കേരളത്തിൽ 'ബുദ്ധി ജീവികൾ' എന്നും 'സാംസ്‌കാരിക നായകർ' എന്നും മറ്റും വിളിക്കുന്നുന്നത് പൊതുവേ അറിയപ്പെടുന്ന മലയാളം എഴുത്ത് കാരെയാണ്. കേരളത്തെ സംബന്ധിച്ചു അവർ മലയാളത്തിൽ ഒന്ന് രണ്ടു പുസ്തകം എങ്കിലും എഴുതിയിരിക്കണം. അവരിൽ ഒട്ടു മിക്ക ആളുകളും പലപ്പോഴും മലയാളം അദ്ധ്യാപകർ ആയിരിക്കും. അതിൽ തന്നെ കൂടുതൽ പ്രകീർത്തിക്കപ്പെടുന്നത് ഒരു പാർട്ടിയുടെയോ വലിയ സംഘ ബലത്തിന്റെയോ ഒക്കെ ഒത്താശ ഉള്ളവർ ആണ്. സുകുമാർ അഴിക്കോടും, എം എൻ വിജയനും ഒക്കെ ആ ഗണത്തിൽ പെടുന്ന പ്രസംഗം നടത്തി 'മിത്തുകൾ ' ആയവരാണ് ആണ്. ഇവരെപോലെയുള്ളവരെ അവരുടെ യഥാർത്ഥ ഇന്റെലെക്ച്ചുവൽ കോൺട്രിബ്യുഷനും ഉപരി അതി ശയോക്തിയോടെ വാഴ്‌ത്തപ്പെട്ടവർ ആണ്.

കേരളത്തിൽ 'ബുദ്ധി ജീവി സാംസ്‌കാരിക' നായകർക്ക് ചില വാർപ്പ് മാതൃകകൾ ഉണ്ട്. ഇത് ഓരോ സ്പീച്ച് കമ്മ്യൂണിറ്റി അധവാ ഭാഷ സമൂഹത്തിലും ഉണ്ടാകുന്നത് സാമൂഹികവും ചരിത്ര പരവുമായ കാരണങ്ങൾ കൊണ്ടാണ്. അതായത് ഭാഷ സമൂഹ വ്യവഹാരങ്ങൾക്ക് പലപ്പോഴും സാധുത നൽകുന്നത് മേൽകോയ്മകളുടെ അധികാര സ്വരൂപങ്ങളും അതാത് സമൂഹത്തിലെ വാഴ്‌വുകൾ ഉള്ളവ ജാതി , മത, വർഗ സ്വതങ്ങൾ ആയിരിക്കും. അതു കേരളത്തിലെ സാമൂഹിക 'പൊതു ബോധ' നിർമ്മിതിയിലും ഉണ്ട് . അതിനു പുറത്തു വർത്തിക്കുന്നവർക്ക് ' സാസ്‌കാരിക നായകർ' ആകുവാൻ ഉള്ള സാധ്യത കുറവാണ്.

പണ്ടൊക്കെ ഞങ്ങളുടെ ചെറുപ്പകാലത്ത് ഒരു മാതൃഭൂമി വാരികയോ കലാകൗമുദി വാരികയോ കക്ഷത്തിൽ കൊണ്ട് 'ബുദ്ധി ജീവി ചമഞ്ഞു' വരുന്നവരും ഉണ്ടായിരുന്നു. പിന്നെ അല്പം സിനിമ . സാഹിത്യം. ചില വലിയ പേരുകൾ പറയുക . ടാർകൊവ്‌സ്‌കി, ഗോദാർദ്, കുറസോവ, ഗബ്രിയേൽ മാർക്വസ് , നേരുദാ, ഒക്ടോവിയോ പാസ് , ക്യാമു, കഫ്കാ . ഇതൊക്കെ ഇടക്ക് പറഞ്ഞു അല്പം താടിയും തുണി സഞ്ചിയും ചില 'കിടിലൻ' ബുക്കുകളും ഉണ്ടെങ്കിൽ എൺപതുകളിൽ ഒരു ലോക്കൽ 'ബുദ്ധി ജീവി' ആകാമായിരുന്നു .

