- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷിനെ ജയിലിൽ ഭീഷണിപ്പെടുത്തിയവർക്ക് എതിരെ കേസ് എടുക്കണം; മൊഴി എടുക്കാൻ എന്ന വ്യാജേന സ്വപ്നയെ കണ്ട വിജിലൻസ് ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യണം; തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകന്റെ ഹർജി

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ ജയിലിൽ ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹർജി. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. രാജ്യസുരക്ഷയെയും രാജ്യ സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന കേസിൽ സംസ്ഥാന മന്ത്രിസഭയിലെ ഉന്നതരും ഉൾപ്പെട്ടതിനാൽ രാജ്യത്തിന്റെ വിശാല പൊതു താൽപര്യാർത്ഥം അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജാണ് കേസ് ഫയൽ ചെയ്തത്.
സംഭവം സംബന്ധിച്ച് ഡി ജി പി ക്കും ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടർക്കും പരാതി നൽകിയിട്ടും എൽ ഡി ഫ് സർക്കാരിന്റെ സ്വാധീനത്താൽ കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും നാഗരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലൈഫ്മിഷൻ അഴിമതി കേസന്വേഷണ വ്യാജേന സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാനെന്ന പേരിൽ സ്വപ്നയെ കണ്ട സംസ്ഥാന വിജിലൻസ് പൊലീസുദ്യോഗസ്ഥരെയും ഇടതു പൊലീസ് യൂണിയൻ ഭാരവാഹികളെയും അടക്കം സ്വപ്നയെ കാണിച്ച് തിരിച്ചറിയിച്ച് ചോദ്യം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അട്ടക്കുളങ്ങര വനിതാ ജയിലിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള സി സി റ്റി വി ഫൂട്ടേജ് , ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്ത് കോടതി മുഖേന ഫോറൻസിക് പരിശോധന നടത്തണം. പ്രതികൾ കൃത്യ സ്ഥലത്തേക്ക് വന്ന വാഹനങ്ങൾ, ഉപയോഗിച്ച ഫോണുകൾ ,എന്നിവ പിടിച്ചെടുക്കണം.ജയിലിലേക്ക് വന്ന ഇൻകമിങ് ,ഔട്ട് ഗോയിങ് കോളുകൾ എന്നിവയുടെ സി.ഡി.ആർ ശേഖരിച്ച് അന്വേഷണം നടത്തണം എന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്നയെ ഭീഷണിപ്പെടുത്തിയ പ്രതികളെക്കൊണ്ട് ജയിലിൽ കുറ്റകരമായി പ്രവേശിപ്പിക്കൽ ,ഉന്നതരെ ഒഴിവാക്കി കള്ള തെളിവ് നൽകാൻ ഭീഷണിപ്പെടുത്തൽ ,വധഭീഷണി ഉയർത്തുന്ന കുറ്റകരമായ ഭയപ്പെടുത്തൽ , സ്ത്രീക്കെതിരായ അതിക്രമം , പ്രേരണ എന്നീ കുറ്റകൃത്യങ്ങൾ ചെയ്യിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തവരും കൃത്യത്തിന് പ്രതികളെ പ്രചോദിപ്പിച്ചവരും സഹായിച്ചവരും കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് കൂട്ടായ്മ കൃത്യത്തിലുൾപ്പെട്ടവരുമായ മറ്റു പ്രതികൾക്കെതിരെയും കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്..
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 (ബി), 452 , 195 A , 506 (ii) , 109 , 34 , കേരള പൊലീസ് നിയമത്തിലെ വകുപ്പ് 119 എന്നിവ പ്രകാരം കേസെടുക്കണമെന്നാണാവശ്യം. സ്വപ്നയെ കേസിൽ ഒന്നാം സാക്ഷിയാക്കിയിട്ടുണ്ട്.


