തിരുവനന്തപുരം: മുൻ ഡിജിപി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ തീയതി ഷെഡ്യൂൾ ചെയ്യാനായി ഡി ജി പി യെ ഹാജരാക്കാൻ സിബിഐയോട് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. വിചാരണക്കു മുന്നോടിയായി പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച് കുറ്റം ചുമത്തിയിരുന്നു. സംസ്ഥാന മുൻ ഡി ജി പി പണ്ടകശാല ജേക്കബ്ബ് അലക്‌സാണ്ടറെന്ന പി.ജെ. അലക്‌സാണ്ടറാണ് ഡിസ്‌പ്രൊപ്പോഴണേറ്റ് അസറ്റ് കേസിലെ ഏക പ്രതി.

1982 മുതൽ 1992 വരെയുള്ള കാലയളവിൽ ഡി ജി പി തന്റെയും ഭാര്യയുടെയും 2 പെൺമക്കളുടെയും ബിനാമികളുടെയും പേരിൽ ഉറവിടം വ്യക്തമാക്കാനാവാത്ത 62 ലക്ഷം രൂപയുടെ സ്വർണം, കൃഷിഭൂമി, എസ്റ്റേറ്റ് എന്നിവ അടക്കമുള്ള സ്ഥാവര - ജംഗമ സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചുവെന്നാണ് സി ബി ഐ കേസ്

ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് ( ഐ എം ജി )ഡയറക്ടർ, ടൈറ്റാനിയം എം.ഡി, കെ.എസ് ആർ ടി സി ജനറൽ മാനേജർ , ഡി.ഐ.ജി ( ക്രൈം ബ്രാഞ്ച് ) , തിരുവനന്തപുരം ഐ. ജി , ഫയർ സർവ്വീസ് ഐ ജി , ട്രാവൻകൂർ സിമെന്റ്‌സ് കമ്പനിയുടെ ചെയർമാൻ ആൻഡ് എം.ഡി , അർബൻ വെൽഫയർ ഐ ജി ഓഫ് പൊലീസ് , ക്രൈംബ്രാഞ്ച് ഐ.ജി , ഡി ജി പി എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കവേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വത്തുവകകൾ വാങ്ങിക്കൂട്ടിയെന്നാണ് കേസ്.

കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സി ബി ഐ നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 1995 ഡിസംബർ 11 ന് സിബിഐ എസ്‌പി നാഗേന്ദ്ര സിംഗാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ ഹാജരായി ജാമ്യം നേടിയ ശേഷം തനിക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ വിചാരണ കൂടാതെ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് 2012 ൽ ഡി ജി പി സമർപ്പിച്ച വിടുതൽ ഹർജി സിബിഐ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഡി ജി പി സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജിയിൽ ഹൈക്കോടതി റിവിഷൻ ഹർജിയിലെ അന്തിമ തീരുമാനം വരെ സിബിഐ കോടതിയിലുള്ള കേസിന്റെ തുടർ നടപടികൾ 2012 ൽ തന്നെ സ്റ്റേ ചെയ്തിരുന്നു.

എന്നാൽ എല്ലാ സ്റ്റേ ഉത്തരവുകൾക്കും 6 മാസക്കാലാവധി മാത്രമേ ഉള്ളുവെന്ന് 2018 ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടു. 6 മാസക്കാലം കഴിഞ്ഞയുടൻ രാജ്യത്തെ എല്ലാ കോടതികളിലുമുള്ള സ്റ്റേ ഉത്തരവുകൾ ഓട്ടോമാറ്റിക്കായി റദ്ദാകുന്നതാണെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്റ്റേ മാറ്റി പ്രതിയുടെ വിചാരണ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സിബിഐ പ്രോസിക്യൂട്ടർ തിരുവനന്തപുരം സിബിഐ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
-
ഇതിനിടെ ഹൈക്കോടതി സ്റ്റേ നീക്കം ചെയ്യുകയും വിചാരണ പുനരാരംഭിക്കാൻ തിരുവനന്തപുരം സിബിഐ കോടതിക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയോട് വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് ഹാജരാകാൻ സിബിഐ കോടതി ഉത്തരവിടുകയും സിബിഐയുടെ ഹർജി തീർപ്പാക്കുകയും ചെയ്യുകയായിരുന്നു.