ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ കേസിൽ ഇരകളെയോ അവരുടെ ഉറ്റവരെയോ ഭാഗമാക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് വ്യാപക പിന്തുണ. സ്വാധീനം ഉപയോഗിച്ച് പ്രതികൾ കേസിൽ നിന്ന് രക്ഷപ്പെടുന്നത് ഒഴിവാക്കാനാണ് ഇത്. ഈ നീക്കത്തിലൂടെ വിചാരണ ശരിയായി നടക്കാനും ശിക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

നിയമ പരിഷ്‌കരണത്തിനുള്ള ഉപദേശക സമിതിക്ക് മുമ്പാകെയാണ് ഈ നിർദ്ദേശം വന്നിട്ടുള്ളത്. കേന്ദ്ര നിയമമന്ത്രി അധ്യക്ഷനായ സമിതിയുടെ യോഗം ഈ ആഴ്ചചേരും. നിർദ്ദേശം അംഗീകരിച്ചാൽ ക്രിമിനൽനിയമത്തിൽ ഭേദഗതി കൊണ്ടുവരും. പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശ പ്രകാരമാണ് ഈ നീക്കം.

ഇരകളുടെ അവകാശവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മളീമഠ് സമിതി നേരത്തേ ഒട്ടേറെ ശുപാർശകൾ സമർപ്പിച്ചിരുന്നു. അക്കൂട്ടത്തിൽ ചിലതാണ് ഇപ്പോൾ നടപ്പാക്കാൻ ആലോചിക്കുന്നത്. ഏഴോ അതിൽ കൂടുതലോ കൊല്ലം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിൽ, കൊല്ലപ്പെട്ട ഇരകൾക്കുവേണ്ടി ബന്ധുവിനെ കേസിൽ കക്ഷിചേർക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു.

ഇപ്പോൾ, ഇത്തരം കേസുകളിൽ ഇരകൾക്ക് കക്ഷിയാവാൻ സാധിക്കില്ല. സർക്കാർ(പ്രോസിക്യൂഷൻ) ആണ് വാദി. കുറ്റവാളികളെ വെറുതെ വിടുന്ന കേസുകളിൽ അപ്പീൽ സമർപ്പിക്കണോ വേണ്ടയോ എന്ന് സർക്കാറാണ് തീരുമാനിക്കുന്നത്. ഇരയോ അടുത്ത ബന്ധുവോ കേസിന്റെ ഭാഗമായാൽ, സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ ഇരകൾക്കുതന്നെ മേൽക്കോടതിയെ സമീപിക്കാനാവും.