ചെന്നൈ: ഇന്ത്യൻ ജുഡീഷ്യറിയെ നാണക്കേടിലേക്ക് തള്ളിയിട്ടിരിക്കുകയാണ് കൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണനും മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാരും തമ്മിലുള്ള തമ്മിലടി. സുപ്രീം കോടതി വിധിയെപ്പോലും മാനിക്കാതെ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കുമെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗഗോയ്, മദൻ ബി.ലോകുർ, പി.സി ഘോസെ, കുര്യൻ ജോസഫ് എന്നിവരുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാകും കോടതിയലക്ഷ്യ നടപടികൾ പരിശോധിക്കുക. ഇതാദ്യമായാണ് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിക്കെതിരെ ഭരണഘടനാബെഞ്ച് രൂപവൽക്കരിച്ച് കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നത്.

ഹൈക്കോടതി ജഡ്ജിക്കെതിരെ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആരോപണവിധേയനായ ജഡ്ജിയെ പുറത്താക്കാനോ നടപടികൾ സ്വീകരിക്കാനോ ചീഫ് ജസ്റ്റിസ് പാർലമെന്റിനോട് ശുപാർശ ചെയ്ത സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലൊരു നടപടി ആദ്യമായാണ്.

2015-ലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ കർണൻ ജുഡീഷ്യറിയിൽ വലിയ വിവാദമുയർത്തിയത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ സഞ്ജയ് കെ കൗൾ തന്റെ അധികാരപരിധിയിൽ ഇടപെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയുടെ വിദ്യാഭ്യാസ യോഗ്യത സിബിഐ അന്വേഷിക്കണമെന്നും ജസ്റ്റിസ് കർണൻ ആവശ്യപ്പെട്ടു.

ദളിത് വിഭാഗത്തിൽപ്പെട്ട തനിക്കെതിരെ മറ്റു ജഡ്ജിമാരിൽനിന്ന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നതായും ജസ്റ്റിസ് കർണൻ ആരോപിച്ചിരുന്നു. കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ സുപ്രീം കോടതി ഉത്തരവ് സ്വയം സ്‌റ്റേ ചെയ്തതും വിവാദമായിരുന്നു.. തന്റെ ജുഡീഷ്യൽ അധികാരപരിധിയിൽ ഇടപെടരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോടും ജസ്റ്റിസ് കർണൻ നിർദ്ദേശിച്ചിരുന്നു.

ഭരണഘടനാപരമായി സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിയെ പുറത്താക്കുന്നതിനുള്ള അധികാരം പാർലമെന്റിൽ നിഷിപ്തമാണ്. പാർലമെന്റിന്റെ മൂന്നിൽ രണ്ടുഭൂരിപക്ഷവും ഇതിനാവശ്യമാണ്. നിലവിൽ ഇതേവരെ ഒരു ജഡ്ജിയെപ്പോലും പാർലമെൻ്‌റ് ഈ രീതിയിൽ പുറത്താക്കിയിട്ടില്ല. എന്നാൽ, മൂന്നുതവണ പാർലമെന്റിൽ ഇക്കാര്യം പ്രമേയ രൂപത്തിൽ വന്നിട്ടുണ്ട്.