കൊച്ചി: കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകൾ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ടാം ഡോസ് വാക്സിന് അനുമതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് നൽകിയ ഹർജിയിലാണ്, സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിൻ ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്ന നേരത്തെ സർക്കാർ അറിയിച്ചിരുന്നു. അങ്ങനെയെങ്കിൽ വിദേശത്തു പോവുന്നവർക്ക് എങ്ങനെയാണ് ഇളവ് അനുവദിക്കുന്നതെന്ന് കോടതി ആരാഞ്ഞു. വിദേശത്തു പോവുന്നവർക്കുള്ള ഇളവ് അടിയന്തര സാഹചര്യം പരിഗണിച്ചാണെന്ന് സർക്കാർ വിശദികരിച്ചു. കേസിൽ ഹൈക്കോടതി ഇന്നു വിധി പറയും.

കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്. 93 ലക്ഷം രൂപ ചെലവിൽ കോവിഷീൽഡ് വാക്സിൻ വാങ്ങി വെച്ചിട്ടും, കുത്തിവയ്‌പ്പിന് അനുമതി നൽകാത്തത് നീതി നിഷേധമാണെന്നാണ് ഹർജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു.

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാൽ നാലുമുതൽ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യത്തെ മാഗനിർദ്ദേശം. പിന്നീടിത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോൾ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം.