- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയസഭ കയ്യാങ്കളി കേസ്: മന്ത്രി വി.ശിവൻകുട്ടി അടക്കം ആറ് പ്രതികളെ കുറ്റവിമുക്തർ ആക്കണമെന്ന ഹർജി തിങ്കളാഴ്ച പരിഗണിക്കും; ഹർജിയിൽ സർക്കാർ നിലപാട് തലസ്ഥാനത്തെ വിചാരണ കോടതിയിൽ അറിയിക്കും; സഭ അടിച്ചുതകർത്ത് 2.21 ലക്ഷം രൂപയുടെ നഷ്ടംവരുത്തിയെന്ന് കേസ്

തിരുവനനന്തപുരം: നിയമ സഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതികൾ തങ്ങളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കണമെന്നാനാവശ്യപ്പെട്ട് സമർപ്പിച്ച വിടുതൽ ഹർജി തലസ്ഥാനത്തെ വിചാരണ കോടതി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ. രേഖയാണ് കുറ്റവിമുക്തരാക്കൽ ഹർജി പരിഗണിക്കുന്നത്. ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബാലചന്ദ്രമേനോനാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്.
സർക്കാരിന്റെ കേസ് പിൻവലിക്കൽ ഹർജി തള്ളിയ സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി തള്ളിയ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതികൾ വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു. സഭയിലെ കൈയാങ്കളിക്ക് സാമാജികർക്ക് പരിരക്ഷയില്ലെന്നും വിചാരണ നേരിടണമെന്നും ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ തള്ളിക്കൊണ്ട് ജൂലൈ 28 ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു.
പിൻവലിക്കൽ ഹർജി തള്ളിയ സിജെഎം കോടതി വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്താൻ പ്രതികളോട് ഹാജരാകാൻ അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണ് പ്രതികൾ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. അതേ സമയം സർക്കാർ ക്രിമിനൽ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ പ്രതികൾ പറയേണ്ട വാദമാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
നിയമം നിർമ്മിക്കുന്ന ജനപ്രതിനിധികൾ ക്രിമിനൽ നിയമത്തിൽ നിന്ന് പരിരക്ഷ അവകാശപ്പെടുന്നത് അവരിലുള്ള വിശ്വാസം നശിപ്പിക്കലാകുമെന്നും സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ പ്രതികൾക്ക് മറ്റേതൊരു പൗരനെയും പോലെ ക്രിമിനൽ നിയമം ബാധകമാണ്. സാമാജികർക്ക് പ്രത്യേക അവകാശവും പരിരക്ഷയും നൽകുന്നത് അവരെ മറ്റുള്ളവർക്ക് മുകളിലാക്കാനല്ല. മറിച്ച് സ്വതന്ത്രമായി കടമകൾ നിർവഹിക്കാനാണ്.
സഭക്കകത്തെ കുറ്റങ്ങൾക്ക് അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല. സഭയ്ക്കകത്തെ സംഭവങ്ങളുടെ വീഡിയോ റെക്കോർഡിംഗുകൾ സഭാ നടപടികളുടെ ഭാഗമല്ല. അതിന് നിയമ പരിരക്ഷയുമില്ല. സാമാജികരുടെ പരിരക്ഷ സംബന്ധിച്ച ഭരണഘടനാ വകുപ്പിനെ തെറ്റായി മനസ്സിലാക്കിയാണ് വിചാരണ പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. സാമാജികർ ക്രിമിനൽ നിയമത്തിന് അതീതരാണെന്ന തോന്നലുളവാക്കുന്ന നടപടിയാണിത്. ബാഹ്യ പ്രേരണ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ പ്രോസിക്യൂട്ടർ ബാധ്യസ്ഥനാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
മന്ത്രിമാരായ ഇ. പി.ജയരാജനും കെ.റ്റി. ജലീലും അടക്കമുള്ള പ്രതികൾ തങ്ങൾക്കെതിരായ കേസ് അടിസ്ഥാന രഹിതമാണെന്ന് കാണിച്ചാണ് വിടുതൽ ഹർജി സമർപ്പിച്ചത്. ഹർജിയിൽ സർക്കാർ നിലപാട് 2020 നവംബർ 21 ന് ബോധിപ്പിക്കാൻ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ 239 വകുപ്പ് പ്രകാരമുള്ള കുറ്റവിമുക്തരാക്കൽ ഹർജിയിലാണ് സർക്കാർ നിലപാടറിയിക്കേണ്ടത്. പ്രതികൾ വരുത്തിയ നാശ നഷ്ടത്തിന്റെ ആനുപാതിക തുകയായ 35,000 രൂപയുടെ ബോണ്ടിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെല്ലാവരും തുക കെട്ടി വച്ചതിനെ തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.
കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാർ വിചാരണക്കോടതിയിൽ ഹാജരാകാനും വിചാരണ നേരിടാനും ഭയപ്പെടുന്നതെന്തിനെന്നും ഹൈക്കോടതി ഒക്ടോബർ 27 ന് സർക്കാരിനോട് ചോദിച്ചിരുന്നു. പ്രതികൾ ഒക്ടോബർ28 ന് ഹാജരാകാൻ സിജെഎം കോടതി അന്ത്യശാസനം നൽകിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തും കീഴ്‌ക്കോടതിയിൽ ഹാജരാകാൻ ഉള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സ്റ്റേ ആവശ്യം തള്ളുകയും ചെയ്തു. തുടർന്നാണ് പ്രതികൾ വിടുതൽ ഹർജിയുമായി രംഗത്തെത്തിയത്.
ശിവൻകുട്ടിയടക്കം 4 പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തിരുന്നു. വിചാരണ കോടതിയിലാണ് പ്രതികൾ കീഴടങ്ങി ജാമ്യ ഹർജി സമർപ്പിച്ചത്. ഒന്നാം പ്രതി കെ.അജിത്, രണ്ടാം പ്രതി കുഞ്ഞമ്പു മാസ്റ്റർ , നാലാം പ്രതി സി.കെ.സദാശിവൻ , അഞ്ചാം പ്രതി വി.ശിവൻകുട്ടി എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. നാലു പ്രതികൾക്കും 35,000 രൂപ വീതമുള്ള പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള 2 ആൾ ജാമ്യ ബോണ്ടിന്മേലുമാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി മന്ത്രി ഇ.പി.ജയരാജനും ആറാം പ്രതി മുൻ മന്ത്രി കെ.റ്റി. ജലീലും ഹാജരാകാൻ സമയം തേടി അപേക്ഷ സമർപ്പിച്ചു. ആറു പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാൻ മുൻ സിജെഎം ജയകൃഷ്ണൻ ഉത്തരവിട്ടിരുന്നു.
മന്ത്രി ജയരാജനടക്കമുള്ള പ്രതികൾ ചെയ്തത് ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റം. കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും. കുറ്റ സ്ഥാപനത്തിൻ മേൽ 1984 ൽ നിലവിൽ വന്ന പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 (ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തൽ) പ്രകാരം 2 വർഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാർഹരാണ്.കൂടാതെ വകുപ്പ് 447 ( വസ്തു കൈയേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാർഹരാണ്.