രാജഭരണ കാലത്തും രാജധാനിയെ ചുറ്റിപ്പറ്റി കവിത ഒക്കെ എഴുതി 'പട്ടും വളയും' ഒക്കെ വാങ്ങിക്കുന്ന എഴുത്തുകാരുണ്ടായിരുന്നു. ഇപ്പോഴും പല എഴുത്തുകാരും അധികാര- ഭരണ- വ്യവസ്ഥയുടെ ആശ്രിതരോ, സ്തുതിപ്പുകാരോ , അല്ലെങ്കിൽ ആ തണലിൽ നില കൊള്ളൂന്നവരോ ആണ്. അവാർഡുകളും പദവികളും വേദികളും സർക്കാർ 'സാംസ്‌കാരിക' സ്ഥാപനങ്ങളിലെ 'സ്ഥാന മാനങ്ങളും' എല്ലാം നല്ല പ്രലോഭനങ്ങൾ ആണ്. അതിനർത്ഥം എല്ലാ എഴുത്തുകാരും അങ്ങനെ ആണെന്ന് അല്ല. ഇതിനു വിപരീതമായി ഒരു നോൺ-കൺഫെർമിസ്റ്റ് ലൈനിൽ പോകുന്ന 'എഴുത്ത്കാരെ' വിഗ്രഹവൽക്കരിച്ചു 'മിത്തുകൾ' ആക്കുന്ന കാഴ്ചയും കേരളത്തിൽ കാണാൻ കഴിയും.

പലപ്പോഴും മാധ്യമങ്ങൾ ആണ് ഒരു സാധാരണ എഴുത്ത് കാരെ പോലും പൊടിപ്പും തൊങ്ങലും ഒക്കെ വച്ച് 'ബുദ്ധി ജീവികളും' 'സാംസ്‌കാരിക നായകരും' ഒക്കെ ആകുന്നത് . കേരളത്തിൽ അധികാര-ഭരണ- സന്നാഹങ്ങളുടെയും 'മാധ്യമ' പ്രസരണത്തിലൂടെയും അല്ലാതെ 'സാംസ്‌കാരിക നായകർ' ആകുവാൻ പ്രയാസം ആണ്. ഇതിൽ ചിലരൊക്കെ ചിലപ്പോൾ കുറച്ചൊക്കെ സ്വതന്ത്രർ ആയിരുന്നാലും അധികാര-ഭരണ സംവിധാനങ്ങളുടെ സഹയാത്രികർ ആണ് ഒരു പാടു പേർ. വ്യവസ്ഥകൾക്ക് എതിരെ ചോദ്യങ്ങൾ ചെയ്ത സ്വതന്ത്ര ആക്റ്റിവിസ്റ്റ് എഴുത്തുകാർ പണ്ടും ഇന്നും ഉണ്ടെന്നു മറക്കുന്നില്ല. പക്ഷെ അവൻ 'സാംസ്‌കാരിക നായകർ' ആകാൻ ഉള്ള സാധ്യത കുറവാണ് .

കേരളത്തിൽ മാത്രമാണ് ഒരാൾ ഒരു നോവലോ രണ്ടു വോളിയം കവിതകളോ കഥാ സമാഹാരങ്ങളോ ഇറക്കിയാൽ പിന്നെ മാധ്യമ പ്രസരണ നെറ്റ്‌വർക്ക് മാനേജു ചെയ്തു പെട്ടന്ന് 'ബുദ്ധി ജീവി' സംസ്‌ക്കാരിക നായക പട്ടം കിട്ടന്നത് . പലപ്പോഴും ശരാശരിയോ അതിൽ താഴെയോ ഉള്ള എഴുത്തുകാർ പോലും ഒരു സംഘ ബലം ഉണ്ടെങ്കിൽ ഊതി വീർപ്പിച്ചു കൊട്ടി ഘോഷിക്കപ്പെടും.

