തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ ഈ ഹർജികൾ കോടതി തള്ളിയിരുന്നു. വിശദമായ വാദം കേൾക്കലിന് ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.

ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ സുപ്രീം കോടതിയിൽ ഇപ്പോൾ അപ്പീൽ നൽകിയിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷനും നടിയും ഉയർത്തിയത്. ആക്രമിക്കപ്പെട്ട നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സർക്കാർ ആരോപിച്ചു. വിചാരണ ഈ രീതിയിൽ മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് സർക്കാർ അറിയിച്ചു. പക്ഷപാതപരമായാണ് വനിതാ ജഡ്ജി കോടതിമുറിയിൽ പെരുമാറുന്നതെന്നായിരുന്നു ആരോപണം. എട്ടാം പ്രതി നടൻ ദിലീപിനുവേണ്ടി മാത്രം 19 അഭിഭാഷകരാണ് ഒരേസമയം എത്തിയത്.