സിനിമയുടെ ലോകത്ത് എത്തിയത് അഭിനയിക്കാനാണ്. 'പ്രേമ'ത്തിലും ആക്ഷൻ ഹീറോ ബിജുവിലും ലഭിച്ച അവസരങ്ങൾ അൽഫോൻസ് പുത്രനോടും എബ്രിഡ് ഷൈനിനോടും അങ്ങോട്ട് ചോദിച്ചു വാങ്ങിയതാണ്. റിലീസാകാൻ പോകുന്ന തോപ്പിൽ ജോപ്പനിലും മുഖം കാണിച്ചിട്ടുണ്ട്-അതുകൊണ്ട് തന്നെ മലയാളിക്ക് ഈ യുവാവിന്റെ മുഖം പിരചിതമാണ്. അഭിനേതാവെന്ന നിലയിൽ. പക്ഷേ അതിനപ്പുറമാണ് ജൂഡ് ആന്റണിക്ക് മലയാളി സിനിമയിലെ സ്ഥാനം. രണ്ട് സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ. ഓം ശാന്തി ഓശാന, ഇപ്പോൾ ഒരു മുത്തശ്ശി ഗദയും.

ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളസിനിമയിൽ പ്രശസ്തനായ നവ സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. പഴയ പേർ സിജോ ജോസഫ്. സെന്റ് ജൂഡിന്റെ അനുയായി എന്ന നിലയിൽ പേർ നിയമപരമായി ജൂഡ് ആന്തണി ജോസഫ് എന്നാക്കി. എന്തുകൊണ്ട് പേരുമാറ്റിയെന്നതാണ് രസകരം. മാതൃഭൂമിയുടെ ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജൂഡ് ആന്റണി തന്റെ പേരിന്റെ പിന്നിലെ രഹസ്യം പുറത്തു പറയുന്നത്. അബിൻ ജോസഫിന് അനുവദിച്ച അഭിമുഖത്തിലാണ് പേരുമാറ്റത്തിലെ കഥ ഓം ശാന്തി ഓശാനയിലൂടെ മലയാളിയുടെ മനസ്സിലെ പ്രിയ സംവിധായകനായ ജൂഡ് ആന്റണി മനസ്സ് തുറക്കുന്നു. സിജോ ജോസഫിൽ നിന്ന് എങ്ങനെ ജൂഡ് ആന്റണി ജോസഫായെന്ന് വിശദീകരിക്കുകയാണ് എറണാകുളം ആലുവ സ്വദേശിയായ ജൂഡ്.

സിജോ ജോസഫ് എന്നായിരുന്നു എന്റെ ആദ്യ പേര്. എന്റെ വളരെ അടുത്ത കൂട്ടുകാരന് ബ്രയിൻ ട്യൂമർ പിടിപെട്ടു. അവൻ മരിക്കും എന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ യൂദാശ്ലീയുടെ അടുത്തു പോയി പ്രാർത്ഥിച്ചു. ഒമ്പത് വ്യാഴങ്ങളിൽ അടുപ്പിച്ചു പോയി. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനാണല്ലോ. യൂദാശ്ലീഹയോടുള്ള ജപത്തിന്റെ അവസാനം-പ്രാർത്ഥിച്ച കാര്യം നടന്നാൽ അങ്ങയുടെ പേര് എല്ലായിടത്തും പറയും എന്നുണ്ട്. പിന്നീട് അവന്റെ അസുഖം മാറി. സ്‌കാൻ റിപ്പോർട്ട് മാറിയെന്നാണ് അവർ പറയുന്നത്. പ്രാർത്ഥിച്ചിട്ടാണ് മാറിയെന്നാണ് ഞാൻ വിശ്വസിക്കുന്നു. പേര് മാറ്റിയത് എന്തിനാണെന്ന് ആൾക്കാർ ചോദിക്കുമ്പം എനിക്കീ കഥ പറയാൻ പറ്റും. അപ്പോ സെയന്റ് ജൂഡിന്റെ പേര് എല്ലായിടത്തും എത്തിക്കാമല്ലോ. പിന്നെ ആന്റണി എന്റെ മാമോദീസാപ്പേരാണ്-പേരുമാറ്റത്തെ കുറിച്ച് ഗൃഹലക്ഷ്മിയോട് ജൂഡ് ആന്റണി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഇൻഫോസിസിൽ സോഫ് വെയർ എഞ്ചിനിയറായി കുറച്ച് കാലം ജോലി ചെയ്തു. നടൻ നിവിൻപോളിയുമായി അടുത്ത സൗഹൃദമാണ് സിനിമയിൽ സജീവമാക്കിയത്. ഭാവന മീഡിയ വിഷനിന്റെ ബാനറിൽ ദീപു കരുണാകരൻ സംവിധാനം ചെയ്തു 2008ൽ പുറത്തിറങ്ങിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി രംഗപ്രവേശനം. 2014ൽ ഓം ശാന്തി ഓശാനയുടെ  സംവിധാനവും നിർവഹിച്ചു. 2015ൽ പ്രേമം സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിച്ചു. ഇതോടെ ജൂഡ് ആന്റണി താരമായി. 2015ൽ ഡീയാന ആൻ ജെയിംസിനെ വിവാഹം കഴിച്ചു. മുത്തശ്ശി ഗഥ ഹിറ്റാകുമ്പോൾ മകൾ റോസ് ലിനുമുണ്ട് സന്തോഷം പങ്കിടാൻ. അമിത പ്രതീക്ഷകളൊന്നും ഇല്ലാതെ സാധാരണമായി എടുത്തൊരു ചിത്രം. ജൂഡ് ആന്റണിയുടെ പുതിയ ചിത്രം ഒരു മുത്തശ്ശി ഗദയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കുകയാണെങ്കിൽ ഇങ്ങനെ പറയാമെന്നാണ് പ്രേക്ഷക വിലയിരുത്തൽ.