ഇതിൽ പലരും ഒരു ഇടതു പക്ഷ ഭാഷയും മേമ്പോടിക്കും മാർക്‌സിസവും ഒക്കെ അറിയാമെങ്കിൽ പിന്നെ വൻകിട 'പ്രസംഗകരും' സാംസ്‌കാരിക നായകരും ആയി പരിണമിക്കും . സത്യത്തിൽ പലരും 'ആവറേജ്' എഴുത്തുകാരനെങ്കിലും സിനിമാസംവിധായകൻ ആണെങ്കിലും ഒരു 'ഇടതു' ആണ് എന്ന് വരുത്തി വ്യവസ്ഥാപിത ഇടതു പാർട്ടി അനുഭാവി ആണെങ്കിൽ കൊട്ടി ഘോഷിക്കപ്പെടാനുള്ള സാധ്യത കൂടുതൽ ആണ്. അതുകൊണ്ട് തന്നെ കേരളത്തിൽ പിടിച്ചു നില്ക്കാൻ അത് ഒരു നല്ല സ്ട്രാട്ടെജി ആണ്. അതിനു പുറത്തു സ്‌കോപ്പ് ചുരുക്കം ആണ്.

മലയാളിയായ ഇംഗ്‌ളീഷ് എഴുത്തുകാരെ പോലും ആരും ഈ 'സാംസ്‌കാരിക' പട്ടം കൊടുക്കാറില്ല. നല്ല ഉദാഹരണം ആണ് അരുന്ധതി റോയ്, ശശി തരൂർ മുതലായവർ. അവർ രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ ആണെങ്കിലും കേരളത്തിലെ വാർപ്പ് മാതൃകൾക്ക് പുറത്താണ്. ശശി തരൂർ ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന എഴുത്തുകാരൻ. ഭരണ പരിചയം ഉള്ള ആൾ . ഏറ്റവും നല്ല വിദ്യാഭ്യാസം ഉള്ള ആൾ. കുറഞ്ഞത് അഞ്ചു ഭാഷയിൽ പ്രവീണ്യം ഉള്ള ആൾ. അകെ ഉള്ള കുഴപ്പം അദ്ദേഹം മലയാള എഴുത്തുകാരനല്ല. പിന്നെ കോൺഗ്രസ്സുകാരൻ ആണ്. പിന്നെ അധികാര വ്യവസ്ഥക്ക് അകത്താണ്.

അത് പോലെ കേരളത്തിൽ നിന്നുള്ള എത്ര പ്രഗൽഭരായ ശാസ്ത്രജ്ഞരെ മലയാളികൾക്ക് അറിയാം ? എത്ര പ്രഗത്ഭരായ ഡോക്ടർ മാരെ അറിയാം ?. പല മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച വൈദഗ്ധ്യം ഉള്ള എത്ര 'ബുദ്ധി ജീവികളെ' കേരളം അറിയും . ? എന്താണ് കെ എം രാജും ഡോ.വല്യത്താനും ഒന്നും 'സാംസ്‌കാരിക' നായകർ ആകാത്തത് ? കേരളം ഇന്ത്യക്ക് സംഭാവന നൽക്കിയ മൂന്ന് പേരുണ്ട്. ഒന്ന് വീ പി മേനോൻ, രണ്ടു വർഗീസ് കുര്യൻ. മൂന്ന് കെആർ നാരായണൻ.

