- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല്യയെ പാപ്പരാക്കിയ കിങ് ഫിഷർ; ഗോയലിനെ വീഴ്ത്തിയ ജെറ്റ് എയർവേയ്സും; ബിസിനസ് ഭീമന്മാർക്ക് അടിതെറ്റിയ വ്യോമയാന മേഖലയിൽ ചിറക് വിരിക്കാൻ ടാറ്റ; എയർ ഇന്ത്യ തിരിച്ചു പിടിക്കാൻ കരുത്തേകിയത് ജെആർഡി ടാറ്റയുടെ ജീവിതം
ന്യൂഡൽഹി: ആകാശത്തിൽ ചിറക് വിരിക്കാനുള്ള മോഹങ്ങളുമായി വ്യോമയാന മേഖലയിൽ ഒരു കൈ നോക്കി തിരിച്ചടി നേരിട്ടവരാണ് വിജയ് മല്യയും നരേഷ് ഗോയലും. മദ്യവ്യവസായി വിജയ് മല്യയുടെ കിങ് ഫിഷറും നരേഷ് ഗോയലിന്റെ ജെറ്റ് എയർവേയ്സും നഷ്ടങ്ങളുടെ മാത്രം കണക്കുകൾ ബാക്കിവച്ചപ്പോൾ ഇരുവർക്കും മുന്നിൽ തങ്ങൾ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകർന്ന് വീഴുന്നത് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു.
ശതകോടികൾ ലാഭം നൽകിക്കൊണ്ടിരുന്ന സ്പിരിറ്റ് ബിസിനസിൽ മാത്രം തുടരാൻ ശ്രമിക്കാതെ ഇന്ത്യൻ ആകാശത്ത് സ്വന്തം പേര് കാണാൻ കൊതിച്ച വിജയ് മല്യ ഒരു പ്രീമിയം എയർലൈൻ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബാങ്കുകളിൽ നിന്നും കോടികൾ വായ്പ എടുത്ത അദ്ദേഹം എയർ ഡെക്കാന്റെ ഏറ്റെടുക്കൽ കൂടിയായപ്പോൾ സാമ്പത്തികമായി അധിക ബാദ്ധ്യത തലയിൽ വയ്ക്കുകയായിരുന്നു. കടം കുന്നുകൂടിയപ്പോൾ രായ്ക്കുരാമാനം രാജ്യത്ത് നിന്നും ഒളിച്ചോടേണ്ട ഗതികേടിലായി മല്യയുടെ ജീവിതം.
മല്യയുടെ കിങ്ഫിഷറിനെ വെല്ലുവിളിക്കാനുള്ള ശ്രമത്തിൽ തകർന്നുപോയ മറ്റൊരു ബിസിനസ് ഭീമനാണ് ജെറ്റ് എയർവേസിന്റെ തലവനായ ഗോയൽ. കടക്കെണിയിലായ എയർ സഹാറ സ്വന്തമാക്കിയതിന് ശേഷമാണ് ജെറ്റ് എയർവേസിന്റെ തകർച്ച ആരംഭിച്ചത്. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ മറ്റ് ചെലവുകുറഞ്ഞ എയർലൈനുകളുടെ കടന്നുകയറ്റവും മറ്റൊരു കാരണമായി. വിമാനകമ്പനികളുടെ നടത്തിപ്പ് ബുദ്ധിമുട്ടേറിയ ബിസിനസാണെന്ന് മല്യയുടേയും ഗോയലിന്റെയും ജീവിതം തന്നെ തെളിവ്.
ബിസിനസ് ഭീമന്മാർക്ക് അടിതെറ്റിയ മേഖലയിൽ പരീക്ഷണം നടത്താനുള്ള ഭയം ആയിരുന്നു എയർ ഇന്ത്യയിൽ ഒരു കൈ നോക്കാൻ ശ്രമിക്കുന്നതിൽ നിന്നും കൊടികെട്ടിയ ഇന്ത്യയിയിലെ ധനികരെ പിന്തിരിപ്പിച്ചത്. ഇവിടെയാണ് ടാറ്റ വ്യക്തവും, കൃത്യവുമായ പഠനങ്ങൾ നടത്തിയ ശേഷം എയർ ഇന്ത്യയിൽ നിക്ഷേപിക്കുവാൻ തീരുമാനമെടുത്തത്.
