കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. സത്യപ്രതിജ്ഞയിൽ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കെ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയിൽ ഹർജി സമർപ്പിച്ചത്.

ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അഥോറിറ്റിക്കും നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അതേസമയം, ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം അറിയിക്കുന്നതിനായി കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റി വച്ചു.

കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയെ സമീപിച്ചിരിക്കുന്നത്. ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിലുള്ള തിരുവനന്തപുരത്തു നടത്തുന്ന ചടങ്ങ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അനിൽ തോമസ്, ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ എന്നിവർ ചീഫ് ജസ്റ്റിസിനു കത്തു നൽകിയിരുന്നു. നാളെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.