കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. എന്നാൽ കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്ന് ക്രൈംബ്രാഞ്ചിനു കോടതി നിർദ്ദേശം നൽകി.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതി സ്വ്പന സുരേഷിനു മേൽ സമ്മർദം ചെലുത്തി എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ ഇഡി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ ചൊവ്വാഴ്ച വരെ തുടർനടപടി പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ നിലനിൽക്കുന്നതല്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് എവിടെയും പറഞ്ഞിട്ടില്ലെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഇഡിക്കെതിരെ മൊഴി നൽകിയ പൊലീസ് ഉദ്യോഗസ്ഥകൾ സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും മേത്ത പറഞ്ഞു.

ഹർജിക്കൊപ്പം, പ്രതി സ്വപ്നാ സുരേഷിന്റെ മൊഴിപ്പകർപ്പ് ഹാജരാക്കിയതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മൊഴിപ്പകർപ്പു ഹാജരാക്കിയത് എന്തിനെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി ചോദിച്ചു രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഹർജിക്കൊപ്പം നൽകിയിരിക്കുന്നത്. ഇത് ഉചിതമാണോയെന്നു കോടതി ചോദിച്ചു. തെളിവുകൾ എന്ന നിലയ്ക്കാണ് മൊഴിയിലെ വിവരങ്ങളും വാട്ട്സ്ആപ്പ് ചാറ്റും ഹാജരാക്കിയതെന്ന്, ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിനെ നിർബന്ധിച്ചെന്ന പൊലീസുകാരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്‌ ്രൈകംബ്രാഞ്ച് കേസ് എടുത്തത്. പ്രതി പറയാത്ത കാര്യങ്ങൾ പോലും പറഞ്ഞു എന്ന തരത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് മൊഴിയായി നൽകിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത് എന്നും ഇ ഡി പറയുന്നു.