ഇതിന് പിന്നിൽ അവരെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തായിരിക്കും എന്നത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. നഷ്ടത്തിലായ ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യയെ ഏറ്റവുമധികം ലേലം വിളിക്കുന്നയാൾക്ക് നൽകാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതനുസരിച്ച് 18000 കോടി രൂപ ക്വാട്ട് ചെയ്ത ടാറ്റ എയർ ഇന്ത്യയെ സ്വന്തമാക്കുകയായിരുന്നു. ടാറ്റയാണ് ലേലത്തിൽ വിജയിച്ചതെന്ന് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ, വൈകാരികതലത്തിലും ടാറ്റയ്ക്ക് അർഹതപെട്ട വിജയമായിരുന്നു അത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന എയർ ഇന്ത്യയെ വിറ്റൊഴിഞ്ഞ സന്തോഷമാണ് കേന്ദ്ര സർക്കാരിനുള്ളതെങ്കിൽ, കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച കമ്പനിയെ ഈ അവസ്ഥയിലെങ്കിലും തിരിച്ചുകിട്ടിയ സന്തോഷമാവും ടാറ്റയ്ക്ക്.
18,000 കോടി രൂപ ടാറ്റ നൽകുമ്പോൾ അതിൽ കേവലം 2700 കോടി മാത്രമാണ് സർക്കാർ ഖജനാവിലേക്ക് പോവുക, ബാക്കി തുക മുഴുവൻ ഈ വെള്ളാന വരുത്തിവച്ച കടം വീട്ടുന്നതിനായി ഉപയോഗിക്കും, ഇതു കൊണ്ടും കേന്ദ്രത്തിന് കടബാദ്ധ്യത തീർക്കാനാവില്ലെന്നത് മറ്റൊരു സത്യം.
ടാറ്റയെ സംബന്ധിച്ചിടത്തോളം വ്യോമയാന മേഖലയിൽ അവർ പുതിയ ഒരു താരമല്ല. ടാറ്റ സൺസ് എയർ വിസ്താരയുടെയും എയർ ഏഷ്യയുടെയും സജീവ ഭാഗമാണ് ഇപ്പോൾ. ഈ മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും ടാറ്റയുടെ ഇപ്പോഴത്തെ തലമുറയ്ക്കും ശരിയായ തരത്തിൽ അറിയാം എന്ന് സാരം.
ഇന്ത്യയുടെ ആദ്യ പൊതുമേഖലാ വിമാന കമ്പനി അതിന്റെ ജന്മഗൃഹത്തിലേക്കു തന്നെ മടങ്ങുമ്പോൾ മറക്കാൻ പാടില്ലാത്തൊരു പേരുണ്ട്; ജെആർഡി ടാറ്റ. പൈലറ്റ് ലൈസൻസ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ജഹാംഗീർ രത്തൻജി ദാദാബായ് ടാറ്റ എന്ന ജെആർഡി ടാറ്റ. ഇന്ത്യൻ വ്യോമയാനരംഗത്തിന്റെ പിതാവ്. ഇന്ത്യയ്ക്ക് സ്വന്തമായൊരു വിമാന കമ്പനി സമ്മാനിച്ച ജെആർഡി ടാറ്റയുടെ ജീവിതം സംഭവബഹുലമാണ്.
