കൊച്ചി: ജെഎൻയു വിഷയത്തിൽ വിമർശനവുമായി ഫേസ്‌ബുക്ക് പോസ്റ്റിട്ടത് മുതൽ ജൂഡ് ആന്റണിക്ക് സോഷ്യൽ മീഡിയയിലൂടെ പൊങ്കാലയാണ്. തെറിവിളി പെരുകിയപ്പോൾ കമന്റ് ബോക്‌സ് പോലും ക്ലോസ് ചെയ്തു സംവിധായകൻ. ഇങ്ങനെ വിവാദം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ജൂഡ് മനോരമയ്ക്ക് അഭിമുഖം നൽകി. ഫേസ്‌ബുക്കിൽ താനിടുന്ന പോസ്റ്റിന്റെ പേരിൽ തന്നെ ചീത്തവിളിക്കുന്നവർ തിരിച്ചും തെറി കേൾക്കാൻ ബാധ്യസ്ഥരാണെന്ന് സംവിധായകൻ ജുഡ് പറഞ്ഞു. തന്റെ സിനിമ ബഹിഷ്‌കരിക്കുമെന്ന് എത്രപേർ പറഞ്ഞാലും കുഴപ്പമില്ലെന്നും, സിനിമ നല്ലതാണെങ്കിൽ വിജയിക്കുമെന്നും ജൂഡ് ആന്റണി മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

ജെഎൻയുവിലെ വിദ്യാർത്ഥി യൂണിയൻ നേതാവ് കന്നയ്യകുമാറിനെ പാർട്ടിക്കാർ മുതലെടുക്കുകയാണെന്നും, ചെഗുവേര എവിടെ നിൽക്കുന്നുവെന്നും, കന്നയ്യകുമാർ എവിടെ നിൽക്കുന്നുവെന്നും നമുക്ക് എല്ലാവർക്കും അറിയാമെന്നും ജൂഡ് പറയുന്നു.
കന്നയ്യ ആത്മാർത്ഥയുള്ള ചെറുപ്പക്കാരനാണ്. നമ്മളിലൊരാളാണ്. ക്യാംപസിന്റെ ആവശ്യങ്ങൾക്കുവേണ്ടി സ്വന്തം കാര്യം പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെട്ടവനുമാണ്. പക്ഷേ ആ ചെറുപ്പക്കാരനെ പാർട്ടിക്കാർ മുതലെടുക്കുകയാണ്.

നേതാവായി പൊക്കിക്കൊണ്ട് നടക്കുകയാണ്. എന്നാൽ മറ്റുള്ളവർക്ക് വേണ്ടി ഇറങ്ങിപ്പുറപ്പെട്ട് കന്നയ്യക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇപ്പോൾ കൂടെയുള്ള ആരും തിരിഞ്ഞുപോലും നോക്കുകയില്ല. എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരനും ഇതുപോലെ രാഷ്ട്രീയത്തിലിറങ്ങി എല്ലാം നഷ്ടപ്പെടുത്തിയിട്ടുണ്ട്. അവനും പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. ആ അനുഭവം ഓർത്താണ് കഴിഞ്ഞ ദിവസം കന്നയ്യകുമാറിനെ സൂചിപ്പിച്ച് ഫേസ്‌ബുക്ക് സ്റ്റാറ്റസ് ഇട്ടതെന്നും ജൂഡ് പറഞ്ഞു.

എന്തായാലും ഞാൻ വലതുപക്ഷക്കാരനല്ല, അന്നും ഇന്നും കമ്മ്യൂണിസത്തിലാണ് വിശ്വസിക്കുന്നതെന്നും, ഈ മണ്ണും,വായുവും,വെള്ളവുമെല്ലാം ആളുകൾക്ക് തുല്യമായി പങ്കുവെക്കാനുള്ളതാണെന്നും തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷേ പണത്തിന്റെ കാര്യത്തിൽ മാത്രം അതു നടക്കില്ല. അത് തുല്യമാക്കാനായി ഉള്ളവനിൽ നിന്നും പിടിച്ചുവാങ്ങുന്നത് ശരിയല്ലല്ലോ.അവിടെയാണ് എനിക്കുള്ള അഭിപ്രായവ്യത്യാസവും. എങ്കിൽ തന്നെയും തന്റെ രാഷ്ട്രീയവും, സിനിമയും രണ്ടാണെന്നും ജൂഡ് പറയുന്നു.

ആലുവ യുസി കോളെജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഞാൻ ആദ്യം എസ്എഫ്‌ഐ ആയിരുന്നു. അന്നൊക്കെ എന്റെ കൂട്ടുകാർ എസ്എഫ്‌ഐക്കാർ ആയിരുന്നു. പിന്നീട് കെഎസ് യുക്കാർ കൂട്ടുകാരായി വന്നപ്പോൾ ഞാൻ കെഎസ് യുക്കാരനായി. ഏതു പാർട്ടി എന്നതല്ലല്ലോ നമ്മൾ നോക്കേണ്ടത്, ആര് നല്ലത് പറയുന്നുവെന്നാണ് നോക്കേണ്ടതെന്നും ജൂഡ് അഭിമുഖത്തിൽ സൂചിപ്പിക്കുന്നു.

എന്റെ സിനിമകൾ ചീത്തതാണെങ്കിൽ ആരും വന്നുകാണില്ല. പക്ഷേ നല്ല സിനിമയാണെങ്കിൽ എത്രയാളുകൾ ബഹിഷ്‌കരിച്ചാലും സിനിമ വിജയിക്കും. എന്റെ സിനിമയും, എന്റെ അഭിപ്രായവും രണ്ടാണ്. കാണേണ്ടവർക്ക് കാണാം. ഇല്ലാത്തവർ കാണേണ്ട. എന്നെ ചീത്ത പറഞ്ഞവരെ മാത്രമെ ഞാൻ ഫേസ്‌ബുക്കിലൂടെ തിരിച്ചും ചീത്ത പറഞ്ഞിട്ടുള്ളു.മാന്യമായ രീതിയിൽ സംസാരിച്ചാൽ മാന്യമായി മറുപടി പറയും. അതിനുപകരം കേട്ടാലറയ്ക്കുന്ന ചീത്തയാണ് ഓരോരുത്തരും പറയുന്നത്. അങ്ങനെയുള്ളവർ തിരിച്ചും തെറി കേൾക്കാൻ ബാധ്യസ്ഥരാണ്.

എന്റെ അടുത്ത സിനിമ റിലീസിനു മുന്നെ മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള വഴിയെല്ലാം ഞാൻ ചെയ്തുവച്ചിട്ടുണ്ട്. എനിക്കങ്ങനെ എല്ലാപ്പോഴും സിനിമ ചെയ്ത്, കുറെ കാശുണ്ടാക്കി എല്ലാക്കാലത്തും സിനിമ ചെയ്യണമെന്ന് ആഗ്രഹമില്ലെന്നും പുതിയ ചിത്രം ഓണത്തിന് റിലീസാകുമെന്നും ജൂഡ് പറഞ്ഞു.