കൊച്ചി: പൃഥ്വീരാജ്-പാർവതി താരജോഡികളുടെ ഏറ്റവും പുതിയ ചിത്രമായ മൈ സ്റ്റോറിക്ക് പിന്തുണയുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്ത്. വ്യക്തിപരമായ അനിഷ്ടങ്ങളുടെ പേരിൽ സിനിമയുടെ പാട്ടിന് ഡിസ് ലൈക്ക് അടിക്കുന്നത് കാടത്തമാണെന്ന് ജൂഡ് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. 'മൈ സ്റ്റോറി'യെ പിന്തുണയ്ക്കുന്നതായും ജൂഡ് വ്യക്തമാക്കി.

മൈ സ്റ്റോറിയിലെ ആദ്യ ഗാനവും മേക്കിങ്ങ് വീഡിയോയും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മേക്കിങ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ആദ്യ ഗാനം പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. ഫേസ്‌ബുക്കിലൂടെ പൃഥ്വിരാജാണ് ഗാനം പുറത്തുവിട്ടത്. നിമിഷങ്ങൾക്കുള്ളിൽ ഡിസ് ലൈക്കുകൾ ലൈക്കുകളെ അതിവേഗം ബഹുദൂരം കടത്തിവെട്ടി.

തിരുവനന്തപുരം രാജ്യാന്തര മേളയ്ക്കിടയിൽ കസബ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ പാർവ്വതി നടത്തിയ പരാമർശത്തിന്റെ അരിശം ചിലരുടെ മനസ്സിൽ നിലയ്ക്കാതെ നുരഞ്ഞുപൊന്തുന്നതിന്റെയും, മുമ്ബ് അരങ്ങേറിയ വിവാദം തുടരുന്നുവെന്നതിന്റെയും സൂചന നൽകുന്ന തരത്തിലുള്ള കമന്റുകളാണ് ഗാനത്തിന് കീഴിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോശമായ ഭാഷയിലുള്ള കമന്റും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.