ന്യൂഡൽഹി: ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്താത്തതിന് പ്രമുഖ പാർട്ടികൾക്ക് സുപ്രീം കോടതി പിഴ ശിക്ഷ വിധിച്ചു. ബിജെപിയും കോൺഗ്രസും സിപിഎമ്മും അടക്കം ഒമ്പതു പാർട്ടികൾക്കാണ് കോടതി പിഴയിട്ടത്. മത്സരിച്ച സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് രേഖകൾ പരസ്യമാക്കാത്തതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ വർഷം ബിഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാതിരുന്നതിന് കോൺഗ്രസിനും ബിജെപിക്കും മറ്റ് അഞ്ചു പാർട്ടികൾക്കും ഒരു ലക്ഷം രൂപയാണ് പിഴ ശിക്ഷിച്ചത്. സിപിഎമ്മിനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്കും (എൻസിപി) 5 ലക്ഷം രൂപയാണു പിഴ. ഇരുപാർട്ടികളും കോടതിയിൽ ഖേദം പ്രകടിപ്പിച്ചു.

ഭാവിയിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുന്നതിൽ പാർട്ടികൾ ജാഗ്രത പാലിക്കണമെന്നും കോടതി മുന്നറിയിപ്പു നൽകി. വോട്ടർമാർക്കു വിവരങ്ങൾ പെട്ടെന്നു ലഭിക്കുന്ന തരത്തിൽ മൊബൈൽ ആപ്പ് നിർമ്മിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയെ സ്ഥിരീകരിച്ച് 48 മണിക്കൂറിനുള്ളിൽ ക്രമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്താത്ത രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2020ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാത്ത പാർട്ടികൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും, എംഎ‍ൽഎ മാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. എംപിമാരും എം.എൽ,എമാരും പ്രതികളായ ക്രിമിനൽ കേസുകളുടെ വിചാരണ വേഗത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമിക്കസ്‌ക്യൂറി വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

'ബന്ധപ്പെട്ട ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാർക്കോ എംഎ‍ൽഎമാർക്കോ എതിരെയുള്ള കേസുകൾ പിൻവലിക്കരുതെന്ന് നിർദ്ദേശിക്കുന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു,'' സുപ്രീംകോടതി പറഞ്ഞു.