തിരുവനന്തപുരം: ഒന്നര കിലോ കഞ്ചാവ് കൈവശം വച്ച് വിറ്റയാൾക്കും വാങ്ങിയ ആൾക്കും അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും തലസ്ഥാനത്തെ ജില്ലാക്കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കഞ്ചാവ് വിൽപ്പന നടത്തിയ അമരവിള സ്വദേശി സതി , നരുവാമൂട് നിവാസി പുഷ്‌കരൻ എന്ന ഉണ്ണി എന്നിവരെയാണ് സെഷൻസ് ജഡ്ജി ഡെന്നിസ് ശിക്ഷിച്ചത്.

പ്രതികൾ കരിമഠം നാസർ കൊലക്കേസിലും, മറ്റു മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടതിനാലും ശിക്ഷ ഭയന്ന് പ്രതികൾ ഒളിവിൽ പോകുമെന്നതിനാലും ജാമ്യം നിരസിച്ച് പ്രതികളെ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയുടെ വാദം അംഗീകരിച്ച് പ്രതികളുടെ ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നു. അപ്രകാരം പ്രതികളെ ജയിലിലിട്ട് കസ്റ്റോഡിയൽ വിചാരണ നടത്തിയാണ് ശിക്ഷാവിധി കോടതി പ്രസ്താവിച്ചത്.

2011 മെയ് 25 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നരുവാമൂട് ജംഗ്ഷനിൽ പൊതു സ്ഥലത്ത് വച്ച് പ്രതികൾ തമ്മിൽ കഞ്ചാവടങ്ങിയ ബാഗ് കൈമാറവേ നേമം പൊലീസ് സബ്ബ് ഇൻസ്‌പെക്ടറും നിലവിൽ സർക്കിൾ ഇൻസ്‌പെക്ടറുമായ അജി ചന്ദ്രൻ നായരാണ് തൊണ്ടി സഹിതം പ്രതികളെ പിടികൂടിയത്.

പൊതുസ്ഥലത്ത് വച്ച് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലുള്ള റിക്കവറി (തൊണ്ടിമുതൽ കണ്ടെടുക്കൽ) ആയതിനാൽ പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരം ഒരു പേപ്പറിൽ ചുരുക്കിയെഴുതി മേലുദ്യോഗസ്ഥനെ അറിയിക്കണമെന്ന നർക്കോട്ടിക് നിയമത്തിലെ വകുപ്പ് 42 ഡിറ്റക്റ്റിങ് ആൻഡ് അറസ്റ്റിങ് ഓഫീസർ പാലിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

പൊതു സ്ഥലമായതിനാൽ വകുപ്പ് 43 പ്രകാരം ലഭിച്ച വിവരം പേപ്പറിൽ രേഖപ്പെടുത്തേണ്ട ആവശ്യമില്ല. അതു പോലെതന്നെ ശരീരത്തിലോ പ്രതികൾ ധരിച്ച വസ്ത്രങ്ങളിൽ നിന്നോ അല്ല മറിച്ച് തൊണ്ടിമുതൽ പ്രതികൾ കൈവശം കരുതിയ ബാഗിൽ നിന്ന് വീണ്ടെടുത്തതിനാൽ കൃത്യസമയം പ്രതികളുടെ ദേഹപരിശോധനക്ക് വകുപ്പ് 50 പ്രകാരം മജിസ്‌ട്രേട്ടിന്റെ സാന്നിധ്യം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പ് 20 (ബി) പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തേക്ക് 11 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകളും രേഖകളും അക്കമിട്ട് കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. :എൻ ഡി പി എസ് നിയമപ്രകാരം ഒരു കിലോ വരെ ഗഞ്ചാവ് കൈവശം വയ്ക്കുന്നത് വകുപ്പ് 20 (എ) പ്രകാരം 6 മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.ഒരു കിലോ മുതൽ ഇരുപത് കിലോ വരെയായാൽ വകുപ്പ് 20 ബി പ്രകാരം ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ്. ഇരുപത് കിലോക്ക് മേലായാൽ വകുപ്പ് 20 (സി) പ്രകാരം 10 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ്.