ന്യൂഡൽഹി: ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകൾ സുപ്രീംകോടതിയിൽ സമർപ്പിച്ചു. മഹാരാഷ്ട്ര സർക്കാരാണ് റിപ്പോർട്ടുകൾ സുപ്രീംകോടതിയിൽ നൽകിയത്. റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലു കോടതി ഇംത് അംഗീകരിക്കാൻ തയ്യാറായില്ല. ഒന്നും മറച്ചുവെക്കേണ്ടതില്ലെന്ന് കേസ് പരിഗണിച്ചു കൊണ്ട് കോടതി പറഞ്ഞു. റിപ്പോർട്ടിന് മറുപടി നൽകാൻ ഹർജിക്കാർക്ക് ഏഴുദിവസത്തെ സമയം നൽകി.

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് വിചാരണ നടത്തിവന്ന ജഡ്ജി ബി.എച്ച്. ബിജെപി ദേശീയ അധ്യക്ഷൻ ആരോപണ വിധേയനായ കേസിൽ ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹർജി ജസ്റ്റിസുമാരായ അരുൺ മിശ്ര, മോഹൻ ശാന്തനഗൗഡർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് തന്നെയാണ് പരിഗണിച്ചത്. ലോയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടുമാണ് മഹാരാഷ്ട്ര സർക്കാർ കോടതിയിൽ ഹാജരാക്കിയത്.

മുതിർന്ന ജഡ്ജിമാരെ തഴഞ്ഞ് ഈ കേസ് 10ാം നമ്പർ കോടതിയുടെ പരിഗണനക്ക് വിട്ടതാണ് നീതിപീഠത്തിലെ കലാപത്തിന് വഴിമരുന്നിട്ടത്. നാലു ജഡ്ജിമാർ വാർത്തസമ്മേളനം നടത്തിയ വെള്ളിയാഴ്ചയാണ് കേസ് ഈ ബെഞ്ചിലെത്തിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയിരുന്നു. എന്നാൽ, ജസ്റ്റിസ് ശാന്തനഗൗഡർ അവധിയായിരുന്നതിനാൽ തിങ്കളാഴ്ചയും പരിഗണിച്ചില്ല. മുതിർന്ന ജഡ്ജിമാരുടെ പ്രതിഷേധം മുൻനിർത്തി കേസ് മറ്റൊരു ബെഞ്ചിനെ ഏൽപിക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

അതേസമയം, ഈ കേസിൽ ഇനി സുപ്രീംകോടതിയിൽ വാദംകേൾക്കൽ വേണ്ടിവരില്ലെന്ന് ബാർ കൗൺസിൽ അധ്യക്ഷൻ മനൻകുമാർ മിശ്ര അഭിപ്രായപ്പെട്ടു. പ്രത്യേകാന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. കൂടുതൽ ദ്രോഹിക്കരുതെന്നും ദുരൂഹതയുള്ളതായി കരുതുന്നില്ലെന്നും ജഡ്ജിയുടെ മകൻതന്നെ പറഞ്ഞുകഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.