കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിൽ 21 ന് മുമ്പ് ഇറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. രാജ്യസഭയിലെ അംഗങ്ങൾ വിരമിക്കുന്നതിന് മുൻപ് മുൻകൂട്ടി വിജ്ഞാപനമിറക്കുമെന്നാണ് കമ്മീഷൻ അറിയിച്ചത്. ഇത് ഹൈക്കോടതി രേഖപ്പെടുത്തി.രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന്റെ കാരണം അറിയിക്കണമെന്ന് കമ്മീഷന് കോടതി നിർദ്ദേശം നൽകി. രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതി നിർദ്ദേശം.ഹർജികൾ മറ്റന്നാൾ പരിഗണിക്കും. ഈമാസം 21നാണ് കേരളത്തിൽ നിന്നുള്ള മൂന്ന് സീറ്റുകളിൽ നിന്ന് പ്രതിനിധികൾ വിരമിക്കുന്നത്.

തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന് എതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹർജികൾ നൽകിയിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് ചട്ടലംഘനമാണ് എന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിയമപരമായ സമയക്രമം പാലിച്ചുതന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ അറിയിച്ചിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികൾ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചത്. വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാർശകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

ഏപ്രിൽ 12ന് നടത്താനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തത നൽകാൻ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയത്.

അതേസമയം വിജ്ഞാപനം വന്ന് 19 ദിവസങ്ങൾക്ക് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളു. ഏപ്രിൽ 21ന് തൊട്ടുമുമ്പുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കിൽ 19 ദിവസം കഴിഞ്ഞ് മാത്രമേ നിയമസഭയിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താൻ കഴിയു. മെയ്‌ രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാൽ നിലവിലെ നിയമസഭാ അംഗങ്ങൾക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സർക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയിൽ ചൂണ്ടിക്കാണിച്ചത്. നിലവിലെ സാഹചര്യത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാൻ സാധിക്കും