വാഷിങ്ടൺ ഡി.സി: പ്രസിഡന്റ് ബൈഡൻ മാർച്ച് 30ന് പ്രഖ്യാപിച്ച പതിനൊന്ന് ജഡ്ജിമാരിൽ ഇന്ത്യൻ അമേരിക്കൻ ജഡ്ജി രൂപ രംഗ പുട്ടഗുണ്ടയും ഉൾപ്പെടുന്നു. ഡി.സി. റെന്റൽ ഹൗസിങ് കമ്മീഷനിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന രൂപരംഗയെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സുപ്പീരിയർ കോടതി ജഡ്ജിയായിട്ടാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. 2013 മുതൽ 2019 വരെ സോളോ പ്രാക്ടീഷ്‌നറായിരുന്നു.

2008 മുതൽ 2010 വരെ ഡി.സി. സുപ്പീരിയർ കോർട്ട് ജഡ്ജി വില്യം എം. ജാൽസന്റെ ലൊ ക്ലാർക്കായിരുന്നു. 2002ൽ വാസ്സർ കോളേജിൽ നിന്നും ബിരുദവും 2007ൽ ഒഹായെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി. യു.എസ്. സെനറ്റ് രൂപായുടെ നിയമനം അംഗീകരിക്കുകയാണെങ്കിൽ യു.എസ്. ഡിസ്ട്രിക്റ്റ് കോർട്ട് ഫോർ ദി ഡിസ്ട്രികറ്റ് ഓഫ് ഡി.സി.യിൽ നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക്ക് ഐലന്റ് ജഡ്ജിയായിരിക്കും.

രൂപ രംഗയോടൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ട 11 പേരിൽ ജഡ്ജി സാഹിദ് എൻ ഖുറൈഷിയും ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ നിയമനവും സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ഫെഡറൽ ജഡ്ജി സ്ഥാനത്തേക്ക് ബൈഡൻ നോമിനേറ്റ് ചെയ്യുന്ന ആദ്യ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ജഡ്ജിയായിരിക്കും ഖുറൈഷി. അമേരിക്കൻ നീതി ന്യായവ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യരായ ജഡ്ജിമാരെയാണ് ഉയർന്ന പദവിയിലേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് ബൈഡൻ പറഞ്ഞു.