ന്യൂഡൽഹി: നാല് ഹൈക്കോടതികളിൽ വിരമിച്ച ജഡ്ജിമാരെ നിയമിക്കാൻ സർക്കാരിന് സുപ്രീംകോടതിയുടെ ശുപാർശ. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ശുപാർശ നൽകിയിരിക്കുന്നത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഇത്.

ആന്ധ്രാ പ്രദേശ്/തെലങ്കാന, മധ്യപ്രദേശ്, അലഹബാദ്, കൽക്കട്ട ഹൈക്കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കാനാണ് ശുപാർശ. നാല് ഹൈക്കോടതികളിലുമായി വിരമിച്ച 18 ജഡ്ജിമാരുടെ പേരുകളാണ് സുപ്രീം കോടതി ശുപാർശ ചെയ്തിരിക്കുന്നത്. കോടതികളിൽ ജഡ്ജിമാർ ഇല്ലാത്തതുമൂലമുള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്കം. നേരത്തേ ജഡ്ജിമാരുടെ നിയമനത്തിന്റെ കാര്യത്തിൽ സർക്കാരും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂറും കൊമ്പുകോർത്തിരുന്നു.

ജഡ്ജിമാരുടെ നിയമനത്തിന്റെ കാര്യത്തിൽ സർക്കാർ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂറിന്റെ വിമർശം. ഇതിനെതിരെ കേന്ദ്രവും രംഗത്തെത്തിയിരുന്നു.