രത്തൻജി ടാറ്റയുടെയും ഫ്രഞ്ച് സ്വദേശിയായ സൂസൻ ബ്രിയറിന്റെയും രണ്ടാമത്തെ മകനാണ് ജെആർഡി ടാറ്റ. ഇന്ത്യയിൽ ആദ്യമായി കാർ ഓടിച്ച വനിതയാണ് സൂസൻ. കുട്ടിക്കാലം മുഴുവൻ അമ്മയ്ക്കൊപ്പം ഫ്രാൻസിലായിരുന്നു ജെആർഡി കഴിഞ്ഞത്. അവിടെനിന്നാണ് വിമാനങ്ങളിലും ആകാശയാത്രകളിലുമെല്ലാം താൽപര്യം ജനിക്കുന്നത്.
വടക്കൻ ഫ്രാൻസിലെ ബുലോയിനിലെ ബീച്ച് റിസോർട്ടിലായിരുന്നു അവധിക്കാലം ചെലവഴിച്ചിരുന്നത്. ഇംഗ്ലീഷ് ചാനലിനു മുകളിലൂടെ പറക്കുന്ന ആദ്യത്തെയാളായ ലൂയിസ് ബ്ലെറിയോട്ടിന്റെ മകനൊപ്പമായിരുന്നു കളി. കളിക്കൂട്ടുകാരനിൽനിന്നു തന്നെ അച്ഛന്റെ വ്യോമയാന സാഹസികതകളെക്കുറിച്ച് ടാറ്റ ഏറെ കഥകൾ കേട്ടു. ഇതിനിടയിലാണ് ബ്ലെറിയോട്ടിന്റെ മുഖ്യ പൈലറ്റായിരുന്ന അഡോൾഫ് പെഗോഡ് ബീച്ചിൽ വിമാനമിറക്കുന്നത് കാണുന്നത്. അങ്ങനെ പെഗോഡ് ടാറ്റയുടെ ഹീറോയായി മാറി.
പെഗോഡ് ടാറ്റയെ നിരന്തരം ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. മനസിനുള്ളിൽ ആകാശസഞ്ചാരത്തെക്കുറിച്ചുള്ള മോഹങ്ങൾ കൂടുതൽ തീവ്രമായി. അങ്ങനെ 15-ാം വയസിൽ പൈലറ്റാകണമെന്നു തീരുമാനിച്ചുറപ്പിച്ചു. ഇതിനിടയിൽ ഇന്ത്യയിൽ തിരിച്ചെത്തി. പിന്നീട് ഒൻപത് വർഷം കഴിഞ്ഞാണ് പഴയ ബോംബെയിൽ ഒരു ഫ്ളയിങ് ക്ലബ് തുറക്കുന്നത്. അങ്ങനെ ക്ലബിൽ ചേർന്നു.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 1929ൽ ജെആർഡി ടാറ്റ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുകയും ചെയ്തു. വിമാനം പറത്താനുള്ള ലൈസൻസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യൻ വ്യോമയാനചരിത്രത്തിന്റെ പിതാവുമായി അങ്ങനെ ടാറ്റ.
1932ൽ മറ്റൊരു ചരിത്രവും ജെആർഡി ടാറ്റ കുറിച്ചു; ഇന്ത്യൻ വ്യോമയാനചരിത്രത്തിലെ ആദ്യ വാണിജ്യ വിമാനം സ്വന്തമായി പറത്തിക്കൊണ്ടായിരുന്നു അത്. കറാച്ചിയിൽനിന്ന് പറന്നുയർന്ന വിമാനം ബോംബെയിലെ ജുഹു ബീച്ചിലാണ് ലാൻഡ് ചെയ്ത്. അങ്ങനെ ഇന്ത്യയുടെ ആദ്യത്തെ വ്യോമയാന സർവീസിനും തുടക്കം കുറിച്ചു.
രാജ്യത്ത് വ്യോമയാന സർവീസിന് തുടക്കം കുറിച്ചയാളാണെങ്കിലും അതിന്റെ ക്രെഡിറ്റ് ജെആർഡി സ്വയം ഏറ്റെടുക്കാറില്ല. പകരം, റോയൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായ നെവിൽ വിൻസെന്റിനാണ് ടാറ്റ എല്ലാ ക്രെഡിറ്റും നൽകുന്നത്. ഇന്ത്യയിൽ ഒരു എയർലൈൻ ആരംഭിക്കാനുള്ള പ്രോജക്ട് ജെആർഡി ടാറ്റയ്ക്കുമുൻപിൽ വയ്ക്കുന്നത് നെവിൽ ആണ്.
