കോഴിക്കോട്: രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട ന്യായീകരണ പോസ്റ്റ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നത് യുവജനങ്ങൾക്ക് നല്ലതെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. എന്തിന്റെ പശ്ചാത്തലത്തിലാണ് ജൂഡ് ഇങ്ങനെയൊരു പോസറ്റ് ഷെയർ ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും പങ്കുവെച്ച് 15 മിനിട്ടുകൾക്കകം പോസ്റ്റ് വാളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. പോസ്റ്റ് അരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമർശനമുണ്ടായതിന് പിന്നാലെയാണ് പിൻവലിച്ചത്.

'പാർട്ടി സംബന്ധമായ ന്യായികരണങ്ങൾ പോസ്റ്റ് ഇടുന്ന എല്ലാവരെയും ഇടം വലം നോക്കാതെ ബ്ലോക്ക് ചെയ്യുന്നതാണ് യുവജനങ്ങൾക്ക് നല്ലത്,' എന്നായിരുന്നു ജൂഡിന്റെ കുറിപ്പിന്റെ പൂർണരൂപം.

അതേസമയം, മുമ്പും ജൂഡിന്റെ ഫേസ്‌ബുക്കിലെ പ്രതികരണങ്ങൾ വിവാദങ്ങൾക്കും ചർച്ചക്കും വഴിയൊരുക്കിയിരുന്നു. ഹൃദയം സിനിമയെ പറ്റി ജൂഡ് ആന്റണി പങ്കുവെച്ച പോസ്റ്റും അതിന് അദ്ദേഹം നൽകിയ കമന്റും ചർച്ചയായിരുന്നു.

സ്വന്തം പേജിൽ ഹൃദയത്തിന്റെ പോസ്റ്ററാണ് ജൂഡ് പങ്കുവെച്ചത്. പോസ്റ്റിന് കീഴിൽ വന്ന 'എത്ര കിട്ടി' എന്ന കമന്റിന് 'താങ്കൾക്ക് പ്രകൃതി ടീമിൽ നിന്ന് ലഭിച്ചതിനെക്കാൾ കൂടുതൽ' എന്നാണ് ജൂഡ് കുറിച്ചത്. ഈ ജൂഡിന്റെ മറുപടിക്ക് പിന്നാലെ ആരാണ് പ്രകൃതി ടീം എന്ന ചോദ്യവും ഉയരുന്നുണ്ട്.