ന്യൂഡൽഹി: ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിയമന ശുപാർശ കേന്ദ്രസർക്കാർ മടക്കി. കേരളത്തിന് അമിതമായ പ്രാധാന്യം നൽകേണ്ടതില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് ജോസഫിനേക്കാൾ യോഗ്യരായവർക്ക് നിയമനം ലഭിച്ചിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിൽ പുതിയ ജഡ്ജിയായി കൊളീജിയം നിർദ്ദേശിച്ച ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തിൽ പുനഃപരിശോധന വേണമെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത്.

ഇതൊടൊപ്പം സുപ്രീം കോടതിയിൽ കേരളത്തിന് അമിത പ്രാതിനിധ്യം നൽകേണ്ടതില്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം നിലപാടെടുക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫയൽ സുപ്രീം കോടതിയിലേക്ക് മടക്കി അയച്ചു. ജഡ്ജിമാരായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെയും മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയുമാണ് കൊളീജിയം നിർദ്ദേശിച്ചത്. ഇതിൽ ഇന്ദു മൽഹോത്രയെ മാത്രം ജഡ്ജിയാക്കി നിയമിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കുകയായിരുന്നു. ഇതിനെതിരെ കൊളീജിയത്തിലെ ജഡ്ജിമാരടക്കം പ്രതിഷേധവുമായി രംഗത്തെത്തി.

ഫുൾകോർട്ട് വിളിക്കണമെന്ന് മുതിർന്ന ജഡ്ജിമാരും ഇന്ദു മൽഹോത്ര സ്ഥാനം ഏറ്റെടുക്കരുതെന്ന് മുതിർന്ന അഭിഭാഷകരും ആവശ്യപ്പെട്ടു. ഇതിനിടെയാണ് കെ.എം ജോസഫിന്റെ കാര്യത്തിൽ പുനഃപരിശോധന വേണമെന്ന ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കൊളീജിയത്തെ സമീപിക്കുന്നത്. ഇക്കാര്യത്തിൽ കൊളീജിയത്തിന്റെ നിലപാട് തേടി നിയമ മന്ത്രാലയം കത്ത് തയ്യാറാക്കിയതായാണ് വിവരം. കെ.എം ജോസഫിന്റെ പേര് തന്നെ വീണ്ടും കൊളീജിയം നിർദ്ദേശിക്കുകയാണങ്കിൽ നിലവിൽ സുപ്രീം കോടതിയിലുള്ള മലയാളി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് വിരമിക്കുകന്നത് വരെ കാത്തിരിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.

രാവിലെയുള്ള ജഡ്ജിമാരുടെ യോഗത്തിലാണ് ഇന്ദുവിനെ മാത്രം നിയമിക്കാനുള്ള നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയത്. ഇന്ദുവിന്റെ സത്യപ്രതിജ്ഞ മാറ്റിവെയ്ക്കണമെന്ന് യോഗത്തിൽ ഇന്ദിരാ ജെയ്സിങ് ആവശ്യപ്പെട്ടു. ഫുൾ കോർട്ട് വിളിക്കണമെന്ന് ജഡ്ജിമാർ വീണ്ടും ആവശ്യപ്പെടുകയും ചെയ്തു.

മൂന്നു മാസം മുമ്പാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരങ്ങിയ കൊളീജിയം ഇരുവരുടെയും പേരുകൾ നിർദ്ദേശിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ദുവിന് മാത്രം നിയമനം നൽകുകയായിരുന്നു കേന്ദ്രസർക്കാർ.