കൊച്ചി: സ്വകാര്യബസിന്റെ ഒരു നിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരുകാലത്ത് ഇന്ത്യൻ കായിക സ്വപ്‌നങ്ങളെ ത്രസിപ്പിച്ച അതുല്യപ്രതിഭ.ഡ്രൈവിങ്ങിൽ ഇത്രയെറെ ശ്രദ്ധ പുലർത്തിയ ജൂബിയുടെ അപകടമരണം ഉറ്റവർക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ഇന്ത്യൻ അത്‌ലറ്റിക്ക് രംഗത്തിന് ഒട്ടേറെ അവേശോജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ജൂബി അകാലത്തിൽ മടങ്ങുന്നത്.തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയായിരുന്നു ജൂബി.

തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്‌കുളിലെ വിദ്യാർത്ഥിയായിരിക്കെ 1994-95 കാലഘട്ടത്തിൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയാണ് ജൂബി വരവറിയിക്കുന്നത്.തുടർന്നുള്ള ഇന്ത്യൻ കായികരംഗത്തിന്റെ ചരിത്രം ജൂബി തോമസിന്റെ വിജയഗാഥയുടെത് കൂടിയാണ്.1996ൽ ജലന്തറിൽ നടന്ന ദേശിയ ഗെയിംസിൽ 16 വയസ്സിൽ താഴെ ഉള്ളവരുടെ വിഭാഗത്തിൽ സ്വർണം,97 ൽ കൊൽക്കത്തയിൽ നടന്ന മീറ്റിൽ ദേശീയ റെക്കോർഡോടെ സ്വർണം, വിവിധ സർവ്വകലാശാല മീറ്റിൽ സ്വർണം ഇങ്ങനെ പോകുന്നു നേട്ടങ്ങൾ.

ഇതിനൊപ്പം 1999 ലെ ജൂനിയർ ഫെഡറേഷൻ കപ്പിൽ ജൂബി പിന്നിട്ട 2.11 മീറ്റർ ഉയരം ഈ രംഗത്തെ സർവ്വകാല റെക്കോർഡാണ്.പിന്നാലെ സാഫ്‌ഗെയിംസിലും മെഡൽ നേടി മികവ് തെളിയിച്ചു.കായികരംഗത്തെ തിളക്കമാർന്ന നേട്ടങ്ങൾ കൊണ്ട് തന്റെ 19 ാം വയസ്സിൽ തന്നെ റെയിൽവേയിൽ ടിക്കറ്റ് എക്‌സാമിനാറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ഇന്നു രാവിലെ 9.30ന് പുളിക്കമാലിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽപെട്ടാണ് ജൂബി മരണപ്പെടുന്നത്.തൃപ്പൂണിത്തുറയിൽ നിന്നു ജനശതാബ്ദി ട്രെയിനിൽ ഡ്യൂട്ടിക്കു കയറാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.എതിർ ദിശയിൽ നിന്നും വന്ന സ്വകാര്യബസ് മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ ഇടിക്കുകയായിരുന്നു.

നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ ജൂബിയെ തൃപ്പൂണിത്തുറ ആശുപത്രിയിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.പിറവം പാണാലിക്കൽ പി ജെ തോമസിന്റെയും അമ്മിണിയുടെയും മകനാണ്.അദ്ധ്യാപികയായ പിങ്കി ജൂബിയാണ് ഭാര്യ. അലീസാ,അലോന, അൽഫോൻസ എന്നിവർ മക്കളാണ്.