കൊച്ചി: ഹൈക്കോടതിയിൽ പുതിയ ജഡ്ജിമാരായി നിയമിക്കേണ്ടവരുടെ ശുപാർശപ്പട്ടികക്കെതിരെ ഹൈക്കോടതിയിൽ ഹർജി. കൊളിജീയം ശുപാർശ ചെയ്ത അഞ്ച് പേർ ബന്ധു നിയമനത്തിന്റെ പരിധിയിൽ വരുമെന്നതിനാൽ ഇവർക്ക് നിയമനം നൽകുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നാഷണൽ ലോയേഴ്‌സ് കാമ്പയിൻ ഫോർ ജുഡീഷ്യൽ ആൻഡ് റിഫോംസ് സെക്രട്ടറി അഡ്വ. സി ജെ ജോവ്‌സൺ ആണ് പരാതിക്കാരൻ.

ജഡ്ജിമാരുടെ നിയമനത്തിനായി പാനൽ തയ്യാറാക്കിയപ്പോൾ മെറിറ്റ് അവഗണിക്കപ്പെട്ടുവെന്നും ജഡ്ജിമാരുടെയും മുൻ ജഡ്ജിമാരുടെയും ബന്ധുക്കളും ജൂനിയേഴ്‌സുമാണ് ഇടംപിടിച്ചതെന്നുമാണ് പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കട്ടുന്നത്. അഞ്ച് അഭിഭാഷകരെ എതിർ കക്ഷികളാക്കിയാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. വിജു എബ്രഹാം, ജോർജ്ജ് വർഗീസ്, അരുൺ വിജി, പി ഗോപാൽ, രമേശ് ടി പി എന്നിവർക്കെതിരെയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ഇവരെയാണ് ജഡ്ജിമാരുടെ നിയമനത്തിനായി പരിഗണിച്ചിരുന്നത്. പുറത്തുവന്ന വിവരം അനുസരിച്ച് ജഡ്ജിമാരാകാൻ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അഞ്ച് പേർക്കും നിലവിലുള്ളതോ മുൻ ജഡ്ജിമാരുടെയോ അടുത്ത ബന്ധുക്കളോ ജൂനിയർമാരോ ആണെന്നതാണ്.

സുപ്രീം കോടതി ജസ്റ്റിസും ജഡ്ജിമാരുടെ നിയമനത്തിന് അധികാരമുള്ള കുര്യൻ ജോസഫിന്റെ ജൂനിയറും ജസ്റ്റിസ് തോമസ് പി ജോസഫിന്റെ മരുമകനുമായ വിജു അബ്രഹാമാണ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ പരിഗണിക്കുന്ന ശുപാർശയിൽ ഇടംപടിച്ചിരിക്കുന്ന പ്രമുഖ വ്യക്തി. ഹൈക്കോടതിയിലെ മിടുക്കനായ അഭിഭാഷകരുടെ കൂട്ടത്തിൽ തന്നെയാണ് ഇദ്ദേഹം. എങ്കിലും നിയമന കാര്യത്തിൽ മുൻ ജഡ്ജിയുടെയും ഇടപെടൽ ഉണ്ടെന്ന ആക്ഷേപത്തിന് ഈ പേര് പരിഗണിച്ചപ്പോൾ ഇട വന്നിട്ടുണ്ട്.

ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ ജൂനിയറായ ജോർജ്ജ് വർഗീസ് പെരുംപാലിക്കുറ്റയാണ് മറ്റൊരു പ്രമുഖൻ. നിലവിൽ ജാർഖണ്ഡ് ചീഫ് ജസ്റ്റിസാണ് തോട്ടത്തിൽ രാധാകൃഷ്ണൻ. മുമ്പ് കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ച തോട്ടത്തിൽ രാധാകൃഷ്ണന്റെ ജൂനിയറിനെ പരിഗണിച്ചതും വിവാദമായി ഉയാരാൻ സാധ്യതയുണ്ട്. ജസ്റ്റിസ് ശിവരാമൻ നായരുടെ മരുമകനും ജസ്റ്റിസ് അനു ശിവരാമൻ നായരുടെ ബന്ധുവുമായ അരുണും ജഡ്ജി നിയമന ശുപാർശയിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻ ഹൈക്കോടതി ജഡ്ജി ടി ആർ രാമചന്ദ്രൻ നായരുടെ അടുത്ത അസോസിയേറ്റായും വി ജി അരുൺ പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ ബന്ധുവായ ഗോപാലും ജഡ്ജിയാകാൻ ശുപാർശ ചെയ്യപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. പ്രമുഖ ജഡ്ജിമാരുടെ ബന്ധുക്കൾക്ക് പുറമേ പ്രമുഖ അഭിഭാഷകരുടെ ബന്ധുക്കളും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത്തരത്തിൽ പട്ടികയിൽ ഇടംപിടിച്ചത് എ ജി സുധാകര പ്രസാദിന്റെ മരുമകൻ അഡ്വ. രമേശാണ്.

അതേസമയം ബന്ധുക്കളും പ്രമുഖരുടെ ജൂനിയേഴ്സുമാണ് ഹൈക്കോടതി ജഡ്ജി നിയമന പട്ടികയിൽ ഇടംപിടിച്ചതെന്നാണ് പരാതി. ഇത് തെറ്റായ പ്രവണതയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിമാരുടമായി ബന്ധുത്വമുള്ളവരെ നിയമിക്കുന്ന നടപടി സ്റ്റേ ചെയ്യണമെന്നാണ് സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. 47 ജഡ്ജിമാരാണ് ഹൈക്കോടതിയിൽ ഉള്ളത്. നിലവിൽ ഒൻപത് ഒഴിവ് നിലവിലുണ്ടെങ്കിലും ഏഴ് പേരുകൾ മാത്രമാണ് നിയമനത്തിനു ശുപാർശ ചെയ്യാൻ അധികാരമുള്ള ജഡ്ജിമാരടങ്ങുന്ന സമിതിയായ കൊളീജിയം അയച്ചിരിക്കുന്നത്. ഒൻപത് വർഷത്തിനിടയിൽ പട്ടികജാതി-വർഗ്ഗവിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും കൊളീജിയം ശുപാർശ ചെയ്യുകയോ നിയമിക്കുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. എന്തായാലും സ്വന്തം കാര്യത്തിൽ വിധി പറയുന്നതിന്റെ ആശങ്കയിൽ ഹൈക്കോടതിയിലുണ്ട്.