മാഡ്രിഡ്: മൂന്നുവർഷംമുമ്പാണ് യുവാൻ കാർലോസ് സ്പാനിഷ് രാജപദവിയൊഴിഞ്ഞത്. രാജഭരണമല്ലെങ്കിലും, ബ്രി്ട്ടനിലേതുപോലെ, രാജകുടുംബത്തിന് സ്‌പെയിനിൽ സുപ്രധാന സ്ഥാനമുണ്ട്. യുവാൻ കാർലോസ് സ്ഥാനമൊഴിഞ്ഞശേഷം മകൻ ഫെലിപ്പാണ് അധികാരത്തിൽ. സ്പാനിഷ് രാജാവിന്റെ ബ്രിട്ടീഷ് സന്ദർശനം കഴിഞ്ഞ ദിവസം തുടങ്ങിയപ്പോൾ, അതിനെക്കാളൊക്കെ പ്രാധാന്യം നേടിയത് യുവാൻ കാർലോസിന്റെയും കാമുകിമാരുടെയും കഥപറയുന്ന ഒരു പുസ്തകമാണ്.

തന്റെ സുവർണകാലത്ത്, യുവാൻ കാർലോസ് 5000 യുവതികൾക്കൊപ്പമെങ്കിലും അന്തിയുറങ്ങിയിട്ടുണ്ടെന്നാണ് പുസ്തകത്തിലെ പ്രധാന വെളിപ്പെടുത്തൽ. സോഫിയ രാജ്ഞിയെ വിവാഹം കഴിച്ചശേഷവും തന്റെ ലൈംഗിക ജീവിതത്തിന് യുവാൻ കാർലോസ് ഒരു മുടക്കവും വരുത്തിയിട്ടില്ല. യുവാൻ വലയിൽവീഴ്‌ത്തിയ കാമുകിമാരുടെ പട്ടികയിൽ അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയുമുണ്ടെന്ന് പുസ്തകം വെളിപ്പെടുത്തുന്നു. 1987-ൽ ചാൾസ് രാജകുമാരനൊപ്പം സ്‌പെയിൻ സന്ദർശിച്ചപ്പോഴാണ് ഡയാന യുവാനുമായി അടുത്തിടപഴകിയതെന്നും പുസ്തത്തിൽ വെളിപ്പെടുത്തുന്നു.

കടുത്ത ലൈംഗികദാഹിയായ യുവാനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ പുതിയതല്ല. അഞ്ചുവർഷംമുമ്പ് അദ്ദേഹത്തെക്കുറിച്ചുണ്ടായ ഒരു വെളിപ്പെടുത്തലിൽ, 1500 സ്ത്രീകളെയെങ്കിലും യുവാൻ തന്റെ കിടപ്പറയിലെത്തിച്ചിട്ടുണ്ടെന്നാണ് കേട്ടിരുന്നത്. സ്പാനിഷ് സൈന്യത്തിൽനിന്ന് ഉന്നത റാങ്കിൽ വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ് പുതിയ പുസ്തകത്തിന്റെ രചയിതാവ്.

1976 മുതൽ 1994 വരെയുള്ള കാലമായിരുന്നു യുവാന്റെ സുവർണകാലമെന്ന് പുസ്തകത്തിൽപ്പറയുന്നു. ഇക്കാലയളവിൽ 2154 യുവതികൾ അദ്ദേഹത്തിന്റെ കിടപ്പറയിലെത്തി. ഇതിലൊരു ആറുമാസക്കാലയളവിൽ 62 പ്രണയങ്ങളിൽ അദ്ദേഹം ഉൾപ്പെട്ടതായും വെളിപ്പെടുത്തലുണ്ട്. 2005 മുതൽ 2014 വരെയുള്ള കാലയളവിലും, യുവാന് പ്രായം 67 മുതൽ 74 വരെയായിരുന്നെങ്കിലും കാമുകിമാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ലെന്നും പുസ്തകത്തിൽ പറയുന്നു.

സ്‌പെയിന്റെ മുൻ ്‌സ്വേഛാധിപതി ഫ്രാങ്കോയുടെ ചാരന്മാർ നൽകിയ വിവരങ്ങൾ ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നാണ് രചയിതാവിന്റെ അവകാശവാദം. യുവാൻ കാർലോസ് മിലിട്ടറി അക്കാദമിയിലുണ്ടായിരുന്ന കാലത്ത് 332 യുവതികളെ ബന്ധപ്പെട്ടിരുന്നതായും പുസ്തകത്തിൽപ്പറയുന്നു. ആഴ്ചയിൽ നാലൂവീതം വ്യത്യസ്ത പങ്കാളികളായിരുന്നു യുവാനുണ്ടായിരുന്നത്. യുവാൻ കാർലോസ്; ദ കിങ് ഓഫ് 5000 ലവേഴ്‌സ് എന്ന പുസ്തകം തയ്യാറാക്കിയിട്ടുള്ളത് ഇപ്പോൾ സൈനിക ചരിത്രകാരൻ കൂടിയായ മാർട്ടിനെസ് ഇംഗെൽസാണ്.