പക്ഷെ ഇവർ എല്ലാം കേരളത്തിലെ ഹെഗെമണിക്ക് പുറത്തും വാർപ്പു മാതൃകൾക്ക് പുറത്തു പ്രവർത്തിച്ചവരാണ് . പിന്നെയുള്ള കാര്യം നിങ്ങളുടെ ജാതി - മത കോമ്പിനേഷൻ 'ശരി ദൂര'മല്ലെങ്കിൽ നിങ്ങൾ കേരളത്തിൽ 'സാംസ്‌കാരിക നായകർ' ആകുവാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് പലപ്പോഴും പലരും 'സണ്ണി കപ്പികട്ടിക്കാടിനെ പോലുള്ളവരെ 'സാംസ്‌കാരിക നായകർ' ആയി കണക്കാക്കാത്തത് . ഉദാഹരണങ്ങൾ നിരവധി ആണ് കേരളത്തിലെ ഒരു നൂറു കൊല്ലത്തെ ചരിത്രം പരതിയാൽ.

പക്ഷെ കാര്യങ്ങൾ മാറുകയാണ് ഇതിനു ഒരു കാരണം സാമ്പ്രദായിക മാധ്യമ വ്യവസ്ഥക്ക് അപ്പുറം സോഷ്യൽ മീഡിയയുടെയും ഓൺ ലൈൻ മീഡിയകളുടെയും പൊതു ഇടങ്ങൾ (virtual public sphere) ഓരോ വിർച്വൽ സ്പീച്ച് കമ്മ്യുണിറ്റിയിലും ഉണ്ടാകുന്നു എന്നതാണ്.

ഇന്ന് രാവിലെ തുടങ്ങിയത് ചോംസ്‌കിയുടെ ഒരു ലേഖനം വീണ്ടും വായിച്ചു കൊണ്ടാണ്. Responsibility of Intellectuals . അതിലെ ഒരു വരികൂടി എഴുതി നിർത്താം : Intellectuals are in a position to expose the lies of governments, to analyze actions according to their causes and motives and often hidden intentions.to seek the truth lying hidden behind the veil of distortion and misrepresentation, ideology and class interest, through which the events of current history are presented to us. The responsibilities of intellectuals, then, are much deeper the the 'responsibility of people,' എന്തായാലും ചോംസ്‌കി ലോകത്തിലെ ഏറ്റവും അറിയ പെടുന്ന യഥാർത്ഥ ജീനിയസ് ആണ് . ചോംസ്‌കി യുടെ മാനദണ്ട പ്രകാരം ഉള്ള എത്ര ബുദ്ധി ജീവികളും 'സാംസ്‌കാരിക നായകരും ഉണ്ട് കേരളത്തിൽ ?

ഇത് ആരുയും വ്യക്തിപരമായി കുറ്റപെടുത്തുവാൻ എഴുതിയതല്ല. നല്ല എഴുത്തു വായിക്കാനും നല്ല മലയാളം പ്രസംഗം കേൾക്കാനും നല്ല സിനിമ കാണാനും ഇഷ്ട്ടപ്പെടുന്ന ആളാണ്. സാഹിത്യമാണ് പഠിച്ചത് . അതു കൊണ്ട് തന്നെ ഇത് സാഹിത്യത്തിനോ എഴുത്തിനോ എതിരല്ല. എഴുത്തുകാരെയും അല്ലാത്തവരെയും ബഹുമാനം ആണ്. ഇന്ന് രാവിലെ എന്റെ സുഹൃത്ത് Jayasankar Peethambaran സക്കറിയയെ കുറിച്ച്എ ഴുതിയ ഒരു പോസ്റ്റിനു മറുപടി ആയി തുടങ്ങിയതാണ് . അതുകൊണ്ട് തന്നെ ഇത് പൊതുവായ ഒരു സാമൂഹിക നിരീക്ഷണം ആണ് അപ്പോൾ ഇത് ചർച്ച ചെയ്യേണ്ട വിഷയം ആയി തോന്നി. ഇത് ഞാൻ കഴിഞ്ഞ മുപ്പതു കൊല്ലമായി കണ്ടു വരുന്ന ചില തോന്നലുകൾ ആണ് . അത് ഒരു ദൂരെ കാഴ്ചയാണ് - സൂക്ഷ്മ വിശകലനം അല്ല.