- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണമൂല സുനിൽ ബാബു കൊലക്കേസ്: കള്ള സാക്ഷ്യം നൽകിയ സാക്ഷികളെ പ്രതിയാക്കിയ കേസിൽ വിചാരണ തുടങ്ങി; കൂറു മാറിയവർക്ക് എതിരെ കേസെടുത്തത് കോടതി നേരിട്ട്

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രബല ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയിൽ നടന്ന കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷികൾക്കെതിരെ വിചാരണ തുടങ്ങി. കൂറുമാറിയ സാക്ഷികളെ കള്ള തെളിവ് നൽകിയ കുറ്റത്തിന് പ്രതികളാക്കി കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് വിചാരണ നടപടികൾ തുടങ്ങിയത്.
കൊലക്കേസിൽ കൂറുമാറുന്നത് 7 വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസ് വിചാരണയിൽ സത്യം പറയേണ്ട സാക്ഷികൾ പൗരധർമ്മം മറന്ന് ക്രിമിനൽ നടപടിക്രമങ്ങളിൽ കൂറു മാറുന്നത് വർദ്ധിച്ചു വരുന്ന ഇപ്പോഴത്തെ ട്രെൻഡായി മാറിയിരിക്കുകയാണെന്നും ഇത്തരം പ്രവണതകൾ നീതി നിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുമെന്ന ഉൽക്കണ്ഠയും കോടതി രേഖപ്പെടുത്തി. യഥാർത്ഥ മൊഴിയിൽ നിന്ന് കൂറുമാറുന്നത് നീതിന്യായ സംവിധാനത്തെ മലീമസമാക്കാൻ ശ്രമിക്കലാണെന്നും നിരീക്ഷിച്ചാണ് കോടതി കേസെടുത്തത്.
ഗുണ്ടാ കുടിപ്പകയിൽ പുത്തൻപാലം രാജേഷിന്റെ അനുയായികൾ ഡിനി ബാബുവിന്റെ സഹോദരൻ സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് കള്ള സാക്ഷ്യത്തിന് കോടതി സ്വമേധയാ കേസെടുത്തത്. കൂറു മാറിയ സാക്ഷികളായ കടകംപള്ളി വില്ലേജിൽ അണ മുഖം വാർഡിൽ കുമാരപുരം ചെന്നിലോട് കല്ലറ കളിയിൽ വീട്ടിൽ ഗോപൻ മകൻ അനു , വിശ്വനാഥൻ മകൻ വിഷ്ണു , ദിലീപ് മകൻ നിഖിൽ കുമാർ എന്നിവരെ പ്രതികളാക്കിയാണ് കോടതി നേരിട്ട് കേസെടുത്തത്.
2015 ൽ സിറ്റി മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ നടന്ന സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് ഗൂഢാലോചന ഭാഗം തെളിയിക്കാനുള്ള ഏഴാം സാക്ഷിയായ വിഷ്ണു , 11 -ാം സാക്ഷി നിഖിൽ കുമാർ , 20 -ാം സാക്ഷി അനു എന്നിവർ പൊലീസ് മൊഴിയും മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യമൊഴിയും വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നത്. മൂന്നു പേരുടെയും രഹസ്യമൊഴി കൊലക്കേസ് വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗം 7 , 10 , 19 എന്നീ നമ്പരുകളായി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചിരുന്നു. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി രഹസ്യമൊഴി വിചാരണയിൽ തിരുത്തി കൂറുമാറുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ കേസ്.
.
പുത്തൻപാലം രാജേഷിന്റെ കൂട്ടാളികളായ പ്രതികളുടെ വെട്ടേറ്റ സുനിൽ ബാബു പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പിന്തുടർന്നെത്തിയ അക്രമികൾ വെട്ടിവീഴ്‌ത്തുകയായിരുന്നു. സംഭവ സമയം രാജേഷ് ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ സെൻട്രൽ ജയിലിൽ പാർക്കുകയായിരുന്നു. രാജേഷിന്റെ സംഘാംഗങ്ങളെ ഡിനി ബാബുവിന്റെ സംഘം ആക്രമിച്ചതാണ് വിരോധ കാരണമെന്നാണ് കേസ്.
സി ഐ റ്റി യു ഹെഡ് ലോഡ് വർക്കറായ സുനിൽ ബാബു കൊലക്കേസിൽ കണ്ണമ്മൂല സ്വദേശികളായ രാജൻ എന്ന സിജിത്ത് (32) , ഗബ്രി എന്ന അരുൺ (26) , കിച്ച എന്ന വിനീത് (26) , മാലിയെന്നും അനീഷെന്നും വിളിക്കുന്ന അരുൺ (26) , കാരി ബിനു എന്ന ബിനു , കള്ളൻ സജു എന്ന സജു , പൊറി സജി എന്ന സജി , കൊപ്ര സുരേഷ് എന്ന സുരേഷ് , പ്രവീൺ എന്നിവർക്കെതിരെ 2016 ലാണ് മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടർ ഷീൻ തറയിൽ കുറ്റപത്രം സമർപ്പിച്ചത്.
2018 ൽ നടന്ന വിചാരണക്കൊടുവിൽ ആദ്യ നാല് പ്രതികൾക്ക് വിചാരണ കോടതിയായ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കൊലപാതകം , ഗൂഢാലോചന , കഠിന ദേഹോപദ്രവം എന്നീ കുറ്റങ്ങൾക്ക് ഇരട്ട ജീവപന്ത്യവും 10 വർഷം കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. കൂടാതെ 2 ലക്ഷം രൂപ പിഴയൊടുക്കാനും ജഡ്ജി പി.എൻ. സീത ശിക്ഷ വിധിച്ചു. 5 മുതൽ 8 വരെയുള്ള പ്രതികൾക്ക് ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.

