കൊച്ചി: തനിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെതിരെ അതേ ഭാഷയിൽ മറുപടിയുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. മമ്മൂട്ടിയെ വിമർശിച്ചുവെന്ന പേരിൽ ആരംഭിച്ച ജൂഡ്-പാർവതി തർക്കമാണ് ഇപ്പോൾ പ്രതാപ് പോത്തനിലേക്ക് കൂടി എത്തിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് പ്രതാപ് പോത്തൻ ജൂഡിനെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. 'ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇൻഡസ്ട്രിയിൽ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആൾ മാത്രമാണ് നീ'- ഇതായിരുന്നു പ്രതാപ് പോത്തന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് അദ്ദേഹം അൽപ്പസമയത്തിനകം പിൻവലിക്കുകയും ചെയ്തു.

'കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാൻ. ഗെറ്റ് വെൽ സൂൺ ഡിയർ ഓൾഡ് ഡോഗ്' എന്നായിരുന്നു ഇതിന് ജൂഡിന്റെ തിരിച്ചുള്ള മറുപടി. അതിനിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയയിലൂടെ തനിക്കും തന്റെ പുതിയ സിനിമയായ മായാനദിക്കുമെതിരെയുള്ള പ്രചരണത്തിനുള്ള മറുപടി പഴയ എസ്.എഫ്.ഐയുടെ മുദ്രാവാക്യമാണെന്ന് സംവിധായകൻ ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. 'വേട്ടപ്പട്ടികൾ കുരയ്ക്കട്ടെ..' എന്ന മുദ്രാവാക്യം പരാമർശിച്ച ആഷിഖ് അബുവിനെയാണ് ജൂഡ് കഞ്ചാവടിച്ച പേപ്പട്ടിയെന്ന് വിളിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.

നടി പാർവതി കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമർശിച്ചതോടെ മമ്മൂട്ടിയെ വിമർശിച്ചുവെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ പാർവതിക്ക് നേരെ വൻതോതിൽ ആക്രമണമുണ്ടായിരുന്നു. നടിയെ കുരങ്ങിനോട് താരതമ്യപ്പെടുത്തി ഫേസ്‌ബുക്കിൽ ജൂഡ് പോസ്റ്റിട്ടത്തോടെ വാക്‌പോര് അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. 'ഒഎംകെവി' എന്നായിരുന്നു ട്വിറ്ററിലൂടെ പാർവതി ജൂഡിന് കൊടുത്ത മറുപടി. കൂടാതെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമങ്ങൾക്കെതിരെ പാർവതി പൊലീസിൽ പരാതി നൽകുകയും ചെയ്തു.