പ്രായമായാൽ ജീവിതം തീർന്നു എന്ന അവസ്ഥയാണ് പലർക്കും. എന്നാൽ, അപ്പോഴാണ് യഥാർഥ ജീവിതം തുടങ്ങുന്നതെന്ന സന്ദേശമാണ് 'മുത്തശ്ശി ഗദ' പ്രേക്ഷകരോട് പങ്കു വയ്ക്കുന്നത്. ആദ്യ ചിത്രമായ 'ഓം ശാന്തി ഓശാന'യ്ക്ക് ശേഷം നിരവധി കഥകൾ കേട്ടു. വ്യത്യസ്തമായ കഥ വേണമെന്ന തീരുമാനത്തിൽ നിന്നാണ് മുത്തശ്ശി ഗദ ജനിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ കണ്ടെത്തിയത് പത്രത്തിൽ പരസ്യം നൽകിയാണ്. 43 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. വയോധിക മന്ദിരത്തിലുള്ളവർക്ക് ചിത്രം സൗജന്യമായി കാണിക്കുന്നുണ്ട്. വയോജന ദിനമായ ഒക്‌ടോബർ ഒന്നിന് തിരുവനന്തപുരം ന്യൂ തിയറ്ററിൽ വയോധികസദനങ്ങളിൽ നിന്നുള്ള 100 പേർക്ക് സൗജന്യമായി ചിത്രം കാണാൻ അവസരമൊരുക്കുന്നുണ്ടെന്നും ജൂഡ് ആന്റണി വ്യക്തമാക്കുന്നു.

കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഞാൻ സിനിമ ചെയ്തത്. ഒരു ഏപ്രിൽ മെയ് മാസത്തോടെ തീയറ്ററുകളിലെത്തിക്കണമെന്ന് വിചാരിച്ചെങ്കിലും എഴുത്ത് നീണ്ടതു മൂലം സിനിമ കുറച്ച് വൈകിയാണ് ഷൂട്ടിങ് ആരംഭിച്ചത്. എന്തായാലും ഈ ഓണാവധിക്ക് കുടുംബാംഗങ്ങൾ ഒന്നിച്ച് ഈ സിനിമ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. താരചിത്രങ്ങൾക്കിടയിൽ ഈ കൊച്ചു സിനിമക്കും ഇടം പിടിക്കാനായായതിന്റെ സന്തോഷം ജൂഡ് മറച്ചുവയ്ക്കുന്നില്ല. തീർച്ചയായും. സംവിധായകനെന്ന ലേബൽ ഉള്ളതിനാൽ സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. പ്രേമത്തിലേയും ആക്ഷൻ ഹീറോ ബിജുവിലേയും കഥാപാത്രങ്ങൾ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. തോപ്പിൽ ജോപ്പനിലും ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. തുടർന്നും സിനിമകളിൽ അഭിനയിക്കാനാണ് താത്പര്യം. സംവിധാനത്തേക്കാൾ അഭിനേതാവാകാനാണ് ഇഷ്ടം-ഇതാണ് ജൂഡിന്റെ മനസ്സ്.

നിവിൻ പോളി മുൻപ് പറഞ്ഞ ഒരു വിഷയത്തിൽ നിന്നാണ് മുത്തശ്ശി ഗദയുടെ കഥ രൂപപ്പെടുന്നത്. എന്നാൽ പിന്നീട് നിവിനു തന്നെ അത് സിനിമയാക്കിയാൽ വിജയിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അതുമായി മുന്നോട്ട് പോകേണ്ടതുണ്ടോ എന്നു നിവിൻ സംശയം പ്രകടിപ്പിച്ചിരുന്നെന്നും ജൂഡ് ആന്റണി പറയുന്നു. ഏറെ സമയമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. പിന്നീട് ലാൽജോസിനെക്കൊണ്ടും വിനീത് ശ്രീനിവാസനകൊണ്ടും സ്‌ക്രിപ്റ്റ് വായിപ്പിച്ചു. അവർക്ക് സ്‌ക്രിപ്റ്റ് ഇഷ്ടമായി. ആ ആത്മവിശ്വാസത്തിലാണ് താൻ മുന്നോട്ട് പോയതെന്നും ജൂഡ് പറയുന്നു. ചെറുതെങ്കിലും കഥാഗതിയിൽ നിർണായകമായൊരു റോളിൽ വിനീത് ശ്രീനിവാസനും ചിത്രത്തിൽ എത്തുന്നുണ്ട്.

സാധാരണ പ്രായമായവരുടെ സിനിമ എന്നു കേൾക്കുമ്പോൾ മൊത്തത്തിൽ ഒരു ശോക മൂഡായിരിക്കും. ഇത് അത്തരത്തിലുള്ള ഒരു സെന്റിമെന്റൽ തീം അല്ല. ഇതൊരു ഫുൾ ലെങ്ത് കോമഡി ചിത്രമാണെന്ന് സംവിധായകൻ പറയുന്നു.