എന്നാൽ, അന്ന് ടാറ്റ സൺസ് ചെയർമാനായിരുന്ന ദൊറാബ് ടാറ്റയ്ക്ക് ഇക്കാര്യത്തിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, രണ്ടു ലക്ഷം മാത്രമായിരുന്നു നിക്ഷേപത്തുക. ജെആർഡിയുടെ ഉപദേഷ്ടാവും സുഹൃത്തുമായ ജോൺ പീറ്റേഴ്സന്റെ പ്രേരണ കൂടിയായതോടെ പദ്ധതി ഏറ്റെടുക്കാൻ ദൊറാബ് തീരുമാനിച്ചു.
ഒടുവിൽ 1932ൽ ടാറ്റ എയർലൈൻസിന് തുടക്കം കുറിച്ചു. അന്ന് വിമാനസർവീസ് ആരംഭിക്കുമ്പോഴുണ്ടായിരുന്ന പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ ടാറ്റ ഓർമിക്കുന്നുണ്ട്. റേഡിയോയോ പൈലറ്റ് അടക്കമുള്ള വിമാനജീവനക്കാർക്ക് മാർഗനിർദ്ദേശങ്ങളും സന്ദേശങ്ങളും നൽകാനുള്ള സംവിധാനങ്ങളോ അന്നുണ്ടായിരുന്നില്ല.
മുംബൈയിലൊരു വിമാനനിലയം പോലുമുണ്ടായിരുന്നില്ല. ജുഹുവിലെ മൺനിലമായിരുന്നു വിമാനമിറക്കാൻ ഉപയോഗിച്ചിരുന്നത്. മഴക്കാലത്ത് റൺവേ വെള്ളത്തിലാകും. അതോടെ രണ്ട് വിമാനങ്ങളും മൂന്നു പൈലറ്റുമാരുമായി പൂണെയിലേക്കു മാറും. പിന്നീടാണ് പൂണെയിൽ ഒരു വ്യോമനിലയം ആരംഭിക്കാനുള്ള അനുമതി കമ്പനിക്ക് ലഭിക്കുന്നത്.
തുടക്കത്തിൽ മെയിൽ സർവീസിനായുള്ള ചെറുവിമാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, 1936ഓടെ വലിയ വിമാനങ്ങൾ അവതരിപ്പിക്കപ്പെട്ടു. പൈലറ്റുമാർക്ക് പുത്തൻ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താനായി ഇംഗ്ലണ്ടിൽനിന്ന് പരിശീലകരെ കൊണ്ടുവന്നു ടാറ്റ. അങ്ങനെ പൈലറ്റ് പരിശീലനകേന്ദ്രവും ആരംഭിച്ചു.
1937ൽ ബോംബെ-ഡൽഹി സർവീസ് ആരംഭിച്ചു. ഇതിനിടെയാണ് രണ്ടാം ലോകയുദ്ധം വരുന്നതും ടാറ്റയുടെ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും സർക്കാർ ഏറ്റെടുക്കുന്നതും. 1946ൽ ടാറ്റ എയർലൈൻസ് പൊതുമേഖലാ സ്ഥാപനമാക്കുകയും എയർ ഇന്ത്യയായി പേരുമാറ്റുകയും ചെയ്തു. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. തുടർന്നും 1977 വരെ ജെആർഡി ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തൽക്കാലം വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു.
