ന്യൂഡൽഹി: സൂര്യനെല്ലി കേസിലെ മുഖ്യ പ്രതി എസ്. ധർമരാജന് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കേസിലെ കൂട്ടുപ്രതികൾക്ക് അടക്കം ജാമ്യം ലഭിച്ചെന്ന ധർമരാജന്റെ വാദം കണക്കിലെടുത്തും പത്തു വർഷത്തിലധികം ജയിലിൽ കഴിഞ്ഞ കേസിലെ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതും കണക്കിലെടുത്താണ് ജാമ്യം നൽകിയത്. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച ധർമരാജൻ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ജസ്റ്റീസ്മാരായ സഞ്ജയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് ധർമ്മരാജന് വേണ്ടി ഹാജരായ അഭിഭാഷകൻ പി.എസ്. സുധീർ ആവശ്യപ്പെട്ടു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധർമ്മരാജൻ നിലവിൽ പത്ത് വർഷവും ഒൻപതു മാസവും ജയിലിൽ കഴിഞ്ഞതായും സുധീർ ചൂണ്ടിക്കാട്ടി. കൂട്ടബലാത്സംഗ കേസിലെ പ്രതിയായ ധർമ്മരാജന് പരോളിന് അർഹതയില്ലെന്നും ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും കേരള സർക്കാർ വാദിച്ചു.

1996ലായിരുന്നു കേരളത്തെ ഞെട്ടിച്ച സൂര്യനെല്ലി സംഭവം. ഇടുക്കി സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകുകയും തുടർന്നുള്ള 40 ദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് പ്രതികൾ ശിക്ഷ അനുഭവിക്കുന്നത്.കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ 25 പേർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ 16 പേരുടെ ശിക്ഷ കാലവധി പൂർത്തിയായി.