കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലക്കേസിലെ എട്ടാം പ്രതിയുടെ ജാമ്യാ പേക്ഷ ഹൈക്കോടതി തള്ളി. ചെറിയ പാക്കം വെളുത്തോളിയിലെ സുബീഷ് നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കേസിൽ പ്രതിക്ക് ജാമ്യം നൽകിയാൽ ഒളിവിൽ പോകാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന സിബിഐയുടെ വാദത്തെ തുടർന്നാണ് ജസ്റ്റിസ് അശോക് മേനോൻ ജാമ്യാപേക്ഷ തള്ളി കളഞ്ഞത്.

2019 ഫെബ്രുവരി പതിനേഴിന് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും വെട്ടികൊ ലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത പ്രതിയാണ് സുബീഷെന്നാണ് കുറ്റപത്രത്തിലുള്ളത്. സംഭവത്തിന് ശേഷം നാട്ടിൽ നിന്നും മുങ്ങിയ സുബീഷിനെ മെയ് പതിനാറിന് പുലർച്ചെ മാംഗ്ലൂർ വിമാനത്താ വളത്തിൽ വച്ചാണ് അന്വേഷണസംഘം പിടികൂടിയത്.

കൊലപാതകത്തിന് ശേഷം ഗൾഫിലേക്ക് കടന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായം തേടിയതിന് പിന്നാലെയാണ് രക്ഷയില്ലെന്ന് കണ്ട സുബീഷ് നാട്ടിലേക്ക് മടങ്ങിയത്. മംഗലാപുരം വിമാനത്താവളത്തിലിറങ്ങി പുറത്തേക്ക് കടക്കുമ്പോൾ തന്നെ പുലർച്ചെ രണ്ട് മണിയോടെ അറസ്റ്റുചെയ്യുകയായിരുന്നു.

ഉദുമയിലെ ചുമട്ടുതൊഴിലാളിയായിരുന്ന സുബീഷ് കൊലപാതകം നടന്ന് ഏതാനും ദിവസങ്ങൾ നാട്ടിൽ തന്നെയുണ്ടായിരുന്നു. എന്നാൽ തനിക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് രാജ്യം വിട്ടത്. ഈ കേസിന്റെ സുപ്രധാനപ്രതിയാണ് സുബീഷെന്നാണ് അന്വേഷണ സംഘം വാദിക്കുന്നത്. അതു കൊണ്ടുതന്നെ ജാമ്യം അനുവദിക്കുന്നത് തുടർ അന്വേഷണത്ത പ്രതികൂലമായി ബാധിക്കുമെന്നും സിബിഐ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. സുബീഷിന് പുറമെ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കേസിൽ പതിനാല് പ്രതികളാണുള്ളത്