മറ്റ് വ്യോമയാന കമ്പനികളെ പോലെ തന്നെ കോവിഡ് കാലം ബാദ്ധ്യതകൾ ഉയർത്തിയിട്ടുണ്ടെങ്കിലും, വരുന്ന നാളുകളിൽ ഇതെല്ലാം മറികടക്കാനാവും എന്ന പ്രതീക്ഷ ഈ കമ്പനികൾ നിലനിർത്തുന്നുണ്ട്. എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റ സൺസിന് ഇപ്പോൾ 84 ശതമാനം ഓഹരികളാണുള്ളത്. വരുന്ന വർഷങ്ങളിൽ ഈ കമ്പനി പൂർണമായും ടാറ്റയുടേതാവും എന്നും കണക്കാക്കുന്നു.
എയർ ഇന്ത്യയിൽ എയർ ഏഷ്യ, വിസ്താര എന്നീ കമ്പനികൾ ലയിപ്പിക്കുവാനും ടാറ്റയ്ക്ക് ഇതിലൂടെയാവും. ഒരേസമയം മൂന്ന് എയർലൈൻ ബിസിനസുകൾ നടത്തുന്നതിന്റെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ ടാറ്റയ്ക്കാവും.
എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ ഭാവിയിൽ നേരിടേണ്ട വെല്ലുവിളികളെ കുറിച്ച് വ്യക്തമായ പഠനം ടാറ്റ നടത്തിയിട്ടുണ്ട്. ജെ ആർ ഡി ടാറ്റ വർഷങ്ങളോളം ചെയർമാനായിരുന്ന കമ്പനിയെ ചാടിക്കയറി സ്വന്തമാക്കുകയായിരുന്നില്ല ടാറ്റ. ഇതിന് മുൻപ് 2018ൽ കേന്ദ്രം എയർ ഇന്ത്യയെ വിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് ടാറ്റ ഓഫറുമായി വന്നിരുന്നില്ല, പിന്നീട് ഇപ്പോൾ എയർ ഇന്ത്യയുടെ 100 ശതമാനവും വിൽക്കാൻ തീരുമാനിച്ചപ്പോൾ മാത്രമാണ് ടാറ്റ ലേലത്തിൽ പങ്കെടുക്കുന്നത്.
വിദേശ കൺസൾട്ടെന്റുകളെയടക്കം നിയോഗിച്ച് പഠനം നടത്തിയ ശേഷമാണ് ടാറ്റ ഇക്കുറി ലേലത്തിനെത്തിയത്. ഇതിൽ എയർ ഇന്ത്യ കൂടുതൽ ബാദ്ധ്യതകൾ ഉണ്ടാക്കുന്ന മേഖലകൾ ഏതെന്നും, എങ്ങനെ അവ കുറയ്ക്കാമെന്നും വ്യക്തമായി പഠിച്ച് പദ്ധതി രൂപീകിരച്ചിട്ടുണ്ട്. ടാറ്റയുടെ കീഴിലുള്ള ടി സി എസിന്റെ സേവനങ്ങളും എയർ ഇന്ത്യയിൽ ഇനി ഉണ്ടാവും.
സിങ്കപ്പൂർ എയർലൈൻസ് ഉൾപ്പടെ ലോകത്തിലെ വിവിധ വിമാനകമ്പനികൾ നിലവിൽ ടി സി എസിന്റെ സേവനം സ്വീകരിക്കുന്നുണ്ട്. ഇതിനൊപ്പം യാത്രക്കാരെ ആകർഷിക്കുന്നതിനായി മികച്ച ഭക്ഷണ പാക്കേജുകൾ നൽകാൻ ടാറ്റയ്ക്കാവും. ടാറ്റയുടെ കീഴിലുള്ള താജ് സാറ്റ്സിന്റെ സേവനം ഇതിനായി ഉപയോഗിക്കാം. എയർ ഇന്ത്യയിൽ അധികമായുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതിന് പകരം സമാനമായ മറ്റ് തൊഴിൽ മേഖലയിലേക്ക് കൊണ്ട് വരാനും ടാറ്റയ്ക്ക് കഴിയും. ഇതിലൂടെ വൻ ബാദ്ധ്യത ഒഴിവാക്കാനും കമ്പനിക്കാവുമെന്നാണ് വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്