത്. ഇക്കാര്യം പറഞ്ഞപ്പോഴാണ് അദ്ദേഹം എന്റെ പേരുമായി ബന്ധപ്പെട്ട് ഇങ്ങനെ പറഞ്ഞതെന്നും സതീദേവി പറയുന്നു

 ഇവരൊക്കെയാണ് ഹിന്ദുമതത്തിന്റെ വാക്താക്കളായിട്ട് സംസാരിക്കുന്നത്. എന്തൊരപമാനിത്, ഇതല്ലെ ശരിക്കും ഹിന്ദുമതത്തെ അപമാനിക്കൽ. സതീദേവി എന്ന പേര് പഴയ ആചാരത്തിന്റെ പുനരാവിഷ്‌കാരമാണെന്ന് പറയുന്ന വൃത്തികേടിനെ അനുവദിച്ചു തരില്ല'. സന്ദീപാനന്ദഗിരി പറഞ്ഞു. ഒടുവിൽ തന്റെ നിലപാടിൽ കടിച്ചു തൂങ്ങുകയല്ലാതെ പത്മകുമാറിന് രക്ഷയില്ലായിരുന്നു. ചർച്ച വൈറലായതോടെ പത്മകുമാറിന് സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പൊങ്കാലയാണ.